ഖത്തറിലെ സാമൂഹിക പ്രതിബദ്ധതയുള്ള ആറ് വനിതകൾ ചേർന്ന് നിർമിച്ച മണൽ പക്ഷികൾ പ്രവാസി കുടുംബങ്ങൾക്ക് ഒരുണർത്തുപാട്ടാണ്. ജീവിതത്തിന്റെ വ്യത്യസ്ത മുഹൂർത്തങ്ങളിൽ പലപ്പോഴും ജാഗ്രത നഷ്ടപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ ഏത് സമയവും കണ്ണും കാതും തുറന്നുവെച്ച് തങ്ങളുടെ കുട്ടികളെയും കുടുംബങ്ങളെയും ചേർത്തുനിർത്താൻ ആഹ്വാനം ചെയ്യുന്ന ചിത്രം ചിന്താപരമായും വൈകാരികമായും ഒട്ടേറെ യാഥാർഥ്യങ്ങളെ അടിവരയിടുന്നതാണ്. തിന്മയുടെ ശക്തികളെ തിരിച്ചറിയുകയും അത്തരം കൂട്ടുകെട്ടുകളിൽ നിന്നു അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സാഹചര്യങ്ങളുടെ സമ്മർദം ചുവട് പിഴക്കുന്നത് ഏറെ ശ്രദ്ധിക്കണം. വഴിപിഴപ്പിക്കാനും നശിപ്പിക്കാനും കഴുകൻ കണ്ണുകളോടെ അവസരം പാർത്തിരിക്കുന്നവരെ കാണാതിരുന്നാൽ ജീവിതം ദുരന്തമാകും. ജീവിതത്തിന്റെ വ്യത്യസ്ത വ്യവഹാരങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചിത്രം ഓർമപ്പെടുത്തുന്നു.
ധാർമിക നൈതിക മൂല്യങ്ങളും കുടുംബ ബന്ധങ്ങളുടെ ആർദ്രതയും അടിവരയിടുന്ന ചിത്രം മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വശങ്ങളും ഊന്നിപ്പറയുന്നുണ്ട്. നമ്മുടെ കണക്കുകൂട്ടലുകൾപ്പുറമാണ് പലപ്പോഴും മനസ്സിന്റെ കളി. ആ കളിയെ നിയന്ത്രിക്കുക എത്ര എളുപ്പമാവില്ല. എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ടാൽ ജീവിതം തന്നെ തകിടം മറിയും. യാത്ര, സഞ്ചാരം, അനുഭവം എന്നിവയിൽ നിന്നൊക്കെ നല്ല പാഠങ്ങൾ പകർത്തി ജീവിതം ചേതോഹരമാക്കണമെന്നാണ് ചിത്രം ഉദ്ഘോഷിക്കുന്നത്.
റോസ്പെറ്റൽസ് ഫിലിംസിന്റെ ബാനറിൽ സുജിന സിബിൻ, വിജിത്ര ബൈജു, മിനു ജോണി, നസീമ ഷാഫി, സെലിൻ സെബി, സുചിത്ര നാരായണൻ എന്നിവരാണ് ചിത്രം നിർമിച്ചത്. സ്ത്രീ ശാക്തീകരണത്തിനും കൂട്ടായ്മക്കും ശക്തി പകരുന്ന ഈ ഉദ്യമം സാമൂഹിക നവോത്ഥാനത്തിൽ സ്ത്രീകളുടെ പങ്കും അടയാളപ്പെടുത്തും. നിർമാണം മാത്രമല്ല, ചിത്രത്തിന്റെ അണിയറ ഒരുക്കങ്ങളിലെല്ലാം ടീം റോസ് പെറ്റൽസ് എന്ന സ്ത്രീ കൂട്ടായ്മയുടെ കൈയൊപ്പും സജീവ പങ്കാളിത്തവുമുണ്ട് എന്നത് ഈ ചിത്രത്തെ ഏറെ സവിശേഷമാക്കുന്നു. ടീം റോസ് പെറ്റൽസും മക്കളും കുടുംബവുമെല്ലാം ചിത്രത്തോടൊപ്പം സഞ്ചരിച്ചപ്പോൾ അതൊരു മറ്റൊരു അമൂല്യ മുഹൂർത്തമായി. അഭിനയിച്ചും അഭിനയിപ്പിച്ചും സാമൂഹ്യ നവോത്ഥാനത്തിന്റെ വികാരങ്ങൾക്ക് കരുത്ത് പകർന്ന ഈ കൂട്ടായ്മ എല്ലാ നിലക്കും പ്രശംസയർഹിക്കുന്നു.
പൂർണമായും ഖത്തറിൽ ചിത്രീകരിച്ച മലയാള സിനിമ എന്നതോടൊപ്പം ഖത്തറിൽ നിന്നും കൂടുതലാളുകൾ അഭിനയിച്ച സിനിമ എന്നതും മണൽ പക്ഷികളുടെ പ്രത്യേകതയാകും. ഏകദേശം രണ്ട് മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തിൽ മൂന്ന് പാട്ടുകളാണുള്ളത്. മനു മഞ്ജിത്തിന്റെ വരികൾക്ക് മിഥുൻ ജയരാജാണ് സംഗീതം പകർന്നിരിക്കുന്നത്.
ഖത്തറിലെ റഹീപ് മീഡിയ ഡയറക്ടർ ഷാഫി പാറക്കലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ എസ്.എസ്. ബുജുരാജ്, ഛായാഗ്രഹണം ജിസിബിൻ സെബാസ്റ്റ്യൻ, എഡിറ്റർ ഗ്രേയ്സൺ, ബിജിഎം.രമേശ് ഒറ്റപ്പാലം, പ്രൊഡക്ഷൻ കൺട്രോളർ സഫീർ എളവള്ളി, പ്രൊഡക്ഷൻ ഡിസൈനർ ഫാത്തിമ സഫീർ, അസോസിയേറ്റ് ഡയറക്ടർ ബിലാൽ അഷ്റഫ്, കളറിസ്റ്റ് ജിതിൻ കുമ്പുക്കാട്ട് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. റഹീപ് മീഡിയ യാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
നാളെ (ഒക്ടോബർ 12 ന്) റിലീസിനൊരുങ്ങുന്ന സിനിമയുടെ ടിക്കറ്റുകൾ ക്യൂ ടിക്കറ്റ്സ് അല്ലെങ്കിൽ നോവോ ഖത്തർ വെബ്സൈറ്റ് എന്നിവിടങ്ങളിൽ ലഭ്യമാവും.






