കൈരളി കൾച്ചറൽ ഫോറം കൃഷിമന്ത്രി പി. പ്രസാദിന് നിവേദനം നൽകി

ദോഹ- ഹ്രസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ കേരള കൃഷികാര്യ വകുപ്പ് മന്ത്രി പി. പ്രസാദിന് പത്തനംതിട്ട ജില്ലയിലെ കർഷകരുടെയും പൊതുജനങ്ങളുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൈരളി കൾച്ചറൽ ഫോറം നിവേദനം നൽകി. 
നെൽ കർഷകന്റെ നെല്ല് സംഭരിച്ചു കഴിഞ്ഞാൽ അതിന്റെ പ്രതിഫലം കാലതാമസം കൂടാതെ എത്രയും വേഗം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. 
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ കൃഷിയിടങ്ങളിൽ വന്യജീവികളുടെ ആക്രമണം ദിനംപ്രതി വർധിച്ചു വരുന്നു. ഇതിനു പരിഹാരം ഉണ്ടാക്കാൻ വനം വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കണം. മലയോര മേഖലയിലെ പട്ടയ ഭൂമിയിൽ ഉള്ള തേക്ക് മരങ്ങൾ വെട്ടിയെടുത്തു ഉപയോഗിക്കാൻ വസ്തുവിന്റെ ഉടമസ്ഥന് അനുവാദം നൽകണം. അല്ലെങ്കിൽ അതിനുള്ള നിയമം നിർമിക്കുക. 2018 ഡിസംബർ 27 നു നിർമാണം തുടങ്ങിയ തിരുവല്ല-കുമ്പഴ റോഡിൽ കോഴൻചേരിയിൽ പണിയുന്ന പാലത്തിന്റെ പണി എത്രയും വേഗം പൂർത്തീകരിക്കാൻ ഉള്ള നടപടികൾ സംസ്ഥാന ഗവൺമെന്റിനെ കൊണ്ട് നടപ്പിലാക്കുക. 
തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ ഭാഗമായ അപ്പർ കുട്ടനാടൻ മേഖലയിലെ പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം, കുറ്റൂർ പഞ്ചായത്തുകളിൽ അടിക്കടിയുണ്ടാകുന്ന പ്രളയത്തിനു ശാശ്വത പരിഹാരത്തിന് കേരള സംസ്ഥാന ഗവൺമെന്റിൽ നിന്നു നടപടി ഉണ്ടാക്കുക തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ.
കൈരളി കൾച്ചറൽ ഫോറത്തിന് വേണ്ടി തോമസ് കുര്യൻ നെടുംതറയിൽ, ബെന്നി ജോർജ് താമരശ്ശേരിൽ, മിജു ജോർജ് ജേക്കബ്, രാജു വർഗീസ് പാട്ടത്തിൽ, ജീമോൻ കെ. മാത്യു, ബിജോ ഫിലിപ്പ്, തോമസ് എബ്രഹാം എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Tags

Latest News