അഡ്ജസ്റ്റ് ചെയ്യാന്‍ തയാറായവര്‍ സിനിമയില്‍ പിടിച്ചു നിന്നു-കനി 

മലയാള സിനിമയില്‍ നിന്നും തമിഴില്‍ നിന്നും തനിക്കു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി കനി കുസൃതി. ഒരു സിനിമയില്‍ നായികയായി കാസ്റ്റ് ചെയ്തതിന് ശേഷം ആണ് തന്നെ മാറ്റിയതെന്നു തുറന്ന് പറയുകയാണ് കനി. ഒരു മാസികയിലെ അഭിമുഖത്തിലാണ് കനിയുടെ തുറന്നുപറച്ചില്‍ .
'പേര് പറയേണ്ട എന്നത് എന്റെ എത്തിക്‌സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. പിന്നെ കോള്‍ വന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ രാവിലെ പത്തു മണിക്ക് സംസാരിക്കാം എന്ന് പറഞ്ഞു. രാത്രിയുള്ള കോളുകള്‍ക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. പിന്നെ കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല.
എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല. ഇന്‍ഡസ്ട്രിയില്‍ നല്ല ആള്‍ക്കാരുമുണ്ട്. സ്‌കൂള്‍ കഴിഞ്ഞ കാലത്ത് തന്നെ സിനിമയില്‍ അവസരം വരുമായിരുന്നു. അന്ന് ലാന്‍ഡ്‌ഫോണില്‍ വിളിച്ച് സംവിധായകന് കുറച്ച് അഡ്ജസ്റ്റ്‌മെന്റ് വേണം എന്നൊക്കെ പറയുമ്പോള്‍ എന്താണ് പറയുന്നത് എന്ന് പോലും മനസ്സിലാകുക പോലും ഇല്ലായിരുന്നു. സിനിമ എന്ന് കേട്ടാല്‍ തന്നെ പേടിയായിരുന്നു' കനി പറഞ്ഞു.

Latest News