റിയാദ്- തലസ്ഥാന നഗരിയിലെ ഒരു പെട്രോള്‍ പമ്പിനോട് ചേര്‍ന്ന എടിഎം മെഷീനില്‍ പണം നിറക്കുന്നതിനിടെ തോക്ക് ചൂണ്ടി പത്ത് ലക്ഷം റിയാല്‍ കൊള്ള നടത്തിയ രണ്ടുപേരില്‍ ഒരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ മരിച്ചു. റിയാദില്‍ ഇന്നലെയാണ് സംഭവം.
— (@saad_Alhowemil) October 10, 2023
ബാങ്കിന്റെ എടിഎം മെഷീനില്‍ മണി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ പണം നിറക്കുകയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനം തൊട്ടടുത്ത് നിര്‍ത്തിയിട്ടുണ്ട്. അതിനിടെ മെഷീനിന്റെ മറുഭാഗത്ത് വന്ന് നിര്‍ത്തിയ കാറില്‍ നിന്ന് മുഖം മൂടിയണിഞ്ഞ രണ്ടുപേര്‍ പുറത്തിറങ്ങി. എടിഎം മെഷീനിന്റെ അടുത്തെത്തി അവര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് അവരുടെ കാറില്‍ വെച്ചു. പണം വിട്ടുതരാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ രണ്ടുപേരും തോക്കുചൂണ്ടി ഭയപ്പെടുത്തി കാറില്‍ കടന്നുകളഞ്ഞു.
കവര്‍ച്ച നടന്ന വിവരം ലഭിച്ചയുടന്‍ കുറ്റവാളികളെ പിന്തുടരുകയും അവരുടെ വാഹനം നിരീക്ഷിക്കുകയും ചെയ്തതായി പൊതുസുരക്ഷ വകുപ്പ് വക്താവ് പറഞ്ഞു. അതിനിടെ അവര്‍ സഞ്ചരിച്ച വാഹനം കേടായി. തൊട്ടുപിറകെ വന്ന വാഹനത്തിന്റെ ഡ്രൈവറെ വെടിവെച്ച് പരിക്കേല്‍പ്പിച്ച് ആ വാഹനവുമായി കടന്നുകളയാനുള്ള ശ്രമത്തിനിടെ ഇവരെ പോലീസ് വെടിവെക്കുകയായിരുന്നു. അവര്‍ തിരിച്ചുവെടിവെക്കുകയും ചെയ്തു. വെടിവെപ്പില്‍ കവര്‍ച്ചക്കാരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കവര്‍ച്ച ചെയ്ത പണം ഇവരില്‍ നിന്ന് കണ്ടെടുത്തു. പരിക്കേറ്റയാള്‍ ചികിത്സയിലാണ്.
— (@saad_Alhowemil) October 10, 2023
ആയുധധാരികളായ കവര്‍ച്ചക്കാരെ പിന്തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെ കീഴടക്കിയ പോലീസ് ഉദ്യോഗസ്ഥരെ അല്‍ഹുകും കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി റിയാദ് ഡെപ്യുട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ അഭിനന്ദിച്ചു. റിയാദ് പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ നാസര്‍ ബിന്‍ മന്‍സൂര്‍ അല്‍ ഉതൈബി, സുരക്ഷാ പട്രോളിംഗ് ഡയറക്ടര്‍ കേണല്‍ സുല്‍ത്താന്‍ ബിന്‍ മിശാരി ബിന്‍ സരീബാന്‍ എന്നിവരടക്കം ഏതാനും സുരക്ഷാഉദ്യോഗസ്ഥരെയാണ് കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തിയത്.