മസ്തിഷ്‌ക മരണം സംഭവിച്ച കുട്ടിയുടെ വൃക്ക മുതിർന്ന രോഗിയിലേക്ക് മാറ്റി ഹമദ് ജനറൽ ആശുപത്രി

ദോഹ- മസ്തിഷ്‌ക മരണം സംഭവിച്ച കുട്ടിയിൽ നിന്ന് മുതിർന്ന രോഗിയിലേക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ഹമദ് ജനറൽ ആശുപത്രി. 
ഹമദ് ജനറൽ ആശുപത്രി സിദ്ര മെഡിസിനുമായി സഹകരിച്ചാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു കുട്ടിയിൽ നിന്ന് 48 വയസ്സുള്ള മുതിർന്ന രോഗിക്ക് വൃക്ക മാറ്റിവെക്കുന്നതായിരുന്നു ശസ്ത്രക്രിയ.
ഖത്തറിലെ അവയവം മാറ്റിവയ്ക്കൽ പദ്ധതി വിപുലീകരിക്കാനും വികസിപ്പിക്കാനുമാണ് ഇരു സംഘടനകളും തമ്മിലുള്ള ഈ സഹകരണം ലക്ഷ്യമിടുന്നതെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും എച്ച്എംസിയിലെ കിഡ്‌നി ട്രാൻസ്പ്ലാന്റ് വിഭാഗം മേധാവിയുമായ ഡോ. യൂസഫ് അൽ മസ്ലമാനി വിശദീകരിച്ചു.
എച്ച്എംസിയും സിദ്ര മെഡിസിനും തമ്മിൽ അടുത്തിടെ ഒപ്പുവച്ച സഹകരണ കരാറിന്റെ ഫലമാണ് ഈ ശസ്ത്രക്രിയ. സിദ്രയിലെ ദാതാക്കളിൽ നിന്ന് അവയവങ്ങൾ ലഭ്യമാക്കാൻ ഹമദ് ജനറൽ ഹോസ്പിറ്റലിനെ കരാർ അനുവദിക്കുന്നു. പ്രത്യേകിച്ച് അവയവം മാറ്റിവയ്ക്കൽ ആവശ്യമായ അടിയന്തര സന്ദർഭങ്ങളിലെന്ന് അൽ മസ്ലമാനി പറഞ്ഞു.
മസ്തിഷ്‌കമരണം സംഭവിച്ച കുട്ടിയുടെ കുടുംബം കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചയുടൻ വൃക്കകളുടെയും മറ്റ് അവയവങ്ങളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഹമദ് ജനറൽ ആശുപത്രി നിന്നുള്ള ഒരു മെഡിക്കൽ സംഘം ഉടൻ തന്നെ സിദ്ര മെഡിസിനിലേക്ക് പോവുകയായിരുന്നുവെന്ന് സിദ്ര മെഡിസിനിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. അബൂബക്കർ ഇമാം പറഞ്ഞു. 
മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഡാറ്റ ഉപയോഗിച്ച് സ്വീകർത്താവിന്റെ രക്തഗ്രൂപ്പും ജനിതക പ്രൊഫൈലും ഉപയോഗിച്ച് വൃക്കകളുടെ അനുയോജ്യത സ്ഥിരീകരിച്ച ശേഷം, ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയ അതേ ദിവസം തന്നെ നടത്തി. 
ശസ്ത്രക്രിയ ഏകദേശം 8 മണിക്കൂർ നീണ്ടുനിന്നു. ഏഴു വർഷത്തോളമായി കിഡ്‌നി തകരാറിലായ താൻ അൽ ഖോർ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായിരുന്നുവെന്ന് സ്വീകർത്താവ് വെളിപ്പെടുത്തി.

Tags

Latest News