പ്രായം 45ന് മുകളിലേക്ക് കയറുമ്പോഴായിരുന്നു കണ്ണുകളെ തിമിരം ബാധിച്ചിരുന്നതെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. പൊതുവെ അങ്ങനെ തന്നെയായിരുന്നു കാര്യങ്ങള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അത്ര ശുഭകരമായ വാര്‍ത്തയല്ല.
കോവിഡ് വ്യാപനം കഴിഞ്ഞതിന് പിന്നാലെ 45 വയസില്‍ താഴെയുള്ളവരില്‍ തിമിരം വ്യാപകമായി പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് ദല്‍ഹിയിലെ ചില നേത്രരോഗ ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡിന്റെ അനന്തരഫലമാണ് ഇതെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.
കണ്ണിന്റെ ലെന്‍സില്‍ മങ്ങലുണ്ടാകുന്ന അവസ്ഥയാണ് തിമിരം. രക്താതിസമ്മര്‍ദം, എസീമ, പ്രമേഹം, സ്റ്റിറോയ്ഡുകളുടെ സ്ഥിരമായ ഉപയോഗം, കണ്ണിനുണ്ടായിട്ടുള്ള ക്ഷതം, പാരമ്പര്യം എന്നിവയാണ് തിമിരത്തിനു പ്രധാന കാരണങ്ങള്‍. എങ്കിലും ഇവയെല്ലാം പ്രായം കൂടുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടാറാണ് പതിവ്.
അടുത്ത കാലത്തായി തിമിര ശസ്ത്രക്രിയ നടത്തുന്നവരുടെ എണ്ണത്തില്‍ 45 താഴെ പ്രായമുള്ളവര്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിമിര ശസ്ത്രക്രിയകളില്‍ 15 ശതമാനമാണ് 45 വയസ്സില്‍ താഴെയുള്ളവരുടേതാണ് എന്നാണ് സെന്റര്‍ ഫോര്‍ സൈറ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സിന്റെ ചെയര്‍മാനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. മഹിപാല്‍ എസ്. സച്ച്‌ദേവ് വിശദമാക്കുന്നത്. ഇത്തരം ശസ്ത്രക്രിയകളില്‍ 25 ശതമാനവും 50 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് നടത്തുന്നത്.
കോവിഡ് ബാധിച്ചവര്‍ക്ക് നല്‍കിയ ഉയര്‍ന്ന ഡോസിലുള്ള സ്റ്റിറോയ്ഡ് ചികിത്സയാകാം പ്രായം കുറഞ്ഞവരില്‍ തിമിരം പ്രത്യക്ഷപ്പെടാന്‍ കാരണമെന്ന വിലയിരുത്തലും വിദഗ്ധരിലുണ്ട്. തിമിരത്തിലേക്ക് നയിക്കുന്ന രണ്ട് പ്രധആന സംഗതികളാണ് വെള്ളെഴുത്തും പ്രമേഹവും. ഇവ രണ്ടും ഇപ്പോള്‍ പ്രായം കുറഞ്ഞവരിലും കൂടുതലായി കണ്ടുവരുന്നുണ്ട്.
ലോകത്താകമാനമുള്ള കണക്കുകള്‍ പ്രകാരം തിമിരം കൂടുതല്‍ കാണുന്നത് 60 വയസിനു മുകളില്‍ പ്രായമുള്ളവരിലാണ്. ഈ കണക്ക് ഇന്ത്യയിലെത്തുമ്പോള്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരെന്ന് ചുരുങ്ങുന്നു. അതും കുറഞ്ഞ് കോവിഡാനന്തരം 45 വയസ്സില്‍ താഴേക്കാണ് രോഗം വര്‍ധിക്കുന്നത്.