ദോഹ - ഖത്തർ കെ.എം.സി.സി മുൻ നേതാവ് എടയാടി ബാവ ഹാജി (72) നാട്ടിൽ നിര്യാതനായി. മുസ്‌ലിം ലീഗ് നേതാവും ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്ന ബാവഹാജി ഇന്നലെ രാത്രിയാണ് നിര്യാതനായത്.
പ്രവാസം മതിയാക്കി വിശ്രമജീവിതം നയിക്കുന്നതിനിടെ, ക്യാൻസർ ബാധിച്ച ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ചികിൽസയിലായിരുന്നു. ഖത്തറിൽ കെ.എം.സി.സി സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചവരിൽപെട്ട അദ്ദേഹം നാല് പതിറ്റാണ്ടിലേറെ കാലം സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളിൽ സജീവമായിരുന്നു. അറുപത് പിന്നിട്ടപ്പോഴും യുവാവിന്റെ പ്രസരിപ്പോടെ സംഘടനാ വേദികളിൽ ആവേശം വിതറിയ നേതാവായിരുന്നുവെന്നും സദാ സമയം സുസ്‌മേര വദനനായും ഊർജസ്വലനായും പ്രവർത്തന രംഗത്ത് നിറഞ്ഞ് നിന്നിരുന്നുവെന്നും സഹപ്രവർത്തകർ അനുസ്മരിച്ചു. കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
ഫാത്വിമയാണ് ഭാര്യ. ഉസ്മാൻ, ശറഫുദ്ധീൻ, സലീന, സമീന, ഫസീല എന്നിവർ മക്കളാണ്. റസാഖ്, ഷബീർ, നവാസ്, നജ്‌ല ബാനു, ഷെറിൻ എന്നിവരാണ് മരുമക്കൾ. മയ്യിത്ത് നമസ്‌കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുട്ടനൂർ ജുമാ മസ്ജിദിൽ നടന്നു.