എ.എഫ്.സി ഏഷ്യൻ കപ്പ് 2023 ഖത്തർ ടിക്കറ്റ് വിൽപന നാളെ മുതൽ

ദോഹ - 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ദോഹയിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ നാളെ (ഒക്ടോബർ 10) മുതൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രാദേശിക സംഘാടക സമിതി അറിയിച്ചു.
വിവിധ പാക്കേജുകൾ (സിംഗിൾ മാച്ച് ടിക്കറ്റ്, ടൂർണമെന്റിന്റെ ആദ്യ റൗണ്ടിലെ പ്രിയപ്പെട്ട ടീം പാക്കേജുകൾ, ഗ്രൂപ്പ് ഘട്ടങ്ങൾ, മറ്റ് ഓപ്ഷനുകൾ) സഹിതം ടിക്കറ്റുകൾക്ക് 25 റിയാൽ ആയിരിക്കും വിലയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഘട്ടംഘട്ടമായി പുറത്തിറക്കുമെന്നും ഫാൻ എൻട്രി വിസയുമായോ ഹയ്യ കാർഡുമായോ ബന്ധിപ്പിക്കില്ലെന്നും ഏഷ്യൻ കപ്പ് ഖത്തർ 2023ന്റെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയിലെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റാബിയ അൽ കുവാരി പറഞ്ഞു.
9 സ്റ്റേഡിയങ്ങളിലായി ആകെ 51 മത്സരങ്ങളുണ്ടാവും. അതിൽ ഏഴെണ്ണം മുമ്പ് ഖത്തർ 2022ലെ ഫിഫ ലോകകപ്പിൽ ഉപയോഗിച്ചിരുന്ന സ്റ്റേഡിയങ്ങളാണ്.
എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ഈ പതിപ്പ് അതിന്റെ മഹത്തായ ചരിത്രത്തിലെ 18-ാമത് പതിപ്പാണ്. ആതിഥേയ രാജ്യം നിലവിലെ ചാമ്പ്യന്മാരായി പങ്കെടുക്കുന്നുവെന്നതും ഈ പതിപ്പിന്റെ സവിശേഷതയാണ്. സംഘാടക സമിതിയുടെ വെബ്‌സൈറ്റിലൂടെയും എ.എഫ്.സി വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകൾ ലഭിക്കും.

Latest News