ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കോഴവാങ്ങിയെന്ന പരാതി, മലക്കം മറിഞ്ഞ് പരാതിക്കാരന്‍, ആളെ ഓര്‍മ്മയില്ല

തിരുവനന്തപുരം - ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പരാതിക്കാരനായ ഹരിദാസ് മലക്കം മറിഞ്ഞു. തനിക്ക് ആളെ ഓര്‍മ്മയില്ലെന്നാണ് ഹരിദാസന്‍ ഇപ്പോള്‍ പറയുന്നത്. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നല്‍കിയെന്നോ കൃത്യമായി ഓര്‍ക്കുന്നില്ലെന്ന് ഹരിദാസന്‍ പോലീസിന് മൊഴി നല്‍കി. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ അഖില്‍ മാത്യു പണം വാങ്ങിയെന്നാണ് ഹരിദാസന്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇക്കാര്യം തെറ്റാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹരിദാസനെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യം മൊഴി നല്‍കിയ സെക്രട്ടറിയേറ്റ് അനക്‌സ് പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്. മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകള്‍ക്ക് ഉടന്‍ ജോലി ലഭിക്കുമെന്ന് ആരോഗ്യകേരളത്തിന്റെ പേരില്‍ വ്യാജ ഈമെയില്‍ സന്ദേശം അയച്ചത് അഖില്‍ സജീവും റഹീസും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തി. റഹീസിന്റ ഫോണില്‍ നിന്നാണ് വ്യാജ ഈ മെയില്‍ അയച്ചിരിക്കുന്നത്. അഖില്‍ സജീവിനെ റഹീസിന് പരിചയപ്പെടുത്തിയത് കോഴിക്കോട് സ്വദേശിയും മുന്‍ എസ്ഫ്‌ഐ നേതാവുമായ ലെനിന്‍ ആയിരുന്നു. അതേസമയം ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ മറവില്‍ നടന്ന നിയമന തട്ടിപ്പില്‍ ആദ്യ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മുഖ്യപ്രതി അഖില്‍ സജീവിന്റെ സുഹൃത്തും കോഴിക്കോട്ടെ അഭിഭാഷകനുമായ റഹീസിനെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

Latest News