'ഇസ്‌ലാം വിഭാവനം ചെയ്യുന്നത് ഐശ്വര്യപൂർണമായ ജീവിതം'

ദോഹ- ഇസ് ലാം വിഭാവനം ചെയ്യുന്നത് ഐശ്വര്യപൂർണമായ ജീവിതമാണെന്നും, മനുഷ്യന്റെ ബുദ്ധിയും വിവേകവും വിവേചന ശേഷിയും ഉപയോഗിച്ച് ഉൾക്കൊള്ളേണ്ട ജീവിത വ്യവസ്ഥയാണ് അതെന്നും കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ പ്രൊഫ.അബ്ദുൽ അലി മദനി അഭിപ്രായപ്പെട്ടു. ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത സംസ്‌കാരത്തിന്റെ മൂല്യം ഉൾക്കൊണ്ട് കൊണ്ടാണ് അടുത്ത വർഷം ആരംഭത്തിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ 'വിശ്വമാനവികതക്ക് വേദ വെളിച്ചം' എന്ന പ്രമേയം തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം.ടി മനാഫ് മാസ്റ്റർ പറഞ്ഞു. കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ 'കാത്തുവെക്കാം സൗഹൃദ തീരം' എന്ന പ്രമേയം വളരെ പ്രസക്തവും കാലം ആവശ്യപ്പെടുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ  വെളിച്ചം ഖുർആൻ പഠന പദ്ധതിയുടെ ആറാം മൊഡ്യൂൾ പഠന സഹായിയുടെ പ്രകാശനം അബ്ദുൽ അലി മദനി, എൻ.കെ.എം ജാബിർ ഖാസിമിന് ആദ്യ കോപ്പി കൈമാറി നിർവഹിച്ചു. ഇസ് ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ സുലൈമാൻ മദനി ചടങ്ങിൽ അധ്യക്ഷനായിരുന്നു. മുജീബ് റഹ് മാൻ മദനി, സിറാജ് ഇരിട്ടി, ഡോ.റസീൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റഷീദ് അലി വി.പി, അബ്ദുല്ലത്തീഫ് നല്ലളം, ഷമീം കൊയിലാണ്ടി തുടങ്ങിയവർ സംബന്ധിച്ചു.

Tags

Latest News