കാസര്‍കോട്- കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് തുണച്ചു. എല്‍.ഡി.എഫിന്റെ അവിശ്വാസപ്രമേയം വിജയിച്ചതോടെ കാറടുക്ക പഞ്ചായത്തില്‍ 18 വര്‍ഷക്കാലമായി തുടരുന്ന ബി.ജെ.പി ഭരണം അവസാനിച്ചു. എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം യു.ഡി.എഫ് പിന്തുണയോടെയാണ് പാസായത്. സി.പി.എമ്മിലെ എ. വിജയകുമാര്‍ ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജി. സ്വപ്നക്കെതിരെ നല്‍കിയ അവിശ്വാസം ചര്‍ച്ചക്ക് ശേഷം വോട്ടിനിട്ടപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്ക് അവിശ്വാസം വിജയിക്കുകയായിരുന്നു.
വികസനമുരടിപ്പ് ആരോപിച്ചായിരുന്നു അവിശ്വാസം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എട്ടു വോട്ട് ലഭിച്ചു. സി.പി.എം -നാല്, സി.പി.എം സ്വതന്ത്ര-ഒന്ന് , യു.ഡി.എഫ്- രണ്ട് , കോണ്‍ഗ്രസ് സ്വന്തന്ത്രന്‍- ഒന്ന് എന്നിവരാണ് അനുകൂലിച്ചത്. ഏഴ് ബി.ജെ.പി അംഗങ്ങളാണ് അവിശ്വാസപ്രമേയത്തെ എതിര്‍ത്തത്. വികസനമില്ലായ്മ ചര്‍ച്ചയായ അവിശ്വാസ പ്രമേയ യോഗത്തിന് വരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ബാലകൃഷ്ണയാണ് നേതൃത്വം നല്‍കിയത്. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അടുത്ത ലക്ഷ്യം എന്‍മകജെ ഗ്രാമ പഞ്ചായത്താണ്. ബി.ജെ.പി ഭരിക്കുന്ന എന്‍മകജെ പഞ്ചായത്തില്‍ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അവിടെ വോട്ടെടുപ്പിന്റെ തിയതി നിശ്ചയിച്ചിട്ടില്ല. എല്‍.ഡി.എഫിന്റെ പിന്തുണയുണ്ടായാല്‍ അവിടെയും ബി.ജെ.പിക്ക് ഭരണം നഷ്ടമാകും. ബി.ജെ.പി ക്കും യു.ഡി.എഫിനും ഏഴ് വീതം സീറ്റുകളുള്ള എന്‍മകജെയില്‍ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. എല്‍.ഡി.എഫിന് ഇവിടെ മൂന്ന് സീറ്റുണ്ട്. 2016 ല്‍ അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും അന്ന് സി.പി.എം വിട്ടുനിന്നത് കൊണ്ട് പരാജയപ്പെടുകയായിരുന്നു. കാറഡുക്കയില്‍ യു.ഡി. എഫ് അനുകൂലിച്ചത് കൊണ്ട് എന്‍മകജെയിലെ പ്രമേയവും പാസാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫുള്ളത്. എന്‍മകജെകൂടി നഷ്ടപ്പെട്ടാല്‍ കാസര്‍കോട് ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകള്‍ മധൂര്‍, ബെള്ളൂര്‍ എന്നിവിടങ്ങളില്‍ മാത്രമായി ചുരുങ്ങും.
പൈവളികെയില്‍ നേരത്തെ പരീക്ഷിച്ചു
കാസര്‍കോട് - വികസനത്തിന് വേണ്ടി രാഷ്ട്രീയം മറന്നും സഖ്യമാകാമെന്ന് യു ഡി എഫും എല്‍ ഡി എഫും പൈവളികെയില്‍ നേരത്തെ പരീക്ഷിച്ചു വിജയിച്ച അടവുനയമാണ്. ഒരു കാലത്ത് കോണ്‍ഗ്രസ്, ലീഗ് , ബി ജെ പി ബന്ധം കാസര്‍കോട് ജില്ലയില്‍ വ്യാപകമാവുകയും സി പി എം അതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ മുഖ്യശത്രുവിനെ തോല്‍പ്പിക്കാന്‍ നയങ്ങളില്‍ അല്‍പം വെള്ളം ചേര്‍ത്താലും കുഴപ്പമില്ലെന്ന ധാരണയിലാണ് ഇരുമുന്നണിയും. കാറഡുക്കയില്‍ ഇന്നലെ ബി.ജെ.പിയെ ഭരണത്തില്‍നിന്ന് പുറത്താക്കാന്‍ കൈകോര്‍ത്തത് പോലെ പൈവളികെയിലെ രണ്ടര വര്‍ഷം മുമ്പ് തന്നെ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഇരുമുന്നണിയും അടവുനയം സ്വീകരിച്ചിരുന്നു. 19 അംഗങ്ങളുള്ള പൈവളികെയില്‍ ബി.ജെ.പിക്ക് എട്ടും സി.പി.എമ്മിന് അഞ്ചും സി.പി.ഐക്ക് രണ്ടും ലീഗിന് സ്വതന്ത്രന്‍ ഉള്‍പ്പടെ മൂന്നും കോണ്‍ഗ്രസിന് ഒന്നും അംഗങ്ങളാണ്. യു.ഡി.എഫിലെ നാല് പേരുടെ പിന്തുണയില്‍ സി.പി.എമ്മിലെ ഭാരതിഷെട്ടി പ്രസിഡന്റും സി.പി.ഐയിലെ സുനിത വാള്‍ഡിസൂസ വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണ് പൈവളികെ പഞ്ചായത്തില്‍ നിലവിലുള്ളത്. മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും ഇവിടെ ലീഗിനാണ്. കോണ്‍ഗ്രസിലെ ഏക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റാബിയ ടീച്ചര്‍ അടുത്തദിവസം രാജിവെക്കുമെന്ന് കേള്‍ക്കുന്നുണ്ട്. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രം ആണെങ്കിലും മുമ്പ് ബി.ജെ. പി ഭരിച്ചിരുന്ന പഞ്ചായത്താണ് പൈവളികെ.






