പിടിയിലായി 'പടയപ്പ ബ്രദേഴ്‌സ്'

കൊച്ചി- എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവതി യുവാക്കള്‍ക്ക് മയക്കു മരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയ സംഘത്തിലെ പ്രധാനികളില്‍ രണ്ടുപേരെ അതിമാരക മയക്കുമരുന്ന് നൈട്രാസെപാം ഗുളികകളുമായി എക്സൈസ് പിടികൂടി.

എറണാകുളം എളംകുളം ഐശ്വര്യ ലൈനില്‍ പണ്ടാതുരുത്തി വീട്ടില്‍ വിഷ്ണു പ്രസാദ് (29), എറണാകുളം ഏലൂര്‍ ഡിപ്പോ സ്വദേശി പുന്നക്കല്‍ വീട്ടില്‍ ടോമി ജോര്‍ജ്ജ് (35) എന്നിവരാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീമിന്റെയും എക്സൈസ് ഇന്റലിജന്‍സിന്റെയും എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്. 

മയക്ക് മരുന്ന് ഇടപാടിന്  ഉപയോഗിച്ചിരുന്ന ഇവരുടെ രണ്ട് സ്മാര്‍ട്ട് ഫോണുകളും ടോമിയുടെ ഇരുചക്ര വാഹനവും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഏറെ നാളുകളായി മയക്കുമരുന്ന് ഗുളികകള്‍ വില്‍പ്പന നടത്തി വന്നിരുന്ന ഇവര്‍ ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. 'പടയപ്പ ബ്രദേഴ്സ്' എന്ന പ്രത്യേകതരം കോഡില്‍ ആണ് ഇവര്‍ വന്‍തോതില്‍ മയക്ക് മരുന്ന് ഗുളികകള്‍ വിറ്റഴിച്ചിരുന്നത്.  

അമിത ഭയം, ഉത്കണ്ഠ തുടങ്ങിയ മാസസിക വിഭ്രാന്തികള്‍ നേരിടുന്നവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്നതാണ്  നൈട്രാസെപാം ഗുളികകള്‍. വിഷ്ണു പ്രസാദിന്റെ കൈയില്‍ നിന്ന് 50 ഗുളികകളും ടോമി ജോര്‍ജ്ജിന്റെ പക്കല്‍ നിന്ന് 80 ഗുളികകളുമാണ് പിടിച്ചെടുത്തത്. ഇത്തരത്തിലുള്ള മയക്ക് മരുന്ന് ഗുളികള്‍ 20 ഗ്രാമിലധികം കൈവശം വക്കുന്നത് 10 വര്‍ഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണ്. ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്ത ലഹരി മരുന്ന് ഗുളികകള്‍ 70 ഗ്രാമോളം തൂക്കം വരും. പ്രധാനമായും ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ഥികളും യുവതി യുമാക്കളുമാണ് ഇവരുടെ മുഖ്യ ഇരകള്‍. 

ഇത് ഉപയോഗിക്കാത്തവര്‍ക്ക് ഇത് ഉപയോഗിച്ച് നോക്കുന്നതിന് ഇവര്‍ 'ടെസ്റ്റ് ഡോസ്' എന്ന രീതിയില്‍ മയക്കുമരുന്ന് ഗുളിക ആദ്യം സൗജന്യമായി നല്‍കിയിരുന്നു. ഈ ഗുളികകള്‍ കഴിച്ചാല്‍ എച്ച്. ഡി വിഷനില്‍ വിവിധ വര്‍ണ്ണങ്ങളില്‍ കാഴ്ചകള്‍ കാണാന്‍ കഴിയുമെന്നും കണ്ണുകള്‍ക്ക് കൂടുതല്‍ തെളിച്ചം കിട്ടുമെന്നും കൂടുതല്‍ സമയം ഉന്‍മേഷത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ള വരെ ഇതിലേക്ക് ആകര്‍ഷിച്ചിരുന്നത്. ഇതിന്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും എന്നതാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതി യുവാക്കള്‍ ഇതിലേക്ക് ആകൃഷ്ടരാക്കാന്‍ കാരണം.  

ഉപഭോക്താക്കളുടെ മുന്‍കൂട്ടിയുള്ള ഓര്‍ഡര്‍ പ്രകാരമാണ് ഇവര്‍ മയക്ക് മരുന്നുകള്‍ എത്തിച്ചിരുന്നതെന്നും ഒരു ദിവസത്തില്‍ നാല് മയക്ക് മരുന്ന് ഗുളികകള്‍ കഴിച്ച് കഴിഞ്ഞാല്‍ വേദന, സ്പര്‍ശനം തുടങ്ങിയ വികാരങ്ങള്‍ ഒന്നും അറിയില്ല എന്നും ഇവര്‍ വെളിപ്പെടുത്തി. ഇതിന്റെ അനാവശ്യമായ ഉപയോഗം അമിത രക്തസമര്‍ദ്ദത്തിന് ഇടയാകുവാനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങള്‍ക്ക് സാരമായ ക്ഷതം സംഭവിക്കുവാനും മൂകമായ അവസ്ഥയില്‍ എത്തിച്ചേരുവാനും ഇതേ തുടര്‍ന്ന് ഹൃദയാഘാതം വരെ സംഭവിക്കാന്‍ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.  

'പടയപ്പ ബ്രദേഴ്സ്' എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കും യുവതി യുവാക്കള്‍ക്കും മയക്കുമരുന്ന് ഗുളികകള്‍ വില്‍പ്പന നടത്തിയിരുന്ന രണ്ടംഗ സംഘത്തെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ തന്നെ എക്സൈസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ടീം ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. 

കണ്ടെയ്നര്‍ റോഡിലെ ചേരാനെല്ലൂര്‍ സിഗ്നലിന് പടിഞ്ഞാറ് വശമുള്ള അണ്ടര്‍ പാസിന് സമീപം മയക്ക് മരുന്ന് ഗുളികകള്‍ കൈമാറ്റം ചെയ്യുന്നതിന് വിഷ്ണു പ്രസാദ് നില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഷാഡോ സംഘം ഇയാളെ വളയുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ മയക്കുമരുന്നുകള്‍ ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഈ മയക്കുമരുന്ന് ഗുളികകളുടെ മൊത്ത വിതരണക്കാരന്‍ ടോമി ജോര്‍ജ്ജിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയ എക്സൈസ് സംഘം പാതാളം ഇഎസ്ഐ ജംഗ്ഷന് സമീപം മയക്കുമരുന്നുമായി ആവശ്യക്കാരെ കാത്തുനില്‍ക്കുകയായിരുന്ന ടോമി ജോര്‍ജ്ജിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. 

പിടിയിലാക്കുന്ന സമയം ഇയാള്‍ മാരക ലഹരിയിലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും അധികം നൈട്രസെപാം ഗുളികകള്‍ പിടിച്ചെടുക്കുന്നത്. നേരത്തെ വ്യാജ കുറിപ്പടി ഉപയോഗിച്ച് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഇത്തരം ഗുളികകള്‍ വാങ്ങുന്നത് വ്യാപകമായതോടെ എക്സൈസ് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയതിനാല്‍ ഇതിന് പൂര്‍ണ്ണമായും തടയിടാന്‍ കഴിഞ്ഞിരുന്നു. ഷെഡ്യൂള്‍ഡ് എച്ച്1 വിഭാഗത്തില്‍പ്പെടുന്ന ഈ മയക്ക് മരുന്ന് വളരെ അപൂര്‍വ്വം മെഡിക്കല്‍ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഈ മയക്ക് മരുന്ന് ഗുളികകള്‍ ട്രിപ്പിള്‍ പ്രിസ്‌ക്രിപ്ഷന്‍ വഴി ലഭിക്കുന്ന ഒന്നാണ്. ട്രിപ്പിള്‍ പ്രിസ്‌ക്രിപ്ഷനുകളില്‍ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്. ഈ മയക്ക് മരുന്ന് ഗുളികകള്‍ സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കടത്തികൊണ്ട് വന്നിട്ടുള്ളതാണെന്നാണ് പ്രാഥമികമായ നിഗമനം. 

ആറു രൂപ വിലയുള്ള ഒരു ഗുളിക 100 രൂപക്കാണ് ഇവര്‍ മൊത്ത വില്‍പ്പന നടത്തിയിരുന്നത്. ചില്ലറ വില്‍പ്പനക്കാര്‍ ഡിമാന്റ് അനുസരിച്ച് കൂടിയ വിലക്ക് ആവശ്യക്കാര്‍ക്ക് മറിച്ച് വിറ്റിരുന്നു. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ഈ മയക്ക് മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ലഹരി സംഘങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും കര്‍ശനമായ നടപടികളുമായി മുന്നോട്ട് പോകുന്നതാണെന്നും എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി. എന്‍. സുദീര്‍ അറിയിച്ചു.  

സ്പെഷ്യല്‍ സ്‌ക്വാഡ് സി. ഐ. സജീവ് കുമാര്‍ എം, ഇന്‍സ്പെക്ടര്‍ പ്രമോദ് കെ. പി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി അജിത്ത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എം. ടി ഹാരിസ്, സിറ്റി മെട്രോ ഷാഡോ സി. ഇ. ഒ എന്‍. ഡി. ടോമി, എ. ജയദേവന്‍, വനിത സി. ഇ. ഒ അഞ്ജു ആനന്ദന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്് ചെയ്തു.

Latest News