ഇസ്രായിലിനെതിരെ പുതിയ ആക്രമണം പ്രഖ്യാപിച്ച് ഹമാസ് സൈനിക നേതാവ്

ഗാസ-ഇസ്രായിലിനെതിരെ പുതിയ സൈനിക നടപടി ആരംഭിച്ചതായി ഹമസ് സൈനിക വിഭാഗം നേതാവ് പ്രഖ്യാപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായിലിലേക്ക് 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടതായും ഓപ്പറേഷന്‍ അല്‍അഖ്‌സ സ്‌റ്റോം ആരംഭിക്കുകയാണെന്നും സൈനിക വിഭാഗം നേതാവ്മുഹമ്മദ് ദൈഫ് അപൂര്‍വ പരസ്യ പ്രസ്താവനയില്‍ പറഞ്ഞു.
ഹമാനസ് സൈനിക നടപടി പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസയില്‍നിന്ന് ആക്രമണമുണ്ടെന്ന് ഇസ്രായിലും അറിയിച്ചു.  
ഇസ്രായിലിനെ നേരിടാന്‍ എല്ലാ ഫലസ്തീനുകളും തയാറാകണമെന്നും ഇനി വിട്ടുവീഴ്ച വേണ്ടെന്ന് തങ്ങള്‍  തീരുമാനിച്ചുവെന്നും ദൈഫ് പറഞ്ഞു.
ഒന്നിലധികം ഇസ്രായില്‍ വധശ്രമങ്ങളെ അതിജീവിച്ച ദൈഫ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. പുതിയ സന്ദേശവും  റെക്കോര്‍ഡിംഗായാണ് കൈമാറിയത്.
ശനിയാഴ്ച ഗാസ മുനമ്പിലെ ഫലസ്തീന്‍ പോരാളികള്‍ തെക്കന്‍ ഇസ്രായിലിലേക്ക് നടത്തിയ ആക്രമണം പ്രദേശത്തുടനീളമുള്ള താമസക്കാരെ വീടിനുള്ളില്‍ തന്നെ തുടരാന്‍ ഉത്തരവിടാന്‍ ഇസ്രായിലിനെ പ്രേരിപ്പിച്ചു.
ഇസ്രായിലിലേക്ക് ഡസന്‍ കണക്കിന് റോക്കറ്റുകള്‍ തൊടുത്തുവിട്ടതോടൊപ്പം നുഴഞ്ഞുകയറ്റം നടന്നതിട്ടുണ്ടെന്നും ഇസ്രായില്‍ അറിയിച്ചു.
നിരവധി ഭീകരര്‍ ഇസ്രായില്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി  സൈന്യം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ ഇസ്രായില്‍ സൈന്യം നല്‍കിയിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അമച്വര്‍ വീഡിയോകളില്‍ ഇസ്രായില്‍ അതിര്‍ത്തി പട്ടണമായ സേദറോത്തില്‍  യൂണിഫോം ധരിച്ച തോക്കുധാരികളെ കാണിച്ചു.  വീഡിയോകളില്‍ വെടിയൊച്ചയും കേള്‍ക്കാമായിരുന്നു, എന്നാല്‍ ഇവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

 

Latest News