Sorry, you need to enable JavaScript to visit this website.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍; 2018 ലെ സുപ്രീം കോടതി നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയും പാലിച്ചില്ല

ന്യൂദല്‍ഹി-ആള്‍ക്കൂട്ട ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും തടയാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി സംസ്ഥാനങ്ങള്‍ ഇനിയും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടില്ലന്ന് ഹരജിക്കാര്‍ സുപ്രീം കോടതി മുമ്പാകെ ബോധിപ്പിച്ചു.
തങ്ങള്‍ പാസാക്കിയ ഉത്തരവ് നടപ്പാക്കിയതിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകണമന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്‌വിഎന്‍ ഭാട്ടിയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഈ വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍  കേന്ദ്ര സര്‍ക്കാരിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും വീണ്ടും നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന സര്‍ക്കാരുകളുടെ വെബ്‌സൈറ്റുകളില്‍ നോഡല്‍ ഓഫീസര്‍മാരെ സംബന്ധിച്ച വിശദാംശങ്ങളില്ലെന്നത് ആശ്ചര്യമാണെന്ന്് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ വെബ്‌സൈറ്റില്‍ എല്ലാ ഡാറ്റയും അപ്‌ലോഡ് ചെയ്യണമെന്ന് ഗോണ്‍സാല്‍വ്‌സ് ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ലഭിച്ച പരാതികളുടെ എണ്ണം, രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍, ആള്‍ക്കൂട്ട ആക്രമണ കേസുകളില്‍ സമര്‍പ്പിച്ച കുറ്റപത്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് 2018 മുതല്‍ വര്‍ഷം തിരിച്ചുള്ള സ്റ്റാറ്റ്‌സ് റിപ്പോര്‍ട്ട് കഴിഞ്ഞ വാദം കേള്‍ക്കലില്‍  ബെഞ്ച് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും വകുപ്പ് മേധാവികളുടെ യോഗം വിളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.
എന്നാല്‍, വിദ്വേഷ പ്രസംഗം തടയുന്നതിനുള്ള പ്രതിരോധ നടപടികളും പരിഹാര നടപടികളും അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ വാദിച്ചു.
അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ഹാജരാകാത്തതിനാല്‍ നവംബര്‍ 20 മുതല്‍ ആരംഭിക്കുന്ന ആഴ്ചയില്‍ തുടര്‍ വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി കേസ് മാറ്റിവെച്ചു.

 2018ലെ തെഹ്‌സീന്‍ എസ്. പൂനവല്ല കേസിലെ ഉത്തരവില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഓരോ ജില്ലയിലും നോഡല്‍ ഓഫീസറെ നിയമിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

Latest News