മക്ക - രണ്ടു മാസമായി വേതനം ലഭിക്കാത്തതിനാൽ ജോലിയിൽനിന്ന് വിട്ടുനിൽക്കുമെന്ന് മക്കയിലെ പ്രശസ്ത ആശുപത്രിയിലെ നൂറിലേറെ വരുന്ന സെക്യൂരിറ്റി ജീവനക്കാർ ഭീഷണി മുഴക്കി. വേതനം ലഭിക്കാത്തതിൽ സെക്യൂരിറ്റി ജീവനക്കാർ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്ക് കഴിഞ്ഞയാഴ്ച പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ മന്ത്രാലയം സ്വീകരിക്കുന്ന നടപടികൾ ഇവർ കാത്തിരിക്കുകയാണ്.
ആശുപത്രിയിൽ സെക്യൂരിറ്റി ജോലികളുടെ കരാറേറ്റെടുത്ത സ്വകാര്യ കമ്പനിക്കു കീഴിലെ ജീവനക്കാർക്കാണ് രണ്ടു മാസമായി വേതനം ലഭിക്കാത്തത്. നേരത്തെ പലതവണ കമ്പനിയധികൃതരെ നേരിട്ട് കണ്ട് പ്രശ്‌നം ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ഫലം ചെയ്തിരുന്നില്ല. ഇന്നലെ രാവിലെയും സെക്യൂരിറ്റി ജീവനക്കാർ കൂട്ടത്തോടെ കമ്പനി ആസ്ഥാനത്ത് എത്തി അധികൃതരുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാർ നൽകിയ പരാതി രണ്ടര മാസത്തിനു ശേഷം പരിഗണിക്കുമെന്ന് മക്ക തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ തൊഴിൽ തർക്ക പരിഹാര വിഭാഗം അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ പക്കൽ പണമില്ലെന്നത് അടക്കമുള്ള കാരണങ്ങൾ പറഞ്ഞാണ് തങ്ങളുടെ ആവശ്യങ്ങൾ കമ്പനിയധികൃതർ അവഗണിക്കുന്നതെന്ന് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. രണ്ടു മാസത്തിലധികമായി വേതനം ലഭിക്കാത്തതിനാൽ തങ്ങൾ കടുത്ത പ്രയാസത്തിലാണ്. കമ്പനി ഇതുവരെ തങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് കാർഡുകൾ വിതരണം ചെയ്തിട്ടില്ലെന്നും ഇവർ പറഞ്ഞു.