തിരുച്ചിറപ്പള്ളി- തമിഴ്‌നാട്ടില്‍ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ തിരുച്ചി റൂറല്‍ പോലീസിലെ ഒരു സബ് ഇന്‍സ്‌പെക്ടറെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും അറസ്റ്റ് ചെയ്തു. തിരുച്ചിയില്‍നിന്ന്
ഏതാനും കിലോമീറ്റര്‍ അകലെയുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മുക്കൊമ്പിലാണ് സംഭവം.
ജിയപുരം പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബി.ശശികുമാര്‍ (28), ഹൈവേ പട്രോള്‍ യൂണിറ്റിലെ കോണ്‍സ്റ്റബിള്‍മാരായ എസ്.ശങ്കര്‍ രാജപാണ്ഡ്യന്‍ (32), ജെ.പ്രസാദ് (26), എ.സിതാര്‍ഥന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.
വിശദമായ അന്വേഷണത്തിനുശേഷം നാല് പേരെയും സസ്‌പെന്‍ഡ് ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മേലുദ്യോഗസ്ഥരെയും സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനേയും അറിയിക്കാതെയാണ് ബുധനാഴ്ച വൈകീട്ട് നാലുപേരും സാധാരണ വേഷത്തില്‍ മുക്കൊമ്പ് സന്ദര്‍ശിച്ചത്. അവിടെ വെച്ച് ഇവര്‍ മദ്യം കഴിച്ചതായി പറയുന്നു. പോലീസുകാരാണെന്ന് പറഞ്ഞാണ് നാലുപേരും തങ്ങളെ സമീപിച്ചതെന്ന് കാമുകനോടൊപ്പമെത്തിയ പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടുകാര്‍ അറിഞ്ഞാണോ വന്നതെന്ന് ചോദ്യം ചെയ്ത പോലീസുകാരില്‍ ഒരാള്‍ കാമുകനെ തല്ലി. ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം ഒരു പോലീസുകാരന്‍ സബ് ഇന്‍സ്‌പെക്ടര്‍ വാഹനത്തിനുള്ളിലുണ്ടെന്ന് പറഞ്ഞ് പോലീസുകാര്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റി. മറ്റ് രണ്ട് പേര്‍ കാമുകനെ അടുത്തുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി.
വാഹനത്തില്‍ മുന്‍വശത്ത് കയറാന്‍ ആവശ്യപ്പെട്ടതിന് ശേഷം വാതില്‍ അടച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വാഹനത്തിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയായി. കാറിന്റെ ഡോര്‍ തുറക്കാനുള്ള ശ്രമം വിഫലമായി. കാറിനുള്ളില്‍ മറ്റൊരു പോലീസുകാരന്‍ പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തി.
കരയാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ എപ്പോള്‍ വിളിച്ചാലും തനിച്ച് സംഭവസ്ഥലത്ത് വരണമെന്നും അല്ലാത്തപക്ഷം കാമുകനോടൊപ്പം ജയിലില്‍ കിടക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകുയം ചെയ്തു. എപ്പോള്‍ വിളിച്ചാലും വരണമെന്ന വ്യവസ്ഥയിലാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയും കാമുകനും ബസില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി.
കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നാല് പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി വ്യാഴാഴ്ച ജിയപുരം വനിതാ പോലീസില്‍ പരാതി നല്‍കിയത്. വനിതാ പോലീസ് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരവും കേസെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.