Sorry, you need to enable JavaScript to visit this website.

യു.എസ് ഇലക്ഷൻ ലക്ഷ്യമിട്ട് ഫേസ്ബുക്കിൽ വീണ്ടും വ്യാജന്മാർ

നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിരവധി സംശയാസ്പദ അക്കൗണ്ടുകൾ കണ്ടെത്തി തടഞ്ഞതായി ഫേസ്ബുക്ക് വെളിപ്പെടുത്തി. യു.എസ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആരംഭിച്ച കാമ്പയിനു പിന്നിൽ ഏതു രാജ്യമാണെന്നോ ഏതു സ്ഥാപനമാണെന്നോ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടില്ല. ഡോണൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കഴിഞ്ഞ ഇലക്ഷനിൽ ഫേസ്ബുക്കിലെ രഹസ്യ വിവരങ്ങൾ ദുരുപയോഗം ചെയ്തുവെന്ന വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം നേരിട്ട കേംബ്രജ് അനലിറ്റിക്കയെന്ന ഡാറ്റ വിശകലന സ്ഥാപനം പാപ്പറായി പ്രഖ്യാപിച്ച് കളം വിട്ടിരുന്നു. 
പുതിയ കാമ്പയിനു പിന്നിലും റഷ്യയുണ്ടാകാമെന്ന് ഫേസ്ബുക്ക് ഉദ്യോഗസ്ഥർ യു.എസ് ജനപ്രതിനിധികൾ മുമ്പാകെ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കാമ്പയിനു പിന്നിൽ ആരാണെന്നു സ്ഥിരീകരിക്കാൻ ആവശ്യമായ സാങ്കേതിക തെളിവുകളില്ലെന്നാണ് ഫേസ്ബുക്ക് നേരിട്ട് മാധ്യമങ്ങളെ അറിയിച്ചത്. 
വെള്ളക്കാരുടെ മേധാവിത്തം, യു.എസ് ഇമിഗ്രേഷൻ ആന്റ് കംസ്റ്റംസ് എൻഫോഴ്‌സമെന്റ് ഏജൻസി (ഐസിഇ) നയങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് അമേരിക്കൻ ജനതയിൽ വിഭാഗീയ സംഘർഷമുണ്ടാക്കുകയാണ് കാമ്പയിനു പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് ഫേസ്ബുക്ക് കണ്ടെത്തുകയായിരുന്നു. അബോളിഷ് ഐ.സി.ഇ, യുനൈറ്റ് ദ റൈറ്റ് തുടങ്ങിയ ടാഗുകളിൽ ഏകോപിത പ്രവർത്തനങ്ങൾ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം വിർജീനിയയിൽ ഒരാളുടെ മരണത്തിലെത്തിച്ചിരുന്നു. 
വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനായിരുന്നു ഈ കാമ്പയിനെന്ന് ഉറപ്പിക്കാനും ഫേസ്ബുക്ക് തയാറായിട്ടില്ല. അതേസമയം, സംശയാസ്പദ നീക്കം യു.എസ് ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും മുമ്പിൽ വെളിപ്പെടുത്താൻ ഫേസ്ബുക്കിനെ പ്രേരിപ്പിച്ച ഒരു ഘടകം ഓഗസ്റ്റ് പത്തിന് വാഷിംഗ്ടണിൽ പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷ പ്രതിഷേധമാണ്. യുനൈറ്റ് ദ റൈറ്റ് പ്രതിഷേധത്തിന്റെ ഒന്നാം വാർഷികത്തിൽ നടക്കാനിരിക്കുന്ന പ്രതിഷേധ പരിപാടി ഏകോപിപ്പിക്കുന്നതിനു പിന്നിൽ ആധികാരികമല്ലാത്ത ഒരു ഫേസ്ബുക്ക് അക്കൗണ്ടാണുള്ളത്. പലതരത്തിലുള്ള സംശയാസ്പദ നീക്കങ്ങളാണ് കണ്ടെത്തിയതെന്ന് ഫേസ്ബുക്ക് സൈബർ സെക്യൂരിറ്റി പോളിസി മേധാവി നതാനിയൽ ഗ്ലെയ്ഷർ പറയുന്നു. ഫേസ്ബുക്ക് ഇവന്റ് റദ്ദാക്കിയതായും ഇവന്റിനെ സഹായിക്കുന്നതിന് രംഗത്തുവന്ന മറ്റു അഞ്ച് അഡ്മിനിസ്‌ട്രേറ്റർമാരെ ബന്ധപ്പെട്ട് വിവരം അറിയിച്ചതായും ഫേസ്ബുക്ക് പറയുന്നു. 600 ലേറെ ഉപയോക്താക്കൾ സംബന്ധിക്കുമെന്ന് വ്യക്തമാക്കിയിരുന്ന ഇവന്റിൽ 2600 പേർ താൽപര്യം രേഖപ്പെടുത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഇവരിൽ ഓരോരുത്തരേയും അറിയിക്കാനും ഫേസ്ബുക്ക് താൽപര്യമെടുത്തു. 
ഫേസ്ബുക്കിന്റെ പ്രധാന ആപ്പിൽനിന്നും ഇൻസ്റ്റാഗ്രാമിൽനിന്നും 32 പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തതായി ഫേസ്ബുക്ക് ബ്ലോഗുകളിൽ ആവർത്തിച്ച് വ്യക്തമാക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ആധികാരികമല്ലാത്ത രീതിയിൽ സംഘാടന പ്രവർത്തനങ്ങൾ  നടത്തിയതിനാണ് ഇത്രയും അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കാൻ കാരണം. 
എട്ട് പേജുകളും 17 പ്രൊഫേലുകളും ഏഴ് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുമാണ് കണ്ടെത്തിയതെന്ന് സെക്യൂരിറ്റി പോളിസി മേധാവി ഗ്ലെയ്ഷർ വെളിപ്പെടുത്തി. ഇവയിൽ 2017 മാർച്ചിൽ ആരംഭിച്ച ഒരു പേജിന് 2,90,000 ഫോളോവേഴ്‌സുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മുതിൽ ഈ വർഷം ജൂൺവരെ 150 പരസ്യങ്ങൾ നൽകുന്നതിന് ഈ പേജുകൾ 11,000 ഡോളർ ചെലവഴിച്ചു. പേജുകൾ വഴി 30 ഫേസ്ബുക്ക് ഇവന്റുകൾ സംഘടിപ്പിച്ചു. ചില ഇവന്റുകളിൽ ആയിരങ്ങളാണ് സന്നദ്ധത അറിയിച്ചത്. ഇവന്റുകൾ നടന്നതാണോ അതോ ചില വിഷയങ്ങളിൽ ആളുകളുടെ താൽപര്യം അറിയാൻ വേണ്ടി മാത്രം അനൗൺസ് ചെയ്തതാണോയെന്ന് വ്യക്തമല്ല. 
സുരക്ഷാ പ്രശ്‌നങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾക്കുശേഷം ഫേസ്ബുക്ക് സ്ഥാപകനും സി.ഇ.ഒയുമായ മാർക്ക് സക്കർബർഗ് തന്റെ പേഴ്‌സണൽ പേജിൽ കുറച്ചിരിക്കുന്നത്. 

Latest News