Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒഴിയുന്ന ആപൽ സന്ധികളും മൗനങ്ങളും

ഓഗസ്റ്റ് എട്ടിന് നിശാഗാന്ധിയിൽ നടക്കുന്ന സിനിമാ അവാർഡ് നിശയിൽ മോഹൻലാൽ പങ്കെടുക്കുമോ ഇല്ലല്ലോ എന്ന പ്രശ്‌നം കേരളത്തിൽ ആകാശത്തിനുമേൽ കരിനിഴൽ പരത്തി നിൽക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് ഒഴിഞ്ഞു പോയി. ലാലേട്ടൻ പങ്കെടുക്കും. മറിച്ചായിരുന്നെങ്കിൽ മാനത്തുനിന്നും തീമഴ പോലെ അടുത്ത പേമാരി ഉണ്ടായേനെ. ഒരുതവണ മുങ്ങിയ കുട്ടനാടിനെ വീണ്ടും മുക്കിയേനെ. പല ജില്ലകളും ആ പേമാരിയിൽ മുങ്ങാൻ തയാറെടുത്തു നിൽക്കുകയായിരുന്നു.
താരങ്ങളും, ചാൻസില്ലാതെ തലയിലെ താരൻ ചൊറിഞ്ഞിരിക്കുന്നവരുമൊക്കെ പിളർന്ന് രണ്ടു ചേരിയായി. അടുത്ത കുരുക്ഷേത്ര യുദ്ധം കേരളത്തിൽ തന്നെയാകും എന്ന് പോലീസ് ഇന്റലിജൻസ് വകുപ്പു പോലും ഭയന്നു റിപ്പോർട്ട് ചെയ്തു. അത്തരം ഒരു റിപ്പോർട്ട് കൈയിൽവച്ച് പിണറായി വിജയൻ പോലും വിറച്ചു. എന്നു പറഞ്ഞാൽ, വാർത്തയുടെ കാഠിന്യത്തിന് വേറെ സർട്ടിഫിക്കേറ്റ് വേണ്ട. സംഭവത്തെക്കുറിച്ചുള്ള ചർച്ച ചൂടുപിടിക്കാതെ പോയതിനു കാരണം മുടക്കില്ലാതെ പെയ്തു പോകുന്ന മഴയാണെന്ന് ഒരുകൂട്ടർ. ഹോമിയോ ഡോക്ടർ ബിജുവിനെപ്പോലെയുള്ള കൊച്ചു കൊച്ചു സംവിധായകർക്ക് മോഹൻലാലിന്റെ ഭീമാകാരത്തോടുള്ള 'ഫോബിയ' ആണ് പ്രശ്‌ന ഹേതുവെന്നു മറ്റു ചിലർ. ദില്ലയിൽനിന്ന് ഇടയ്ക്കിടെ കോഴിക്കോട്ടും കൊച്ചിയിലുമൊക്കെ പറന്നെത്തി പൗര സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്രത്തെയും കുറിച്ച് രണ്ടു ഗദ്യഗവിതയും മൂന്നു പ്രതിഫലം മൂൻകൂറായി വാങ്ങിയ പ്രസംഗങ്ങളും തട്ടിവിടുന്ന മഹാകവി സച്ചിദാനന്ദൻ പോലും ബിജുവിന്റെ കൂട്ടപ്പരാതിക്കു താഴെ ഒപ്പിട്ടുകൊടുത്തിരുന്നു. കള്ള ഒപ്പാണോ എന്നറിയില്ല (പൊതു മെമ്മോറാണ്ടത്തിൽ പലരും അതാണ് ചെയ്യുക പതിവ്). ഏതായാലും കേരളത്തിനു താങ്ങാനാകാത്ത അടുത്തൊരു പ്രളയംകൂടി സംഭവിച്ചില്ല. പടച്ചോന്റെ കൃപ. അല്ലെങ്കിൽ ദിലീപ്- നടി കേസിലെ പോലെ കൃത്യമായ മണ്ണൊലിപ്പ് കാണാമായിരുന്നു. ആഗസ്റ്റ് എട്ട് നിർണായക ദിവസമാണ്. പിറ്റേ ദിവസമാണ് ക്വിറ്റിൻഡ്യാ ദിനാചരണം. തലേന്ന് എന്തെങ്കിലും സംഭവിക്കുമോ എന്ന് മികച്ച നടൻ ഇന്ദ്രൻസ് ഭയം പ്രകടിപ്പിച്ചു കഴിഞ്ഞു. കുടക്കമ്പി എന്ന് വിളിപ്പേരു കിട്ടിയ നടന് തന്റെ മൈനർ ശരീരത്തിനകത്തെ ബാല മനസ്സിൽ അങ്ങനെ തോന്നാം. പക്ഷേ ബ്രിട്ടീഷുകാരോട് അന്ന് 'ക്വിറ്റിൻഡ്യാ' എന്നു പറഞ്ഞതുപോലെ മോഹൻ ലാലിനോട് ആരും പറയുമെന്നു പ്രതീക്ഷിക്കേണ്ട. വനിതാ കൂട്ടായ്മക്കാർ വിട്ടുനിന്നേക്കാം. അവർക്കു പിന്നെ പടം കിട്ടണമെങ്കിൽ പല പാപ പരിഹാരങ്ങളും ചെയ്യേണ്ടി വന്നേക്കാം. മുമ്പു സംഭവിച്ചതിനേക്കാൾ മോശമായതൊന്നും അവർക്കു വന്നു ചേരാതിരിക്കട്ടെ.

****                        ****                       ****


ഇടതുപക്ഷ മൗനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് കവി സച്ചിദാനന്ദൻ ആവശ്യപ്പെട്ടത് പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. ആര് അന്വേഷിക്കണമെന്ന് പറഞ്ഞില്ല. സാഹിത്യകാരന്മാരായ ബുദ്ധിജീവികൾ മതിയോ? വിശ്വസിക്കാൻ കൊള്ളാത്ത വർഗമാണ്. എന്തെങ്കിലും വച്ചു നീട്ടിയാൽ ആദ്യം അറച്ചുനിന്നാലും തുടർന്ന് പിന്നാലെ പോകും. ബി.ജെ.പി അപ്രതീക്ഷയിലുമാണ്. പിന്നെ ആരുണ്ട് അന്വേഷണത്തിന്? സർക്കാരോ, പ്രതിപക്ഷമോ ജുഡീഷ്യറിയോ? സർക്കാരാണെന്നങ്കിൽ ജോലി ഒരു കമ്മീഷനെ ഏൽപിക്കും. പിന്നെ അവർക്കു ഓഫീസായി, കാറായി, സ്റ്റാഫായി, അവസാനം ഖജനാവിലെ അക്കൗണ്ട് കാലിയായി അക്കഥ കഴിയും. പ്രതിപക്ഷത്താണെങ്കിൽ, കാര്യമായ പണിയൊന്നുമില്ലാത്ത രമേശ്ജി ആശ്വാസം കണ്ടെത്തുന്നത് സാഹിത്യ പ്രവർത്തനങ്ങളിലാണ്. 'ശ്രേഷ്ഠാ'ബുക്‌സ് എന്നൊരു പ്രസാധാക കമ്പനി തന്നെ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു. അധികാര സ്ഥാനത്തെക്കുറിച്ച് ഇനി വലിയ പ്രതീക്ഷയില്ലെന്നു തോന്നുന്നു. പലതരം പുരാണ പുസ്തകങ്ങളും മറ്റും അച്ചടിയിലാണത്രേ! അദ്ദേഹത്തിന് സ്വന്തമായി തന്നെ ഇപ്പോൾ ധാരാളം 'മൗനമുണ്ട്. 
ഇടതുപക്ഷ മൗനം അന്വേഷിക്കാൻ താൽപര്യമുണ്ടാകാനിടയില്ല. ഏറ്റവും സൗകര്യപ്രദം ലോക്കൽ പോലീസാണ്. 'കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം' എന്നു പറഞ്ഞതുപോലെ ഏതു ഭാരവും അവർ ഏറ്റെടുത്തുകൊള്ളും, വേണ്ടിവന്നാൽ മാവോയിസ്റ്റ് മൗനം പോലും അല്ല, വല്ലപ്പോഴും ഇടതുപക്ഷത്തിനും വേണ്ട സ്വൽപം മൗനമൊക്കെ? ഇക്കണ്ടകാലം മുഴുവനും കോൺഗ്രസിനെ എതിർത്തു. 
1975ലെ അടിയന്തിരാവസ്ഥ കഴിഞ്ഞപ്പോൾ വിശാല സഖ്യംകൂടിയുണ്ടാക്കി. രണ്ടു സീറ്റുമായി ലോക്‌സഭയിൽ ഏതോ മൂലയ്ക്ക് ഒളിച്ചുപാർത്തിരുന്ന ജനസംഘം അതോടെയാണ് തല നിവർത്താൻ തുടങ്ങിയത്. കംപ്യൂട്ടറൈസേഷൻ, പ്രീഡിഗ്രി, സ്വാശ്രയ കോളേജ്, ബാർ ലൈസൻസ് എന്നു തുടങ്ങി എന്തു കേട്ടാലും എതിർത്തുപോന്നു. ബംഗാളിൽ കണ്ണുംപൂട്ടി കോൺഗ്രസിനെ എതിർത്തതിന്റെ ഫലമാണ് കല്യാണം കഴിയാത്ത ഒരു പ്രാദേശിക വനിതാ നേതാവിന്റെ മുന്നിൽ പറഞ്ഞ അടിയറവ്. 
ഇനി റൂട്ടുമാറ്റി മാർച്ചു ചെയ്യുക, അങ്ങനെയാണ് കർക്കിടകത്തിൽ കുറച്ചു സംസ്‌കൃത സഖാക്കൾ ചേർന്ന് രാമായണ പാരായണ ആചരണം തുടങ്ങിയത്. സച്ചിദാനന്ദന് ദില്ലിയിൽ കഴിഞ്ഞാൽ പോരേ?

****                      ****                        ****
അഴിമതിയും മൂന്നാംമുറയും ആരു നടത്തിയാലും വിടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സ്വന്തം പാർട്ടിക്കാർക്ക് ലേശം ഇളവൊക്കെയാകാം. അല്ലെങ്കിൽ തന്നെ, അദ്ദേഹത്തോടൊ പോലീസിനോടോ പറഞ്ഞിട്ടാണോ ആരെങ്കിലും അഴിമതിക്കു മുതിരുന്നത്? മുഖ്യൻ തമാശ പറഞ്ഞതായിരിക്കണം. കേൾക്കുന്നവർ ചിരിക്കുമ്പോഴും അവതാരകൻ ഗൗരവം വിടരുത്. അതാണ് യഥാർഥ പ്രതിഭ. ജഗതി ശ്രീകുമാറിന്റെ പിതാവും പ്രശസ്ത സാഹിത്യകാരനുമായ ജഗതി എൻ.കെ. ആചാരി അക്കാര്യത്തിൽ അതുല്യനായിരുന്നു. സദസ്സ് തലയറഞ്ഞു ചിരിക്കുമ്പോൾ അദ്ദേഹം പ്രതിമപോലെ നിന്നു കളയും. പിണറായി സഖാവ് രണ്ടാം സ്ഥാനത്തേക്കുള്ള ശ്രമത്തിലാണെന്നു തോന്നുന്നു. പിന്നെ മൂന്നാംമുറയുടെ കാര്യം- ആരാണിവിടെ ആ മുറ പ്രയോഗിക്കുന്നത്? വണ്ടി കോർപറേഷനെ നന്നാക്കുവാനായി തച്ചങ്കരി യേമാൻ പ്രയോഗിക്കുന്നതെല്ലാം മൂന്നാം മുറയല്ലേ? കർക്കിട മാസത്തിൽ ഔഷധക്കഞ്ഞി കുടിച്ചു കഴിയുന്ന പാവം യൂനിയൻ നേതാക്കളെപോലും വെറുതെവിടുന്നില്ല. രാവിലെ അവരെല്ലാം 'അദർഡ്യൂട്ടി'യിലാണ് കഞ്ഞികുടിച്ചു ശീലിച്ചത്. കുടി കഴിഞ്ഞാൽ വിശ്രമം. പുറത്തെ കർക്കിടക്കാറ്റ് ശരീരത്തിനു നന്നല്ല. മേശപ്പുറത്തേക്കു കാൽ കയറ്റിവച്ചു കൂർക്കം വലിക്കുന്നത് മരുന്നു സേവക്കാലത്ത് അത്യുത്തമമെന്ന് വൈദ്യശാസ്ത്രം. കാൽ നിലത്തുവയ്ക്കുന്നത് ഉച്ചയൂണിന്റെ നേരത്ത്. വീണ്ടും കാലുകൾ ഫയലുകളുടെ മീതെ കയറ്റിയാൽ പിന്നെ അവരോഹണം. നാലുമണി 'ചായയ്ക്കും ചെറു കടിക്കും' പിന്നെ നേതാവിനെ കണ്ടെത്തിയാൽ അതൊരു ഭാഗ്യമായി കരുതണം. അടുത്ത ബാറുകളിൽ സന്ധിക്കുമ്പോൾ അതു ഘട്ടംഘട്ടമായി വലിയൊരു കൂട്ടായ്മയായി മാറും. ബാർ അസോസിയേഷൻ എന്ന പേര് ഈ സംഘഗാന പരിപാടിക്കാണ് നൽകേണ്ടത്. ഒട്ടും പ്രതീക്ഷിക്കാതെ തച്ചങ്കരി അവർക്കു കൂടി ജൂൺ 30നു തന്നെ ശമ്പളം കൊടുത്തു അവരെ കളിയാക്കി, നിലം പരിശാക്കിക്കളഞ്ഞു! ഇനിയിപ്പോൾ ആ ഏമാന്റെ മുഖത്തുനോക്കി 'ഫാസിസ്റ്റ്' എന്ന് ആരുംവിളിക്കും? ആ പണി നേതാവായ ആനത്തലവട്ടം ആനന്ദതുന്ദിലകനെത്തന്നെ ഏൽപിച്ചു. പേര് കേൾക്കുന്നതു പോലെ അത്ര വലിയ തലയോ, തലയ്ക്കകത്തു തന്നെ കാര്യമായ എന്തെങ്കിലുമോ ഉണ്ടെന്ന് കുട്ടികൾ പോലും കരുതുകയില്ല. പ്രസംഗം അത്ര നിഷ്‌കളങ്കമായിരിക്കും. വണ്ടി കോർപറേഷനിൽ ട്രേഡ് യൂനിയനുണ്ടാകുന്ന കാലത്ത് തച്ചങ്കരി ജനിച്ചിട്ടില്ലെന്നോ, മറ്റെവിടെയോ ആയിരുന്നുവെന്നോ ഒക്കെ സഖാവ് വച്ചു കാച്ചി. കാര്യം ശരിയാണ്. പക്ഷേ, ഇക്കണക്കിന് ഒരു യുവ സിവിൽ സർവീസുകാരനും ഒരു വകുപ്പിന്റെയും മേധാവിയാകാൻ കഴിയില്ല. അവരൊക്കെ മേൽപടി ആനന്ദനു മുമ്പേ ജനിക്കണം. അതിന് അവരുടെ മാതാപിതാക്കൾ കല്യാണം കഴിക്കണം. ഹോ! വല്ലാത്തൊരു വെല്ലുവിളിയാണ് സഖാവ് ആനത്തലവട്ടം നടത്തിക്കളഞ്ഞത്! 'അതുകൊണ്ടരിശം തീരാഞ്ഞിട്ട്' തച്ചങ്കരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടില്ല എന്നുകൂടി പ്രഖ്യാപിച്ചു! ദുഷ്ടത, അതീവ ദുഷ്ട, കൊടും ക്രൂരത! ഒരു കലാകാരനായ സംഗീത പ്രേമിയായ ഐ.പി.എസുകാരൻ ട്രാൻസ്‌പോർട്ട് വണ്ടിയുടെ അടിയിൽ കിടന്ന് റിപ്പയർ ചെയ്തു കരിഓയിലിന്റെ നാറ്റം സഹിക്കാതെ ഇറങ്ങി ഓടണമെന്നാണ് പറഞ്ഞതിന്റെ ധ്വനി!

Latest News