ഇഖാമയില്‍ ജനന തീയതി തിരുത്താന്‍ ജവാസാത്തിനെ നേരിട്ട് സമീപിക്കണം

ജിദ്ദ - വിദേശികളുടെ ഇഖാമയിലെ ജനന തീയതി തിരുത്താന്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിക്കണമെന്ന് ജവാസാത്ത് അറിയിച്ചു. ഇഖാമയിലെ ജനന തീയതി തിരുത്താന്‍ തൊഴിലുടമയോ തൊഴിലുടമ നിയമാനുസൃതം ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ആണ് ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിക്കേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് വ്യക്തമാക്കി.
ആശ്രിതരുടെയോ ഗാര്‍ഹിക തൊഴിലാളികളുടെയോ റീ-എന്‍ട്രി വിസയും ഫൈനല്‍ എക്‌സിറ്റും അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ആയി റദ്ദാക്കാന്‍ സാധിക്കുമെന്ന് ജവാസാത്ത് പറഞ്ഞു. ആശ്രിതരുടെ റീ-എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും റദ്ദാക്കാന്‍ അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച്, ആശ്രിത സേവനം, സേവനം, വിസകള്‍ എന്നിവ യഥാക്രമം തെരഞ്ഞെടുത്താണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഗാര്‍ഹിക തൊഴിലാളികളുടെ റീ-എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും റദ്ദാക്കാന്‍ തൊഴിലാളി സേവനം, സേവനം, വിസകള്‍ എന്നിവ യഥാക്രമം തെരഞ്ഞെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കണം. ഇഷ്യു ചെയ്ത് 90 ദിവസത്തിനകമോ വിസയില്‍ രേഖപ്പെടുത്തിയ മടക്ക തീയതിക്കു മുമ്പോ ആയാണ് റീ-എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും റദ്ദാക്കേണ്ടത്. നിശ്ചിത സമയത്തിനകം റീ-എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും റദ്ദാക്കാത്ത പക്ഷം നിയമാനുസൃത പിഴകള്‍ ബാധകമായിരിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.

 

Latest News