ഷാര്‍ജ- യുഎഇയില്‍ മയക്കു മരുന്ന് ഗണത്തില്‍ ഉള്‍പ്പെടുത്തി നിരോധിച്ച മരുന്ന് രോഗികള്‍ക്ക് കുറിച്ചു നല്‍കിയ കൊറിയന്‍ ഡോക്ടര്‍ക്ക് 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ. ലൈസന്‍സില്ലാതെ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തെ ഷാര്‍ജ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ താമസ സ്ഥലത്തു നിന്നും നിരോധിച്ചവ ഉള്‍പ്പെടെ നിരവധി മരുന്നുകളുടെ ശേഖരവും പിടിച്ചെടുത്തിരുന്നു. കിടപ്പു മുറി ഒരു ഡോക്ടറുടെ മുറി ആക്കിമാറ്റിയായിരുന്നു ഇയാള്‍ രോഗികളെ പരിശോധിച്ചിരുന്നത്.
മയക്കു മരുന്ന് ഗണത്തില്‍ ഉള്‍പ്പെടുത്തി യുഎഇ വിലക്കിയ മാനസിക രോഗത്തിനുള്ള മരുന്നും ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. എന്നാല്‍ ഈ മരുന്നിന് നിരോധനമുള്ള കാര്യം അറിയില്ലായിരുന്നുവെന്നും കൊറിയയില്‍ സാധരണ കുറിച്ചു നല്‍കുന്ന മരുന്നാണിതെന്നും ഡോക്ടര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം മയക്കു മരുന്ന് കുറിച്ചു നല്‍കിയതായി ഇയാള്‍ കോടതിയില്‍ കുറ്റസമ്മതവും നടത്തിയിരുന്നു. തടവു ശിക്ഷ അവസാനിച്ചാല്‍ ഇദ്ദേഹത്തെ നാടുകടത്താനും കോടതി ഉത്തരവിട്ടു.