ജിദ്ദയിൽ വെള്ളിയാഴ്ച കൊടിയുയർന്ന സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം (സിഫ്) ടൂർണമെന്റിൽ മുഖ്യാതിഥിയായി എത്തിയ ഹാസ്യ നടൻ ജാലിയൻ കണാരൻ എന്ന ഹരീഷ് പെരുമണ്ണ തന്റെ മിമിക്രി - സിനിമ ജീവിതത്തെക്കുറിച്ച്് സംസാരിക്കുന്നു. നടനായ അനിൽ ബേബിയും ഹരീഷിനൊപ്പം ജിദ്ദയിലെത്തിയിരുന്നു.
1947 ഓഗസ്റ്റ് 14. ദൽഹിയിലെ തെരുവീഥിയിലൂടെ കറുപ്പും മഞ്ഞയും കലർന്ന ഓട്ടോ റിക്ഷ വന്നു നിന്നു. സുഭുവേട്ടൻ എന്ന സുഭാഷ് ചന്ദ്രബോസ് സുസ്‌മേരവദനനായി കൂപ്പുകൈകളോടെ ഓട്ടോയിൽ നിന്നിറങ്ങി. ദൽഹിയിലെ വീട്ടുവരാന്തയിൽ കട്ടൻ ചായ കുടിച്ചുകൊണ്ടിരിക്കുന്ന കണാരൻ അദ്ഭുതപ്പെട്ടു. സുഭുവേട്ടൻ എന്തേ ഈ നേരത്ത്? ഭാര്യ ദാക്ഷായണിക്കും അദ്ഭുതം. പലരും പറഞ്ഞുനോക്കിയതാണ് സ്വാതന്ത്ര്യ സമരത്തിൽ മുൻനിരയിൽ നിന്ന കണാരനോട് ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയേറ്റെടുക്കാൻ. സ്ഥാനമോഹമില്ലാത്ത കണാരൻ അതിന് വിസമ്മതിച്ചു. വല്ലഭായ് പട്ടേലും താന്തിയാതോപ്പിയുമെല്ലാം ആവശ്യപ്പെട്ടിട്ടും ഈയാവശ്യം നിരാകരിച്ച കണാരനോട് നേതാജി പറഞ്ഞു. കണാരേട്ടൻ പ്രധാനമന്ത്രിയാകണം.
-പറ്റില്ല സുബുവേട്ടാ...എനിക്ക് അധികാരമൊന്നും വേണ്ട.

ജിദ്ദയിലെ സിഫ് ഫുട്‌ബോൾ മൽസരം നടക്കുന്ന വസീരിയ ഗ്രൗണ്ടിൽ ഹരീഷും അനിൽ ബേബിയും
പിന്നെയാണ് സാക്ഷാൽ നെഹ്‌റു വന്ന് പറഞ്ഞത്. എന്നിട്ടും പ്രധാനമന്ത്രിയാകാൻ തയാറാകാതിരുന്ന കണാരൻ പ്രധാനമന്ത്രിക്കസേര ഉപേക്ഷിച്ച തന്റെ 'മഹാത്യാഗ'ത്തിന്റെ കഥ പറഞ്ഞ് കോഴിക്കോടൻ ഗ്രാമത്തിലെ കേൾവിക്കാരായ ചങ്ങാതിമാരെ വിസ്മയിപ്പിക്കുന്നു. രാവിലെ ചായപ്പീടികയിലെത്തിയവരെ അമ്പരപ്പിക്കുന്നു. ഈ വീരവാദം കേട്ട് വിശ്വാസം വരാതെ, അദ്ഭുതാദരങ്ങളോടെ കണാരേട്ടനെ നോക്കുമ്പോഴും ചിലരുടെ ഉള്ളിലെങ്കിലും ഇയാളുടെ ബഡായി പറച്ചിലിനൊപ്പമെത്താൻ വേറെയാരുമില്ലെന്ന ചിന്തയുണരുന്നു.
മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവലിലൂടെ ലോകമെങ്ങുമുള്ള മലയാളികളെ ചിരിപ്പിച്ച സ്വാതന്ത്ര്യ സമരത്തിന്റെ ഈ 'പുളുപറച്ചിൽ' ഹരീഷിന്റെ മാസ്റ്റർപീസായി. 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ബാക്കിപത്രമായി കിട്ടിയ പേരാണ് ജാലിയൻ കണാരൻ എന്നും അടിച്ചുവിടുന്നുണ്ട്. ഇപ്പോൾ ഈ പേര് ചിരപ്രതിഷ്ഠ നേടി.

സ്‌കൂൾ യുവജനോൽസവത്തിലൂടെയായിരുന്നു കോഴിക്കോട് ചാലപ്പുറം ഗണപത് ഹൈസ്‌കൂൾ വിദ്യാർഥിയായിരുന്ന ഹരീഷിന്റെ അരങ്ങേറ്റം. എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ നാടകത്തിനും ദഫ് മുട്ടിനും സമ്മാനാർഹനായതോടെ കലാരംഗത്ത് ഒരു കൈ നോക്കാൻ തീരുമാനിച്ചു. കോഴിക്കോടൻ ഭാഷയിൽ തമാശ പറഞ്ഞ് ആളുകളെ ചിരിപ്പിച്ച ഹരീഷ് പത്താം ക്ലാസ് കഴിഞ്ഞതോടെ മിമിക്രി രംഗത്തേക്ക് വന്നു. കാലിക്കറ്റ് ഫ്രണ്ട്‌സിന്റെ മിമിക്രി ആർട്ടിസ്റ്റായാണ് തുടക്കം. തുടർന്ന് കല്ലായിയിലെ കാലിക്കറ്റ് സൂപ്പർ ജോക്‌സ്, വി ഫോർ കാലിക്കറ്റ് തുടങ്ങിയ പ്രാദേശിക ക്ലബ്ബുകളുടെ പരിപാടികളിലെല്ലാം ഹരീഷിന്റെ ഹാസ്യാഭിനയം ജനശ്രദ്ധ പിടിച്ചെടുത്തു. ദേവരാജൻ, രതീഷ് പെരുവയൽ, പ്രകാശ് പയ്യാനക്കൽ, അനിൽ ബേബി തുടങ്ങിയവരടങ്ങിയ കൂട്ടായ്മയിൽ കാലിക പ്രസക്തിയുള്ള സ്‌കിറ്റുകളും ഒപ്പം നാടൻനൃത്തങ്ങളും മറ്റും രതീഷിന്റെ നേതൃത്വത്തിൽ നിരവധി അരങ്ങുകളെ കൊഴുപ്പിച്ചു. ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റിന്റെ പിറവി കൂടിയായി അത്. നിയാസ് കല്ലായി, ദിൽഷ എന്നിവരോടൊപ്പമുള്ള അഭിനയവും ഹരീെഷന്ന നടനെ അനാവരണം ചെയ്തു. രണ്ടു പതിറ്റാണ്ട് നീണ്ട സ്റ്റേജ് മിമിക്രി - നാടകാഭിനയം മലബാറിലാകെ, പ്രത്യേകിച്ചും കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഹരീഷിലെ പ്രതിഭാധനനായ കലാകാരനെ അടയാളപ്പെടുത്തി. മഴവിൽ മനോരമ കോമഡി ഫെസ്റ്റിവലിലെ സ്വാതന്ത്ര്യ സമര സേനാനിയുടെ തകർപ്പൻ അഭിനയത്തോടെ ഹരീഷ് പെരുമണ്ണ, ജാലിയൻ കണാരൻ എന്ന താരനാമത്തിന്റെ പെരുമ സ്വന്തമാക്കുകയും ചെയ്തു. 2012 ൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ഹരീഷിനെത്തേടിയെത്തി.

2014 ലാണ് അക്കു അക്ബർ സംവിധാനം ചെയ്ത ഉൽസാഹക്കമ്മിറ്റി എന്ന സിനിമയിൽ ഹരീഷിന് അവസരം ലഭിക്കുന്നത്. തുടർന്ന് അനിൽ രാധാകൃഷ്ണ മേനോന്റെ സപ്തമശ്രീ തസ്‌കര എന്ന പടത്തിലും അഭിനയിച്ചു. ഇതിനകം എൺപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ള ഹരീഷ് നിരവധി റോളുകളിലെ അഭിനയ സിദ്ധിയിലൂടെ നിരവധി അംഗീകാരങ്ങളും കരസ്ഥമാക്കി. സാൾട്ട് മാംഗോട്രീയിലെ ഷെഫീഖ്, ഓരു സെക്കന്റ് ക്ലാസ് യാത്രയിലെ ഓട്ടോ ഡ്രൈവർ, അഛാ ദിൻ എന്ന ചിത്രത്തിലെ മദനൻ, കുഞ്ഞിരാമായണത്തിലെ രതീഷ്്, ടു കൺട്രീസിലെ സാജൻ കൊയിലാണ്ടി, ഹലോ നമസ്‌തേയിലെ രമേശൻ, കിംഗ്‌ലെയറിലെ പുഷ്പകുമാർ, വെൽകം ടു സെൻട്രൽ ജയിലിലെ സ്വാമി, സ്വർണക്കടുവയിലെ ജോജു, പുത്തൻ പണത്തിലെ ചന്ദ്രു, ജോർജേട്ടൻസ് പൂരത്തിലെ ചായക്കടക്കാരൻ എന്നീ കഥാപാത്രങ്ങളുടെ വൈവിധ്യം ഹരീഷിലെ യഥാർഥ കലാകാരനെ അഭ്രപാളികളിൽ തിളക്കമേറ്റിയ നടൻ എന്ന ബഹുമതിയിലേക്കുയർത്തി. വിനീത് (രക്ഷാധികാരി ബൈജു ഒപ്പ്), ഭരതൻ (പുള്ളിക്കാരൻ സ്റ്റാറാ...), ദശരഥൻ (ആന അലറലോടലറൽ), ഫക്രു (ഷെർലക് ഹോംസ്) എന്നീ വേഷങ്ങളും ഹരീഷിനെ മലയാള സിനിമയുടെ നർമവീഥിയിൽ ചിരപ്രതിഷ്ഠനാക്കി. ബിജോയ് ജോസഫ് സംവിധാനം ചെയ്യുന്ന ഉല്ലാസപ്പൂത്തിരികൾ എന്ന ചിത്രമാണ് ഹരീഷ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ഷൂട്ടിംഗ് പൂർത്തിയായ ഉല്ലാസപ്പൂത്തിരികൾ ഉടനെ റിലീസ് ചെയ്യും. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2017 ലെ മികച്ച കൊമേഡിയനുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി പുരസ്‌കാരം ഹരീഷിനായിരുന്നു. പിറ്റേ വർഷം വിവിധ പടങ്ങളിലെ ഹാസ്യാഭിനയത്തിനുള്ള ഏഷ്യാനെറ്റ് അവാർഡും ഈ നടന് ലഭിച്ചു. ആനക്കള്ളൻ, ഒരു പഴയ ബോംബ് കഥ എന്നീ സിനിമകളിലെ ഹാസ്യ വേഷത്തിന് വനിത ഫിലിം അവാർഡ് രണ്ടു വർഷം തുടർച്ചയായി ഹരീഷിനാണ് ലഭിച്ചത്്. 2021 ൽ ഷൈലോക്ക് എന്ന സിനിമയിലെ നർമാഭിനയത്തിനുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ അവാർഡും ഹരീഷിനായിരുന്നു. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഓസ്‌ട്രേലിയ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുള്ള ഹരീഷും സംഘവും അടുത്ത വർഷം ഏപ്രിൽ 26 ന് അമേരിക്കയിലും പരിപാടി സംഘടിപ്പിക്കും. - ജിദ്ദയിലെ മലയാളികളുടെ സ്‌നേഹം എന്റെ മനസ്സിൽ നിന്ന് മായില്ല. അത്രയും ആവേശകരമായ വരവേൽപാണ് അവർ നൽകിയത്. തീർച്ചയായും ഞാൻ ഇനിയും ജിദ്ദയിൽ വരും. ഇവിടെയെത്തിയപ്പോൾ അന്യരാജ്യം എന്ന ഫീലിംഗ് ചെറുതായിപ്പോലും ഉണ്ടായില്ല. കോഴിക്കോട്ടോ മലപ്പുറത്തോ പോയത് പോലെയാണ് അനുഭവപ്പെട്ടത്.. ഹരീഷ് പറഞ്ഞു. നൃത്താധ്യാപികയായ സന്ധ്യയാണ് ഹരീഷിന്റെ ജീവിത സഖി. മക്കൾ: ധ്യാൻ ഹരി, ധ്വനി ഹരി. ഫോട്ടോ : നാസർ ശാന്തപുരം






