Sorry, you need to enable JavaScript to visit this website.

ഇന്‍ബോക്സിലെത്തി തെറി വിളിക്കരുതേ-സജിത മഠത്തില്‍

കൊച്ചി- ഒ.ടി.ടി റിലീസിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്ത വലിയ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വിധേയമാവുന്നത്. ചിത്രത്തിലെ തിരക്കഥക്കും സംഭാഷണങ്ങള്‍ക്കുമെതിരെയാണ് വിമര്‍ശനമുയരുന്നത്. കിങ് ഓഫ് കൊത്ത ഒ.ടി.ടി റിലീസിന് ശേഷം ഏറ്റവുമധികം വിമര്‍ശനം കേട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു സജിത മഠത്തില്‍ അവതരിപ്പിച്ച കാളിക്കുട്ടിയേടത്തി. മകനെക്കാളും മകനെ പോലെ കരുതിയ രാജുവിനും മേലെ പൂച്ചയുടെ ജീവന് പ്രാധാന്യം കൊടുത്തത് ഉയര്‍ത്തിക്കൊണ്ടാണ് ഈ കഥാപാത്രത്തിനെതിരെ വിമര്‍ശനവും ട്രോളുകളും വന്നത്.
എന്നാല്‍ കഥാപാത്രത്തിന്റെ പേരില്‍ തന്റെ ഇന്‍ബോക്സില്‍ വന്ന് തെറി പറയരുതെന്ന് പറയുകയാണ് സജിത മഠത്തില്‍. കൊത്ത രാജുവിനെ കൊന്ന പൂച്ചയെ രക്ഷിച്ചതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും കൊത്ത രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടുകിട്ടിയാല്‍ അറിയിക്കാമെന്നും സജിത മഠത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
'കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയെ തെറി പറയാനും പരിഹസിക്കാനും ഇന്‍ബോക്സില്‍ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, പ്രസ്തുത വിഷയത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല. കൊത്ത എന്ന രാജ്യത്ത് ജീവിച്ചിരുന്ന കാളിക്കുട്ടിയെ കണ്ടെത്തിയാല്‍ ഞാന്‍ വിവരം അറിയിച്ചോളാം! (ഇതെങ്കിലും ഫലിക്കുമായിരിക്കും അല്ലെ? എന്തൊരു കഷ്ടമാണിത്.),' സജിത മഠത്തില്‍ കുറിച്ചു.
കിങ് ഓഫ് കൊത്ത സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷിയാണ്. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളില്‍ ഏറ്റവും വലിയ റിലീസ് ആയിട്ടാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്തത്.ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

Latest News