സഹോദരന്മാരെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി- സഹോദരന്‍മാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.
കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനു സമീപത്തുള്ള ഇടശ്ശേരി ബാറിനു മുന്‍ വശത്ത് സഹോദരന്‍മാരായ വിവേകിനേയും വിനോയിയേയും ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികളാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. 

കടുങ്ങല്ലൂര്‍ വില്ലേജില്‍ മുപ്പത്തടം ഭാഗത്ത് മതേലിപ്പറമ്പില്‍ വീട്ടില്‍ അമല്‍ ബാബു (23), കടുങ്ങല്ലൂര്‍ വില്ലേജില്‍ മുപ്പത്തടം ഭാഗത്ത് മണപ്പുറത്ത് വീട്ടില്‍ അര്‍ജ്ജുന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. സെപ്തംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

പ്രതികള്‍ രണ്ടു പേരും സഹോദരന്‍മാരായ വിവേകും വിനോയുമായി കളമശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപത്തു വാക്കു തര്‍ക്കമുണ്ടാകുകയും അതിലെ വിരോധം കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനു സമീപത്തുള്ള ഇടശ്ശേരി ബാറിനു മുന്‍വശത്തു വച്ച് പ്രതികള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നതിലാണ് കലാശിച്ചത്. 

വിവേകിനേയും വിനോയിയേയും തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ബാറില്‍ കയറി ബിയര്‍ കുപ്പി എടുത്തു കൊണ്ടുവന്ന് രണ്ടു പേരേയും കഴുത്തിലും തലയിലും കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ശേഷം രക്ഷെപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. വിവേകിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കളമശ്ശേരി പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. 

കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ്, ബാബു, എ. എസ്. ഐ അബു, സീനിയര്‍ സി. പി. ഒ ശ്രീജിത്ത്, സി. പി. ഒ ഷിബു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവര്‍ മോഷണം, പിടിച്ചുപറി, സ്ത്രീ പീഡനം, മയക്കുമരുന്ന്,  അടിപിടി, വധശ്രമം തുടങ്ങിയ നിരവധി കേസുകളിലും ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച കേസിലും പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ  റിമാന്റ് ചെയ്തു.

Latest News