Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് മണ്ണെടുത്ത സ്ഥലത്ത് വീടിനു ഭീഷണി; സര്‍ക്കാര്‍ 10 ലക്ഷം നല്‍കും

കെ. ബൈജുനാഥ്

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായി മണ്ണെടുത്ത സ്ഥലത്തുള്ള വീടിനും ഭൂമിക്കും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ വീട്ടുടമയ്ക്ക് സ്ഥലം വാങ്ങി വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സഹായം നല്‍കാമെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കരിപ്പൂര്‍ കുമ്മിണിപറമ്പ് സ്വദേശി കണ്ണനാരി മുഹമ്മദിന്റെ പരാതിയിലാണ് നടപടി. സഹായം ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കാന്‍ കമ്മീഷന്‍ മുഹമ്മദിന് നിര്‍ദേശം നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പള്ളിക്കല്‍ പഞ്ചായത്തിലുള്ള മുഹമ്മദിന്റെ വീട് മണ്ണിടിച്ചില്‍ ഭീഷണി നേരിടുകയാണെന്നായിരുന്നു പരാതി. ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന്‍ ജില്ലാ കലക്ടറില്‍ നിന്നും വാങ്ങി. 1993-94 കാലഘട്ടത്തിലാണ് വിമാനത്താവളത്തിന് വേണ്ടി സ്ഥലം ഏറ്റെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു മീറ്റര്‍ വീതിയിലും 25 മീറ്റര്‍ നീളത്തിലും മണ്ണെടുത്തതോടെ മുഹമ്മദിന്റെ ഭൂമിയുടെ അതിര്‍ത്തി ഇടിഞ്ഞുവീണു. വീടിനോട് ചേര്‍ന്ന ശൗചാലയത്തിന്റെ ടാങ്ക് ഇടിഞ്ഞു. ഇക്കാര്യങ്ങള്‍ ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചു. പ്രകൃതിക്ഷോഭം കാരണമല്ല മണ്ണിടിച്ചിലുണ്ടായതെന്നും കണ്ടെത്തി.
കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ദുരന്തസാധ്യതാ പ്രദേശത്ത് നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കും. സ്ഥലം വാങ്ങാന്‍ ആറു ലക്ഷവും വീട് നിര്‍മിക്കാന്‍ നാലു ലക്ഷവും സര്‍ക്കാര്‍ സഹായം നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പരാതിക്കാരന്‍ അപേക്ഷ നല്‍കിയാല്‍ അനന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

Latest News