Sorry, you need to enable JavaScript to visit this website.

ശൈശവ വിവാഹത്തിന്റെ പേരില്‍ വീണ്ടും പോലീസ് വേട്ട,ആയിരത്തിലേറെ പേര്‍ അറസ്റ്റില്‍

ഗുവാഹത്തി- അസാമില്‍ ശൈശവ വിവാഹത്തിനെതിരെ ആരംഭിച്ച നടപടികളുടെ രണ്ടാം ഘട്ടത്തില്‍ ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഈ വര്‍ഷമാദ്യം ശൈശവ വിവാഹ വിരുദ്ധ വേട്ടയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തുടനീളം ആയിരങ്ങള്‍ അറസ്റ്റിലായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച പ്രത്യേക നടപടിയില്‍ 800ലധികം പ്രതികളെ അസം പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് മുഖ്യമന്ത്രി ശര്‍മ്മ എക്‌സില്‍ പറഞ്ഞിരുന്നത്.പിന്നീട് അറസ്റ്റിലായവരുടെ എണ്ണം 1039 ആയി ഉയര്‍ന്നു.ഓപ്പറേഷന്‍ തുടരുന്നതിനാല്‍ ശൈശവ വിവാഹമെന്ന സാമൂഹിക വിപത്തുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ശര്‍മ്മ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഫെബ്രുവരി മുതലാണ് അസം സര്‍ക്കാര്‍ ശൈശവവിവാഹത്തിനെതിരെ കടുത്ത നടപടികള്‍ ആരംഭിച്ചത്. സാമൂഹിക തിന്മയുമായി വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി  പ്രഖ്യാപിച്ചതിന് ശേഷം 4,300 എഫ്‌ഐആറുകളില്‍ 3,500ലധികം പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളില്‍  3,907 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ 3,319 പേര്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമമായ പോക്‌സോ പ്രകാരം കുറ്റാരോപണം നേരിടുന്നുണ്ടെന്നും സെപ്റ്റംബര്‍ 11 ന് മുഖ്യമന്ത്രി ശര്‍മ്മ അസം അസംബ്ലിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ശൈശവ വിവാഹത്തിനെതിരായ കേസുകളില്‍ ഇതുവരെ 62 പേരെ മാത്രമേ കോടതി ശിക്ഷിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, പോലീസ് സേനയെ ഉപയോഗിച്ച് ശൈശവ വിവാഹം തടയാന്‍ കഴിയില്ലെന്നും ബന്ധപ്പെട്ടവരോട് സംസാരിക്കാന്ന സമീപനമാണ് വേണ്ടതെന്നും ഏറ്റവും പുതിയ അടിച്ചമര്‍ത്തലിനോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പറഞ്ഞു.  പഴയ കേസുകളുമായി ബന്ധപ്പെട്ട ആളുകളെ ഉപദ്രവിക്കരുത്, ഫെബ്രുവരിയിലെ ആദ്യ യത്‌നത്തിനുശേഷം എന്തെങ്കിലും പുതിയ ശൈശവ വിവാഹ കേസ് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ അത് അസം പോലീസിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ഭീഷണി തടയാന്‍ ആളുകളുടെ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. പോലീസിനോടൊപ്പം കുട്ടികളുടെ വികസനത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും പ്രവര്‍ത്തിക്കുന്ന  മറ്റ് ഏജന്‍സികളും ആവശ്യമാണെന്ന് സൈകിയ പറഞ്ഞു.
2026 ഓടെ ശൈശവവിവാഹം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ 200 കോടി രൂപയുടെ 'സ്‌റ്റേറ്റ് മിഷന്‍' ആരംഭിക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ 2023-24 ലെ ബജറ്റ് അവതരിപ്പിച്ച അസം ധനമന്ത്രി അജന്ത നിയോഗ് പ്രഖ്യാപിച്ചിരുന്നു.
ദൗത്യത്തിന് കീഴില്‍, അസമിലെ എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെയും ശൈശവ വിവാഹ നിരോധന ഓഫീസര്‍മാരായി നിയോഗിക്കുമെന്നും പറഞ്ഞിരുന്നു.  
2006ലെ ശൈശവ വിവാഹ നിരോധന നിയമം (പിസിഎംഎ) ലംഘിക്കുന്നവര്‍ക്കെതിരെ ഓരോ ആറു മാസത്തിലും പോലീസ് കര്‍ശന നടപടികള്‍ തുടരുമെന്നും അജന്ത നിയോഗ് വ്യക്തമാക്കിയിരുന്നു.

 

Latest News