ഡോ. വന്ദനാദാസിന്റെ കൊലപാതകം: ഡി ജി പി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി - ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി ജി പിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഡി ജി പി കേസ് ഡയറി പരിശോധിക്കണമെന്നും കോടതി പറഞ്ഞു. അന്വേഷണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്  അലംഭാവമുണ്ടാകുന്നതായി വന്ദനയുടെ പിതാവ് മോഹന്‍ദാസ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസ് ഡയറി സംസ്ഥാന പൊലീസ് മേധാവി നേരിട്ട് പരിശോധിക്കണമെന്നും വന്ദനയുടെ മാതാപിതാക്കളെ നേരിട്ട് വിളിച്ച് അവരുടെ പരാതി എന്തെന്ന് കേള്‍ക്കണമെന്നും അതിന് ശേഷം  ഉചിതമായ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ സി ബി ഐ അന്വേഷണത്തിന്  ഉത്തരവിടണമോയെന്ന കാര്യം ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  തീരുമാനിക്കുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ ഉത്തരവിട്ടു. കഴിഞ്ഞ മെയ് 10ന് പുലര്‍ച്ചെയാണ് ഡോ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മുറിവ് വെച്ചുകെട്ടാന്‍ പൊലീസ് എത്തിച്ച പ്രതി സന്ദീപ് ഡ്രസിംഗ് കത്രിക കൈക്കലാക്കി വനിതാ ഹൗസ് സര്‍ജന്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തുകയായിരുന്നു.

 

Latest News