Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനീഷ് പാറമ്പുഴയുടെ രാജി കാരണം കാണിക്കൽ നോട്ടീസിന് പിന്നാലെ -വെൽഫെയർ പാർട്ടി

കോട്ടയം - വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി അംഗമായിരുന്ന അനീഷ് പാറമ്പുഴ രാജിവെച്ചത് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ് കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പെന്ന് വെൽഫെയർ പാർട്ടി. ഒരു മാസം മുമ്പ് വെൽഫെയർ പാർട്ടിയിൽനിന്ന് രാജിവെച്ച അനീഷ് കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായതിനെത്തുടർന്നാണ് പാർട്ടി വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്. 

അനീഷ് പാർട്ടിയിൽ നിന്ന് ഒരു മാസം മുമ്പ് രാജി വെച്ചിരുന്നു. സോഷ്യൽ മീഡിയ വഴി പാർട്ടിയുടെ നയത്തിനും രാഷ്ട്രീയത്തിനും വിരുദ്ധമായി കടുത്ത വംശീയതയിലൂന്നിയ നിലപാട് പ്രചരിപ്പിച്ചതിനെ തുടർന്ന്, പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന നടപടിക്രമത്തിന്റെ ഭാഗമായി അനീഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസ് കാലാവധി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് അനീഷ് രാജി വെക്കുകയാണുണ്ടായതെന്ന് വെൽഫെയർ പാർട്ടി വിശദീകരിച്ചു. 

രാജി വെച്ചവരെ വീണ്ടും പുറത്താക്കുന്ന രീതി വെൽഫെയർ പാർട്ടി സ്വീകരിക്കാറില്ല. അതു കൊണ്ടാണ് ഇക്കാര്യം പൊതുജനങ്ങളെയോ മാധ്യമങ്ങളെയോ അറിയിക്കാതിരുന്നത്. അതേ സമയം, വിഷയത്തിൽ പാർട്ടി സ്വീകരിച്ച നടപടികൾ പാർട്ടിയുടെ കീഴ്ഘടകങ്ങളെ അതാത് സമയങ്ങളിൽ അറിയിക്കുകയും ചെയ്തിരുന്നു.

രൂപീകരണ കാലം മുതൽ സംഘ്പരിവാർ ഫാഷിസത്തോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയ ചരിത്രമാണ് വെൽഫെയർ പാർട്ടിയുടേത്. സംഘ്പരിവാറിന്റെ വേട്ടക്കിരയായ നേതാക്കളും പ്രവർത്തകരും അതിന്റെ സാക്ഷ്യങ്ങളാണ്. അതിനിയും പൂർവാധികം ശക്തിയിൽ മുന്നോട്ട് നയിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ്.  അതേ സമയം രാഷ്ട്രീയ നിലപാടുകൾക്കപ്പുറം സ്വാർത്ഥതാൽപര്യങ്ങൾക്കും ഭാഗ്യാന്വേഷണങ്ങൾക്കും മുൻഗണന നൽകി സംഘ്പരിവാറിന് വിലക്കെടുക്കാവുന്ന രീതിയിൽ ആദർശശൂന്യരും രാഷ്ട്രീയ വഞ്ചകരുമായവർ സമൂഹത്തിലുണ്ട്. അത്തരം അവസരവാദക്കാരെ സമൂഹം തിരിച്ചറിയുകയാണ് വേണ്ടത്.
ഈ അവസരം ഉപയോഗിച്ച് പാർട്ടിയെ അപകീർത്തിപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ ചില നിക്ഷിപ്ത താൽപര്യക്കാർ സോഷ്യൽ മീഡിയ വഴി നടത്തുന്ന കുപ്രചരണങ്ങളെ പൊതുജനങ്ങൾ തള്ളിക്കളയേണ്ടതാണെന്ന് വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി സുനിൽ ജാഫർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

Latest News