Sorry, you need to enable JavaScript to visit this website.

വെൽഫെയർ പാർട്ടിയെ നയിച്ചവർ ആർ.എസ്.എസ് പാളയത്തിൽ എത്തുന്നത് എന്തുകൊണ്ട്? ചോദ്യവുമായി ശ്രീജ നെയ്യാറ്റിൻകര

കൊച്ചി - വെൽഫെയർ പാർട്ടി വിട്ട് മൂന്നാമതൊരു നേതാവ് കൂടി ആർ.എസ്.എസ് കൂടാരത്തിൽ എത്തിയതിൽ വിമർശവുമായി വെൽഫെയർ പാർട്ടിയിൽനിന്ന് രാജിവെച്ച മുൻ സംസ്ഥാന നേതാവും സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ശ്രീജ നെയ്യാറ്റിൻകര രംഗത്ത്.
 വെൽഫെയർ പാർട്ടിയുടെ വിദ്യാർത്ഥി-യുവജന രംഗത്തുകൂടി വളർന്നുവന്ന അനീഷ് പാറമ്പുഴ പാർട്ടി വിട്ട് ആർ.എസ്.എസ് പാളയത്തിൽ എത്തിയതുമായി ബന്ധപ്പെട്ടാണ് ഇവരുടെ വിമർശം. 
 അനീഷ് തന്റെ രാജിയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങളിലൊന്ന് ഒരുവശത്ത് ഫാസിസ്റ്റ് വിരുദ്ധത പറയുന്ന വെൽഫെയർ പാർട്ടി, മറുവശത്ത് ആർ.എസ്.എസുമായി ചർച്ച നടത്തിയെന്നും അത് ഇരട്ടത്താപ്പാണെന്നുമാണ്. ആ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് എന്തുണ്ട് നിങ്ങൾക്ക് ന്യായീകരണം എന്ന് വെൽഫെയർ പാർട്ടിയോട് ചോദിക്കുന്ന അനീഷ് ഇപ്പോൾ എത്തിനിൽക്കുന്നത് ആർ എസ് എസിലുമെന്നും അവർ എഫ്.ബിയിൽ ചൂണ്ടിക്കാട്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ശ്രീജ നെയ്യാറ്റിൻകരയുടെ​ എഫ്.ബി കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:

വെൽഫെയർ പാർട്ടിയുടെ കേരള ഘടകത്തിൽ നിന്ന് ആർ എസ് എസ് പാളയത്തിലെത്തിയ മൂന്നാമത്തെ നേതാവാണ് അനീഷ് പാറമ്പുഴ... 

വെൽഫെയർ പാർട്ടി സംസ്ഥാന കമ്മറ്റിയംഗവും തൃശൂർ ജില്ലാ പ്രസിഡന്റുമായിരുന്ന കെ ജി മോഹനൻ 2019-ൽ വെൽഫെയർ പാർട്ടി വിട്ട് ബി ജെ പിയിലെത്തി.. 
തുടർന്ന് 2020 ൽ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന സരസ്വതി വെൽഫെയർ പാർട്ടി വിട്ട് ബി ജെ പിയിലെത്തി ..
ഇപ്പോഴിതാ അനീഷ് പാറമ്പുഴ പട്ടികജാതി മോർച്ചയിലൂടെ ആർ എസ് എസ് പാളയത്തിലെത്തിയിരിക്കുന്നു...
കേവലം വെൽഫെയർ പാർട്ടിയുടെ അണികളല്ല ആർ എസ് എസ് പാളയത്തിലേക്കൊഴുകിയിരിക്കുന്നത്.. വെൽഫെയർ പാർട്ടിയെ നയിച്ചിരുന്ന നേതാക്കളാണ് ... 
ആർ എസ് എസ് പാളയത്തിലെത്തി നിൽക്കുന്ന അനീഷ് പാറമ്പുഴ വെൽഫെയർ പാർട്ടിയിൽ വഹിച്ചിരുന്ന പദവികൾ നോക്കൂ.....
1 വെൽഫെയർ പാർട്ടിയുടെ വിദ്യാർത്ഥി യുവജന സംഘടനയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്
2 വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സെക്രട്ടറി 
3 വെൽഫെയർ പാർട്ടി ദലിത്  ആദിവാസി സമിതി സംസ്ഥാന കോഡിനേറ്റർ
4 വെൽഫെയർ പാർട്ടി സംസ്ഥാന സോഷ്യൽ മീഡിയ കമ്മറ്റി അംഗം.
5 വെൽഫെയർ പാർട്ടി PR കമ്മറ്റിയംഗം 
6 വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ കമ്മറ്റിയംഗം ...
വർഷങ്ങളായി വെൽഫെയർ പാർട്ടിയുടെ വ്യത്യസ്ത പദവികളിൽ നിലകൊണ്ടിരുന്ന ഒരു നേതാവ്, കടുത്ത ഇസ്ലാമോഫോബിയയും പ്രചരിപ്പിച്ച് വെൽഫെയർ പാർട്ടിയിൽ നിന്ന് രാജി വച്ച് രാജിയ്ക്ക് കാരണമായി വെൽഫെയർ പാർട്ടിക്കെതിരെ രാജ്യവിരുദ്ധ മുദ്രയടക്കം ചാർത്തി ഇപ്പോൾ ആർ എസ് എസ് പാളയത്തിലെത്തി പുഞ്ചിരിച്ച് നിൽക്കുന്നു ...
വെൽഫെയർ പാർട്ടിക്ക് ഹിന്ദുത്വയ്‌ക്കെതിരെ കൃത്യമായ ഒരു രാഷ്ട്രീയ നയം ഉണ്ടായിരുന്നെങ്കിൽ ആ പാർട്ടിയുടെ നേതാക്കൾ ആർ എസ് എസ് പാളയത്തിലെത്തുമായിരുന്നോ?
വംശഹത്യ പ്രത്യയ ശാസ്ത്രത്തിനെതിരെ ഉയർത്തിയ ഇരപക്ഷ രാഷ്ട്രീയത്തിന് ആശയപരമായ കരുത്തുണ്ടായിരുന്നുവെങ്കിൽ നേതാക്കൾ തന്നെ വംശഹത്യ പ്രത്യയ ശാസ്ത്രത്തിൽ ആകർഷിക്കപ്പെടുമായിരുന്നോ?
തെരുവിൽ വർഗീയ കലാപം നടത്താനിറങ്ങിയ ശശികലയ്‌ക്കൊപ്പം വേദി പങ്കിട്ട, സവർണ്ണ സാംസ്‌കാരിക ഹിന്ദുത്വയുടെ വക്താവും പ്രചാരകയും ആയ വ്യക്തി സംസ്ഥാന നേതാവായിരിക്കുന്ന പാർട്ടിയിൽ നിന്ന് ഉറപ്പുള്ള ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയ നയം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിൽ പരം വിഡ്ഢിത്തം വേറെയുണ്ടോ? 
മുസ്ലീം ദലിത് പക്ഷ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ഒരു മുസ്ലീം ഭൂരിപക്ഷ പാർട്ടിയിൽ ദീർഘകാലം ചേർന്ന് നിന്നൊരാൾ ഒരു സുപ്രഭാതത്തിൽ സവർണ്ണ സാംസ്‌കാരിക ദേശീയത ലക്ഷ്യം വയ്ക്കുന്ന വംശഹത്യ പ്രത്യയ ശാസ്ത്രക്കാരുടെ കൂടാരത്തിൽ ചെന്ന് നിന്ന്, ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയുടെ സംഘാടകനായ നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചിരിക്കുന്ന മെമ്പർഷിപ് കാർഡും പിടിച്ച് പുഞ്ചിരിച്ച് നിൽക്കുന്ന കാഴ്ചയോളം അശ്ലീല കാഴ്ച വേറെയില്ല ... 
അനീഷ് തന്റെ രാജിയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങളിലൊന്ന് ഒരു വശത്ത് ഫാസിസ്റ്റ് വിരുദ്ധത പറയുന്ന വെൽഫെയർ പാർട്ടി മറുവശത്ത് ആർ എസ് എസുമായി ചർച്ച നടത്തിയെന്നും അത് ഇരട്ടത്താപ്പാണെന്നുമാണ്... ആ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് എന്തുണ്ട് നിങ്ങൾക്ക് ന്യായീകരണം എന്ന് വെൽഫെയർ പാർട്ടിയോട് ചോദിക്കുന്ന അനീഷ് ഇപ്പോൾ എത്തി നിൽക്കുന്നത് ആർ എസ് എസിലും..
ആർ എസ് എസ് പാളയത്തിലേക്കുള്ള ഇടത്താവളമായി ഒരു നവ രാഷ്ട്രീയ പ്രസ്ഥാനം മാറുന്നത് പോലൊരു ദുരന്തം വേറെയില്ല.. ആത്മപരിശോധന നടത്തേണ്ടത് വെൽഫെയർ പാർട്ടിയാണ്...

Latest News