Sorry, you need to enable JavaScript to visit this website.

അനിൽകുമാർ താങ്കൾ ഏത് ലോകത്താണ്? ഏതാണാ 'പുരോഗമന'ത്തിന്റെ അളവുകോൽ?!

 മലപ്പുറത്തെ മുസ്‌ലിം പെണ്ണുങ്ങളെ കുറിച്ചുളള അനിൽകുമാർ സഖാവിന്റെ വിചാരങ്ങളൊക്കെയും ഔട്ട്‌ഡേറ്റഡാണ്. പുതുക്കിയില്ലെങ്കിൽ താങ്കൾ പഴഞ്ചനായി പോകും. പറ്റുമെങ്കിൽ മലപ്പുറത്തെ സഖാക്കളോടൊന്ന് അന്വേഷിക്കണം. മലപ്പുറത്തെ തട്ടമിട്ട പെൺകുട്ടികൾ സാധ്യമാക്കുന്ന പുരോഗമനാധ്യായങ്ങളെ കുറിച്ച്...

 

 തട്ടം വേണ്ടെന്ന് പറയുന്ന മുസ്‌ലിം പെൺകുട്ടികൾ മലപ്പുറത്തുണ്ടായതാണത്രെ പുരോഗമനം. തട്ടമിടാത്തതാണ് പുരോഗമനമെന്നാണ് അനിൽ കുമാർ സഖാവിന്റെ കണ്ടെത്തൽ. 

 താങ്കളേത് ലോകത്താണ് ജീവിക്കുന്നത്? പറ്റുമെങ്കിൽ മലപ്പുറത്തേക്കൊന്ന് വരൂ. ഇവിടത്തെ മുസ്‌ലിം പെൺകുട്ടികളിലേക്കൊന്ന് കണ്ണു തുറന്ന് നോക്കൂ. തട്ടമിട്ടവരിലേക്ക് തന്നെ നോക്കിക്കോളൂ. പുരോഗമനത്തിന്റെ മുഴുവൻ അളവുകോലും വെച്ച് നോക്കൂ. അവരെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ കാണാം. സകല തൊഴിലിടങ്ങളിലും കാണാം. പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ കാണാം. അധികാര കേന്ദ്രങ്ങൾക്കു നേരെ വിരൽ ചൂണ്ടുന്നവരായി കാണാം. സംഘാടകരായും പ്രഭാഷകരായും കാണാം. അങ്ങനെയങ്ങനെ സാമൂഹ്യതയുടെ സകല പരിസരത്തും മുന്നിൽ നിൽക്കുന്നവരായി അവരെ കാണാം.

 അഴിച്ചിട്ട് നടക്കലാണ് പുരോഗമനമെങ്കിൽ അവിടെ അവരെ കാണില്ല. ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിൽ നടന്ന ലോക കുതിരയോട്ട മത്സരത്തിൽ വിജയം കൊയ്ത നിദ അൻജൂമിനെ സഖാവിനറിയില്ലേ?. അവൾ മലപ്പുറത്തുകാരിയാണ്. തട്ടമിട്ട മലപ്പുറത്തുകാരി. പൗരത്വ പ്രക്ഷോഭ കാലത്ത് ഡൽഹിയിലെ തെരുവിൽ പോലീസിനു നേരെ വിരൽ ചൂണ്ടി നിന്ന കുറേ പെൺകുട്ടികളെ പോരാട്ടത്തിന്റെ പ്രതീകമായി അവതരിപ്പിച്ചതോർമ്മയില്ലേ?. അവർ മലപ്പുറത്തുനിന്ന് പഠിക്കാൻ പോയ തട്ടമിട്ട പെൺകുട്ടികളാണ്.

മത്സര പരീക്ഷകളും പൊതുപരീക്ഷകളും കഴിയുമ്പോൾ മികച്ച വിജയം നേടുന്നവരുടെ കൂട്ടത്തിൽ ചെറുതല്ലാത്ത എണ്ണം മലപ്പുറത്തെ തട്ടമിട്ട പെൺകുട്ടികളാണ്. ഭരണരംഗത്ത് മികവു പുലർത്തിയവരിൽ കുറവല്ലാത്ത എണ്ണമുണ്ട് തട്ടമിട്ടവർ. 

 പുരോഗമനമെന്നാൽ തട്ടമൂരി എറിയലാണെന്നാണ് താങ്കൾ മനസ്സിലാക്കിയിട്ടുള്ളതെങ്കിൽ അതൊരു തരം പ്രത്യേക മാനസികാവസ്ഥയാണ്. ചികിത്സ ആവശ്യമുള്ള ഒന്നാണത്. ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങളാൽ അടച്ചിടലിന്റെ പിന്നാമ്പുറങ്ങളിലേക്കു പോയ മുസ്‌ലിം പെണ്ണ് സ്വയം മാറ്റം സാധ്യമാക്കിയിട്ടുണ്ട്. അത് തട്ടമൂരിയെറിഞ്ഞ് സാധ്യമാക്കിയതല്ല. തട്ടമിട്ടു തന്നെ സാധ്യമാക്കിയതാണ്. അത് താങ്കൾ പറഞ്ഞ പോലെ കമ്മ്യൂണിസത്തിന്റെ സ്വാധീനത്തിൽ സാധ്യമായതുമല്ല. സ്വയം മാറ്റത്തിന് വിധേയമാകാതെ ഒരു മാറ്റവും സാധ്യമാകില്ലെന്ന തിരിച്ചറിവിൽ നിന്ന് ആർജിച്ചതാണ്. അതിനിയും തുടരും. തട്ടമിട്ടു തന്നെ തുടരും.

 മലപ്പുറത്തെ മുസ്‌ലിം പെണ്ണുങ്ങളെ കുറിച്ചുളള അനിൽകുമാർ സഖാവിന്റെ വിചാരങ്ങളൊക്കെയും ഔട്ട്‌ഡേറ്റഡാണ്. പുതുക്കിയില്ലെങ്കിൽ താങ്കൾ പഴഞ്ചനായി പോകും. പറ്റുമെങ്കിൽ മലപ്പുറത്തെ സഖാക്കളോടൊന്ന് അന്വേഷിക്കണം. മലപ്പുറത്തെ തട്ടമിട്ട പെൺകുട്ടികൾ സാധ്യമാക്കുന്ന പുരോഗമനാധ്യായങ്ങളെ കുറിച്ച്. 
 പുരോഗമനവും പോരാട്ടവുമൊക്കെ ഉരിഞ്ഞിട്ടു നടക്കാനുള്ള സ്വാതന്ത്ര്യം സാധ്യമാക്കലാണെന്ന് കരുതുന്നവരോട് സഹതപ്പിക്കുവാനെ തരമുള്ളൂ. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News