കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരില്‍ മുറിയെടുത്ത് ചീട്ടുകളി; 5.6 ലക്ഷം രൂപയുമായി ഏഴു പേര്‍ പിടിയില്‍

തിരുവനന്തപുരം-നഗരത്തിലെ പ്രധാന ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയിലായി. പണം വെച്ച് ചീട്ടുകളിച്ച സംഭവത്തില്‍ ഏഴുപേരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. 5.6 ലക്ഷം രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു. പണം വെച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നാണ് വൈകിട്ട് ഏഴോടെ മ്യൂസിയം പോലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തിയത്. ക്ലബിലെ അഞ്ചാം നമ്പര്‍ ക്വാട്ടേഴ്‌സില്‍നിന്നാണ് ഇവരെ പിടികൂടിയത്.

സംഘം എത്തിയ കാറും പോലീസ് പരിശോധിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയുടെ പേരിലാണ് മുറി എടുത്തത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരനാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എം.ഡി. എസ്.ആര്‍ വിനയകുമാര്‍.
അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വിനയുകമാര്‍ പറഞ്ഞിട്ടാണ് മുറി നല്‍കിയതെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ആരാണ് തന്റെ പേരില്‍ മുറിയെടുത്തതെന്ന് അറിയില്ലെന്ന് എസ്.ആര്‍ വിനയകുമാര്‍ പറഞ്ഞു.

 

Latest News