പഴശ്ശിരാജ കണ്ട ബ്രിട്ടീഷ് എം.പി മമ്മൂട്ടി ഫാനായി 

ബ്രിട്ടീഷുകാര്‍ക്കെതിരെ ഐതിഹാസിക പോരാട്ടം നയിച്ച പഴശ്ശിരാജയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കണ്ടു ആവേശഭരിതനായി ബ്രിട്ടീഷ് എംപി മാര്‍ട്ടിന്‍ ഡേ. ചിത്രത്തെ കുറിച്ച് ഫേസ്ബുക്കിലൂടെയാണ് എപിയുടെ പ്രതികരണം. സ്‌കോട്‌ലന്‍ഡ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമാണ് ഇദ്ദേഹം. 13 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വതന്ത്ര സമര പോരാളി വില്യം വാലേസിന്റെ ജീവിതവുമായി പഴശ്ശിരാജയുടെ ജീവിതത്തിന് സാമ്യമുണ്ടെന്ന് മാര്‍ട്ടിന്‍ ഡേ പറയുന്നു. പഴശ്ശിരാജയെ പോലെ ഗറില്ലാ യുദ്ധ തന്ത്രങ്ങള്‍ വാലേസും പ്രയോഗിച്ചിട്ടുണ്ടെന്നും മാര്‍ട്ടിന്‍ വിവരിക്കുന്നു. വാലേസിനെ കുറിച്ച് സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമായി സംസാരിച്ചിരുന്നു. അദ്ദേഹമാണ് പഴശ്ശിരാജയെ കുറിച്ച് തനിക്ക് പറഞ്ഞു തന്നതെന്നും മമ്മൂട്ടിയുടെ സിനിമ കാണാന്‍ നിര്‍ദ്ദേശിച്ചതെന്നും മാര്‍ട്ടിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പഴശ്ശിരാജയുടെ ഇംഗ്ലീഷ് ജീവചരിത്രം തേടി നടക്കുകയാണ് താനെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. മമ്മൂട്ടിയുടെ അംബേദ്കര്‍ സിനിമയും കണ്ടിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ കാണാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.ബ്രിട്ടീഷുകാര്‍ ഇന്ത്യയോട് ചെയ്തത് എന്ത്? എന്ന തരൂരിന്റെ പുസ്തകം പോസ്റ്റില്‍ കമന്റായി ഒരാള്‍ ചേര്‍ത്തപ്പോള്‍ താന്‍ ഈ പുസ്തകം വായിച്ചെന്നും ഇതു സമ്മാനമായി നല്‍കിയത് തരൂര്‍ തന്നെയാണെന്നും മാര്‍ട്ടിന്‍ മറുപടിയായി പറഞ്ഞിട്ടുണ്ട്.

Latest News