വൈദ്യശാസ്ത്ര നൊബേല്‍ 2 പേര്‍ക്ക്;  നേട്ടം കോവിഡ് പ്രതിരോധ ഗവേഷണത്തിന്

സ്റ്റോക്ക്ഹോം-2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിന്‍ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്സ്മാന്‍ (യുഎസ്) എന്നിവര്‍ അര്‍ഹരായി. കോവിഡ്19 വാക്സീന്‍ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്‌കാരം. വാക്സീനുകളില്‍ സഹായകരമായ എംആര്‍എന്‍എയുമായി (മെസഞ്ചര്‍ ആര്‍എന്‍എ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്‌കാരത്തിന് അര്‍ഹരാക്കിയത്. കോവിഡ് വാക്സീന്‍ ഗവേഷണത്തില്‍ ഉള്‍പ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്.
ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീന്‍ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേല്‍ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറല്‍ തോമസ് പള്‍മന്‍ ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയിലെ പ്രഫസറാണ് പുരസ്‌കാരത്തിന് അര്‍ഹയായ കാറ്റലിന്‍ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ് ഡ്രൂ വെയ്സ്മാന്‍.
എംആര്‍എന്‍എയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റിയായിരുന്നു ഇരുവരുടെയും പഠനം. കോവിഡ് വാക്സീന്‍ നിര്‍മാണ സമയത്ത് ഈ പഠനം ഏറെ സഹായകമായി. കോടിക്കണക്കിനു പേരുടെ ജീവന്‍ രക്ഷിക്കുന്നതിലേക്കും ഇതു നയിച്ചു. എംആര്‍എന്‍എ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇരുവരെയും നൊബേല്‍ സമ്മാനത്തിലേക്കു നയിച്ചതെന്നും സമിതി വ്യക്തമാക്കി.
2015ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പറില്‍ ഇവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ കോവിഡ് വാക്സീന്‍ ഗവേഷണ സമയത്താണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. എംആര്‍എന്‍എ അടിസ്ഥാനമാക്കി 2020ല്‍ കോവിഡ്19 വാക്സീന്‍ വികസിപ്പിക്കുന്നതില്‍ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ നിര്‍ണായകമായെന്നും നൊബേല്‍ സമിതി വ്യക്തമാക്കി.

Latest News