പാലക്കാട് - സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രണയ ബന്ധം തകര്‍ന്നപ്പോള്‍ പാലക്കാട് കിഴക്കഞ്ചേരിയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് (27) മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19നാണ് കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയെ (39) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവര്‍ എഴുതി വെച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധമാണ് മരണത്തിലേക്ക് എത്തിച്ചതെന്ന് യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നും വിവരം ലഭിച്ചിരുന്നു. കേസില്‍ തുടരന്വേഷണം നടത്തുകയാണെവന്നും അതിന്റെ ഭാഗമായി തെളിവ് ശേഖരണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. എസ് സി എസ്ടി ആക്ട് പ്രകാരം ആത്മഹത്യാ പ്രേരണക്കാണ് കേസ് എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.






