അടുത്ത സൗദി ബജറ്റില്‍ ചെലവ് 1.251 ബില്യന്‍; വരവ് 1.172 ബില്യന്‍

റിയാദ് -സുസ്ഥിര സാമ്പത്തിക വളര്‍ച്ച നിരക്ക് ഉയര്‍ത്തുന്നതിനും സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും സര്‍ക്കാര്‍ തുടങ്ങിവെച്ച പരിഷ്‌കാരങ്ങള്‍ തുടരുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. എണ്ണയിതര വരുമാനം ഉയര്‍ത്താനും വ്യവസായ മേഖലയെ ഉത്തേജിപ്പിക്കാനും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും പുതിയ സംരംഭങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കുമെന്നും സാമ്പത്തിക വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഫലപ്രദമായ നീക്കങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024 ബജറ്റിന് മുന്നോടിയായുള്ള പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കും സംഭവ വികാസങ്ങള്‍ക്കുമിടയില്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്താനുള്ള പ്രാപ്തി വര്‍ധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ജി.ഡി.പി വളര്‍ച്ച, എണ്ണയിതര മേഖലയിലെ വരുമാന വളര്‍ച്ച, വളരുന്ന തൊഴില്‍ വിപണി, ആഗോള നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മിതമായ പണപ്പെരുപ്പം, തൊഴിലില്ലായ്മ നിരക്കിലെ ഇടിവ് എന്നിവയെല്ലാം അനുകൂല സൂചകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

2024 ലെ മൊത്തം വരുമാനം ഏകദേശം 1.172 ബില്യണ്‍ റിയാലിലെത്തുമെന്നാണ് പ്രതീക്ഷ. 2026 ല്‍ അത് 1.259 ബില്യണ്‍ റിയാലിലെത്തും. 2024ല്‍ മൊത്തം ചെലവ് ഏകദേശം 1,251 ബില്യണ്‍ റിയാലായിരിക്കും. 2026ല്‍ ഇത് ഏകദേശം 1,368 ബില്യണ്‍ റിയാലിലെത്തും. 2024ല്‍ ജി.ഡി.പിയുടെ 1.9 ശതമാനം പരിമിതമായ കമ്മി രേഖപ്പെടുത്തും.
പ്രതീക്ഷിത ബജറ്റ് കമ്മി പരിഹരിക്കുന്നതിനും 2024ല്‍ കുടിശ്ശിക തിരിച്ചടക്കുന്നതിനുമായി അംഗീകൃത വാര്‍ഷിക വായ്പാ പദ്ധതിക്ക് അനുസൃതമായി വായ്പയെടുക്കുന്നത് തുടരും. വരും വര്‍ഷങ്ങളിലെ പ്രധാന കുടിശ്ശിക അടക്കുന്നതിനും ചില തന്ത്രപ്രധാന പദ്ധതികള്‍ക്ക് പണം നല്‍കുന്നതിനും അവസരമുണ്ടാക്കും. സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന സാമ്പത്തികവും സാമൂഹികവുമായ വരുമാനമുള്ള ചില പരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പിന്റെ വേഗം ത്വരിതപ്പെടുത്തുന്നതിനുള്ള ചെലവ് വിപുലീകരിക്കുന്നതിന്റെ ഫലമായി പൊതു കടത്തിന്റെ വലിപ്പം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പൊതുബജറ്റ് തയാറാക്കുന്നതിനുള്ള രീതിശാസ്ത്രം വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ നയത്തിന്റെ ഘടകങ്ങളിലൊന്നായാണ് ബജറ്റിന് മുന്നോടിയായുള്ള പ്രസ്താവന ധനമന്ത്രാലയം പുറത്തിറക്കുന്നത്. ഇതുവഴി അടുത്ത വര്‍ഷത്തെ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശികവും അന്തര്‍ദേശീയവുമായ സാമ്പത്തിക സംഭവവികാസങ്ങളെക്കുറിച്ച് പൗരന്മാരെയും തല്‍പര കക്ഷികളെയും വിശകലന വിദഗ്ധരെയും അറിയിക്കുക കൂടിയാണ് പ്രീ ബജറ്റ് പ്രസ്താവനയുടെ ലക്ഷ്യം.

 

Latest News