Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനില്‍ നിരവധി ബാര്‍ റെസ്റ്റോറന്റുകള്‍ക്ക് പൂട്ടുവീണു, കൂടുതലും മലയാളി ഉടമകള്‍, നിരവധി പേര്‍ക്ക് ജോലി പോയി

മനാമ-  നിയമലംഘനങ്ങളുടെ പേരില്‍ ബഹ്‌റൈനിലെ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അധികൃതര്‍ അടപ്പിച്ചത് മലയാളികള്‍ക്ക് തിരിച്ചടിയായി. അടച്ചവയില്‍ കൂടുതല്‍ ബാറുകള്‍ നടത്തിയതും മലയാളികളായിരുന്നു. ഇവിടെ വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്മടക്കമാണ് ജോലി നഷ്ടമായത്.
എന്റര്‍ടെയിന്റ് മെന്റ് ഏരിയ എന്ന് അറിയപ്പെടുന്ന ബ്ലോക്ക് 338 ഏരിയയിലെ 32  ബാര്‍ റസ്റ്റോറന്റുകളാണ് കഴിഞ്ഞയാഴ്ച  അടച്ചത്. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താലാണ് പൂട്ട് വീണത്. വന്‍ തുക പിഴ അടച്ച ശേഷം ടൂറിസം മാനദണ്ഡങ്ങള്‍ എല്ലാ പാലിച്ചതിനു ശേഷം മാത്രമേ ഇവ ഇനി പഴയ പോലെ പ്രവര്‍ത്തിക്കാനാവൂ. പരിശോധനകളുടെ അടിസ്ഥാനത്തില്‍ കൃത്യവിലോപം നടത്തിയ രീതി അനുസരിച്ച് 10,000  ദിനാര്‍ മുതല്‍ 30,000  ദിനാര്‍ വരെയാണ് പല റസ്റ്ററന്റുകള്‍ക്കും പിഴ വീണിട്ടുള്ളത്. സ്വദേശി ഉടമകളില്‍നിന്ന് സബ് ലീസിങ് എടുത്തു നടത്തുന്ന റസ്‌റ്റോറന്റുകളില്‍  പലതിനും ഇപ്പോള്‍ അധികൃതര്‍ നടപ്പാക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിച്ചിട്ടില്ലെന്ന് മാത്രമല്ല, ജീവനക്കാര്‍ക്ക്  നിയമാനുസൃത വിസയും ഉണ്ടായിരുന്നില്ല.
രാത്രികാലങ്ങള്‍ ആഘോഷമാക്കാനാകുന്ന എല്ലാ ചേരുവകളും ഇവിടെ ലഭ്യമായിരുന്നു. കേരളാ റസ്റ്ററന്റ് മുതല്‍ ഇന്ത്യയിലെ പല വൈവിദ്ധ്യമാര്‍ന്ന രുചികളും ജപ്പാനീസ്, തായ്, ഐറിഷ്, യൂറോപ്യന്‍  രാജ്യങ്ങളുടെയും   ബ്രാന്‍ഡഡ് കമ്പനികളുടെ  സ്റ്റീക്‌സ് , സീഫുഡ്, ബര്‍ഗറുകള്‍ തുടങ്ങിയവയുടെയും  വലിയ ശ്രേണി തന്നെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. സഞ്ചാരികള്‍ക്കും  സന്ദര്‍ശകര്‍ക്കും വിനോദപരിപാടികള്‍ അല്പം ലഹരിയോടെ ആസ്വദിക്കുന്നവര്‍ക്കും ഏറെ ഇഷ്ടമുള്ള   ഈ ബ്ലോക്കില്‍  ലൈവ് ബാന്‍ഡുകള്‍, നൃത്തങ്ങള്‍ എന്നിവ പതിവായിരുന്നു. അടച്ചുപൂട്ടിയവയില്‍ ഏറിയ കൂറും  മലയാളി ഉടമകള്‍ നടത്തുന്നവയാണ്. വൈകിട്ടോടെ സജീവമായിരുന്ന ബഹുഭൂരിപക്ഷം റസ്റ്ററന്റുകളും അടച്ചതോടെ വര്‍ണക്കാഴ്ചകളാല്‍ സമൃദ്ധമായ ഈ പ്രദേശം ഇപ്പോള്‍  ശൂന്യമായ അവസ്ഥയിലാണ്
ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന  മലയാളി പെണ്‍കുട്ടികള്‍ അടക്കമുള്ള ഒട്ടേറെ വെയിറ്റര്‍മാര്‍ ജോലിയില്ലാത്ത അവസ്ഥയിലാണ്. ലക്ഷങ്ങള്‍ ഏജന്റുമാര്‍ക്ക് നല്‍കി വെയ്റ്റര്‍മാരായി ജോലിക്ക് എത്തിയതാണ് ഇവരില്‍ പലരും. റസ്റ്ററന്റുകളിലെ ഉപഭോക്താക്കള്‍ നല്‍കുന്ന ടിപ്‌സ് മാത്രമാണ്  ഇവരുടെ ശമ്പളം. താമസ സ്ഥലത്തിന്റെ വാടക അടക്കമുള്ളവ ടിപ്‌സ്  ലഭിക്കുന്ന തുകയില്‍ നിന്ന് തന്നെയാണ് കണ്ടത്തിയിരുന്നതും. റസ്റ്റോറന്റുകളെ സജീവമാക്കിയിരുന്ന മ്യൂസിക് ബാന്‍ഡ് അംഗങ്ങളും ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണുള്ളത്.

 

Latest News