ജിദ്ദ- ഈ വർഷം ഹജ് നിർവഹിക്കുന്നതിന് ഏതാനും ഖത്തരികൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ.അബ്ദുൽ ഫത്താഹ് മുശാത്ത് പറഞ്ഞു. ഹജ്, ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ ലിങ്ക് വഴിയാണ് ഇവർ രജിസ്റ്റർ ചെയ്തത്. ഹജ് നിർവഹിക്കുന്നതിനായി ഇവർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് സാധിക്കുകയാണ് പ്രധാനം. ലോകത്തെ ഏതു രാജ്യങ്ങളിൽ നിന്നും ഖത്തരികൾക്ക് ഈ ലിങ്ക് വഴി ഹജിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. എന്നാൽ ഖത്തറിൽ ഈ ലിങ്ക് ബ്ലോക്ക് ചെയ്തതായി റിപ്പോർട്ടുകളുണ്ടെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി പറഞ്ഞു. ഈ വർഷം ഹജ്, ഉംറ മന്ത്രാലയം ആദ്യം ഏർപ്പെടുത്തിയ ലിങ്ക് ഖത്തർ ബ്ലോക്ക് ചെയ്തിരുന്നു. തുടർന്ന് രണ്ടാമത് ഏർപ്പെടുത്തിയ ലിങ്കും ബ്ലോക്ക് ചെയ്തു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങളെയും നിയമ വിരുദ്ധമായി ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവരെയും ഹജ്, ഉംറ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങൾക്ക് തടയിടുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ ഇ-ട്രാക്ക് വഴി മാത്രമേ ഹജ് തസ്‌രീഹ് ലഭിക്കുകയുള്ളൂ. ഇ-ട്രാക്ക് വഴി നിയമാനുസൃത ഹജ് സർവീസ് സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് ഹജ് അനുമതി പത്രം ലഭിക്കുക. സാമൂഹിക മാധ്യമങ്ങൾ വഴി ചിലർ വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങളെ കുറിച്ച് പരസ്യം ചെയ്യുന്നത് ഹജ്, ഉംറ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ഇതേ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ ഹജ്, ഉംറ മന്ത്രാലയം അറിയിക്കുന്നുണ്ട്.
നിരക്ക് കുറഞ്ഞ ഹജ് കാറ്റഗറി വരും വർഷങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന് ആലോചനയുണ്ട്. ലോ-ഫെയർ ഹജ് കാറ്റഗറിയിലും അസീസിയയിലെ ഹോട്ടലുകളിൽ താമസം നൽകുന്ന അൽ മുയസ്സർ കാറ്റഗറിയിലും സീറ്റുകൾ വർധിപ്പിക്കണമെന്ന് ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
കടുത്ത തിരക്കുള്ള സമയങ്ങളിൽ പുണ്യ സ്ഥലങ്ങളിലേക്ക് നുഴഞ്ഞു കയറുന്നതിന് ചിലർ ശ്രമിക്കുന്നുണ്ട്. ഇവർ റോഡുകളിലും ഫുട്പാത്തുകളിലും വിരിച്ച് താമസിക്കുകയാണ്. മക്കക്കു സമീപമുള്ള പ്രദേശങ്ങളിലെ നിവാസികളും അനധികൃതമായി പുണ്യസ്ഥലങ്ങളിൽ പ്രവേശിച്ച് ഹജ് നിർവഹിക്കുന്നതിന് ശ്രമിക്കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പിടികൂടുന്ന ഇത്തരക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും. ഇ-ട്രാക്കിൽ ലഭ്യമായ സീറ്റുകളിൽ 85 ശതമാനവും ഇതിനകം തീർന്നു പോയിട്ടുണ്ട്. ലോ-ഫെയർ, അൽ മുയസ്സർ കാറ്റഗറികളിലെ മുഴുവൻ സീറ്റുകളും തീർന്നുപോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഖത്തറിൽ നിന്ന് ഹജ് തീർഥാടകർ ആരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്ന് സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാൻ കൂടിയായ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഇന്നലെ അറിയിച്ചിരുന്നു. ഖത്തരി തീർഥാടകർ ഇതുവരെ പുണ്യ സ്ഥലങ്ങളിൽ എത്തിയിട്ടില്ലെങ്കിലും ഏതാനും ഖത്തരികൾ ഹജിന് രജിസ്റ്റർ ചെയ്തതായാണ് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ.അബ്ദുൽ ഫത്താഹ് മുശാത്ത് വെളിപ്പെടുത്തിയത്.






