Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ഞാൻ കാരണം, അതിന്റെ എല്ലാ ദോഷങ്ങളും പേറി അച്ഛൻ പോയി, ഓർക്കാത്ത ദിവസങ്ങളില്ല'; കോടിയേരിയെക്കുറിച്ച് മകൻ ബിനീഷ്

കണ്ണൂർ - അച്ഛനെ കുറിച്ച് ഓർക്കാത്ത ഒരു ദിവസമോ നിമിഷമോ ഉണ്ടായിട്ടില്ലെന്ന് സി.പി.എം നേതാവും മുൻ അഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ഓർമവാർഷികത്തിൽ മകൻ ബിനീഷ് കോടിയേരി. 
 ഞങ്ങളോട് നന്നായി പഠിക്കണം എന്നല്ല, ആളുകളോട് നന്നായി ഇടപെടണം, നന്നായി സംസാരിക്കണം, സാമൂഹ്യമായ ഇടപെടലുകളിൽ ജീവിക്കണം എന്നായിരുന്നു അച്ഛൻ എപ്പോഴും പറഞ്ഞിരുന്നത്. നമുക്ക് തുല്യരാണ് എല്ലാവരും എന്ന ബോധത്തോടെയെ സാമൂഹ്യ ഇടപെടലുകൾ നടത്താവൂ എന്ന് എപ്പോഴും പറയും. ആരോടും അച്ഛൻ ചിരിച്ചിരുന്നത് മനസ്സും ഹൃദയവും കൊണ്ടാണ്. ഒരിക്കൽ പരിചയപ്പെടുന്ന ഒരാളെ നാളുകൾക്കുശേഷം കണ്ടാലും പേരും സംസാരിച്ച വിഷയവും അച്ഛൻ ഓർക്കുമായിരുന്നുവെന്നും ബിനീഷ് കോടിയേരി സമൂഹമാധ്യമത്തിൽ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
അച്ഛൻ
ഒക്ടോബർ ഒന്ന് അച്ഛൻ യാത്രയായ ദിവസം.
2023ൽ ആ ദിവസമെത്തുമ്പോൾ അച്ഛൻ 'യാത്ര പറയാതെ' പോയിട്ട് 365 ദിവസത്തെ ദൈർഘ്യമാവുന്നു, അച്ഛനെ കുറിച്ച് ഓർക്കാത്ത ഒരു ദിവസമോ നിമിഷമോ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
ഇത്ര പെട്ടന്ന് ദിനങ്ങൾ കടന്ന് പോയോ എന്ന് തോന്നിക്കുമാറുംവിധം ഉൾക്കൊള്ളാനാവാത്ത ഒരു യാഥാർത്ഥ്യമായി അച്ഛന്റെ വേർപാട് നില്ക്കുന്നു.
അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ഓരോരുത്തരുടെയും മനസ്സിൽ എത്ര എത്ര ഓർമ്മകളായിരിക്കും വരിക, ചിരിക്കുന്ന മുഖത്തോടു കൂടിയ രൂപം നാം എല്ലാവരുടെയും മനസ്സിൽ ഇപ്പൊ വരുന്നുണ്ടാവും.
അച്ഛന്റെ പോയ ദിവസങ്ങളിലെ പത്രങ്ങളും വിഡിയോയും ഒന്നും പൂർണ്ണമായി ഇപ്പോഴും കണ്ടിട്ടില്ല.
ഇപ്പോൾ സഖാക്കൾ ചെറു വീഡിയോകളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെക്കുമ്പോഴാണ് ചിലത് കാണുന്നത്. അത് ഇടയ്ക്ക് ഒരിക്കൽ കാണാൻ ശ്രമിച്ചു. പക്ഷെ പറ്റിയില്ല, കാണുമ്പോഴേക്കും നെഞ്ചു കട്ടികൂടി തൊണ്ടയിൽ കനം കൂടുന്ന അവസ്ഥയാണ്. ഇപ്പോഴും അത് അങ്ങനെ തന്നെ. പൊരുത്തപ്പെടാൻ ഇനിയും എത്ര സമയമെടുക്കും എന്നറിയില്ല. അച്ഛൻ പറഞ്ഞ വാക്കുകളും അച്ഛന്റെ ഓർമ്മകളും കരുത്താക്കി, അച്ഛനില്ലാത്ത ലോകത്ത് ആണ് ഞാൻ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശ്വാസം ഒരോ നിമിഷവും എന്നോടൊപ്പമുണ്ട്. അച്ഛൻ എന്ന മനുഷ്യൻ എത്രയോ പടർന്നു പന്തലിച്ച ഒന്നായിരുന്നു എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ നാളുകളായിരുന്നു ഇത്. അച്ഛൻ ആരായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കിത്തുടങ്ങിയിട്ടേ ഉള്ളൂവെന്നും കാലങ്ങളോളം തുടരുമെന്നും ഞാൻ തിരിച്ചറിയുന്നു.
അച്ഛൻ ആരായിരുന്നു, സഖാവ് കോടിയേരി ബാലകൃഷ്ണൻ ജനങ്ങൾക്ക് എന്തായിരുന്നു, അച്ഛൻ ഇടപെട്ട ഒരോരുത്തരുടേയും മനസ്സിൽ കോടിയേരി എന്ന മനുഷ്യൻ എങ്ങനെയാണ് അടയാളപ്പെടുത്തപ്പെട്ടത് എന്ന് അദ്ദേഹമില്ലാത്ത ഈ ദിവസങ്ങളിൽ ഓരോ നിമിഷവും ഞാൻ അറിയുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു.
അച്ഛൻ ഇടപെട്ട ഒരോ മനുഷ്യർക്കും അവരുടെ ജീവിതകാലം മുഴുവൻ ഓർക്കാൻ നല്ലൊരു അനുഭവം ബാക്കിവച്ചിട്ടാണ് അച്ഛൻ പോയത്, ജനങ്ങളോട് അത്രമേൽ അലിഞ്ഞു ചേർന്നിരുന്നു അച്ഛൻ.
അച്ഛൻ പോയതിന്റെ ആഘാതത്തിൽ മൂന്നു മാസത്തോളം കോടിയേരിയിലെ വീട്ടിൽതന്നെ ഒരു മരവിപ്പോടെ ഉള്ള ഇരിപ്പായിരുന്നു, അതിനു ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞാൻ പോകുമ്പോൾ, എന്നെ തലോടിയും കെട്ടിപ്പിടിച്ചും ആളുകൾ പറയുന്നത് എല്ലാവർക്കുമറിയാവുന്ന കോടിയേരിയെക്കുറിച്ചല്ല, അവരുടെ കോടിയേരിയെക്കുറിച്ചാണ്. ഒരോരുത്തരുടേയും ജീവിതത്തിൽ അദ്ദേഹത്തതിൽനിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ചാണ്. അതിൽ സി.പി.എം പ്രവർത്തകർ മാത്രമല്ല, മറിച്ച് അവരിൽ എല്ലാ തലത്തിലുമുള്ള ജനങ്ങളുമുണ്ടായിരുന്നു. ഇത്രയും പേരോട് ഒരു മനുഷ്യന് നേരിട്ട് എങ്ങനെ ബന്ധപ്പെടാനാവും എന്ന് ആശ്ചര്യപ്പെടുമ്പോൾ, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്തായിരിക്കണം എന്നതിനെക്കുറിച്ചു തന്റെ കാഴ്ചപ്പാടുകൾ അച്ഛൻ അതേ പോലെ തന്നെ പ്രാവർത്തികമാക്കിയിരുന്നു എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.
സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനോട് എല്ലാ പാർട്ടിയിലും പെട്ട ആൾക്കാർ രാഷ്ട്രീയാതീതമായി പ്രശ്‌നങ്ങൾ സംസാരിക്കാൻ എന്തുകൊണ്ട് വന്നു എന്നതിന്റെ ഉത്തരം അച്ഛൻ ഒരു നല്ല കേൾവിക്കാരനായിരുന്നു എന്നതാണ്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഒരേ വിഷയം രണ്ടുതരത്തിൽ രണ്ടുപേർ പറയുമ്പോഴും രണ്ടു പേരെയും മുഴുവനായും കേട്ടിരുന്നു. നിരവധി തവണ കേട്ട കാര്യങ്ങൾ വീണ്ടും പുതുതായി ഒരാൾ വരുമ്പോൾ ആ ആൾ പറയുന്നതും മുഴുവനായും കേൾക്കും. അച്ഛനെ കുറിച്ചു സംസാരിച്ച ഭൂരിപക്ഷം ആളുകളും പറഞ്ഞത് ആളുകൾക്ക് മനസിലാവുന്ന, അവർ പറയുന്ന ഭാഷയിലാണ് അച്ഛൻ സംസാരിച്ചിരുന്നത് എന്നാണ്. പാർട്ടി യോഗങ്ങളിലെ പ്രസംഗവും അത്തരത്തിലുള്ളതായിരുന്നു. തന്റെ മുമ്പിൽ വരുന്ന മനുഷ്യരോടുള്ള അതിയായ അനുകമ്പയും സ്‌നേഹവുമാണ് കോടിയേരിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് സഖാവ് എ.കെ.ജിക്കും സഖാവ് ഇ.കെ നായനാർക്കും ശേഷം എല്ലാ വിഭാഗം ജനങ്ങളോടും ഇത്രയും ചേർന്നുനിന്ന ഏറ്റവും ജനകീയനായ സി.പി.ഐ.എം നേതാവായി കോടിയേരി മാറിയത് എന്നാണ്. .അച്ഛനോടുള്ള ഇഷ്ടം അച്ഛന് നല്കിയ യാത്രമൊഴിയിലൂടെ ഈ നാട് കാണിച്ചു തന്നു. കോടിയേരിയോട് എല്ലാം തുറന്ന് പറയാം എന്ന് ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ളവർക്കും ഒരാത്മബന്ധം അച്ഛനോടുണ്ടായിരുന്നത്. 
 മറ്റ് പാർട്ടിയിലെ നേതാക്കൾക്കും പ്രവർത്തകർക്കും ഒരേപോലെ പ്രാപ്യനായിരുന്നു കോടിയേരി എന്ന സി.പി.ഐ.എം നേതാവ്. സി പി എമ്മുമായി എന്ത് രാഷ്ട്രീയ പ്രശ്‌നമുണ്ടായാലും സംസാരിക്കാൻ കോടിയേരിയുണ്ടല്ലോ എന്നത് അവർക്ക് ആശ്വാസമായിരുന്നു എന്ന് വിവിധ നേതാക്കൾ ഞങ്ങളോട് പറഞ്ഞു.
മറ്റൊരാളെ കേൾക്കാനുള്ള സഹിഷ്ണുത അച്ഛൻ പ്രധാനമായി കണ്ടിരുന്നു. ഒരാൾ അവരുടെ വിഷമമോ പ്രയാസമോ പറയാൻ നമ്മളെ തിരഞ്ഞെടുത്തത് നിസ്സാര കാര്യമല്ലെന്നും നമ്മളെയൊരു മനുഷ്യനായി, അവരിലൊരാളായി അവർക്ക് അനുഭവപ്പെടുന്നതുകൊണ്ടാണ് ആ തെരഞ്ഞെടുക്കലെന്നും അതിനാൽ നല്ലൊരു കേൾവിക്കാരനാവുക എന്നതും ഒന്നാന്തരം രാഷ്ട്രീയപ്രവർത്തനമാണ് എന്നും നിരന്തരം അച്ഛൻ പറഞ്ഞിരുന്നു. അത് അദ്ദേഹം അക്ഷരാർത്ഥത്തിൽ പാലിച്ചിരുന്നുവെന്ന് ഒരോരുത്തരും അവരുടെ അനുഭവങ്ങൾ, അവർ പറഞ്ഞത് കേട്ടപ്പോഴുള്ള ആശ്വാസം, ചൂണ്ടിക്കാട്ടിയ പ്രതിവിധി ഒക്കെ പറയുമ്പോൾ ബോധ്യപ്പെടുന്നു. 
ഞങ്ങളോട് നന്നായി പഠിക്കണം എന്നല്ല, ആളുകളോട് നന്നായി ഇടപെടണം, നന്നായി സംസാരിക്കണം, സാമൂഹ്യമായ ഇടപെടലുകളിൽ ജീവിക്കണം എന്നായിരുന്നു അച്ഛൻ എപ്പോഴും പറഞ്ഞിരുന്നത്. നമുക്ക് തുല്യരാണ് എല്ലാവരും എന്ന ബോധത്തോടെയെ സാമൂഹ്യ ഇടപെടലുകൾ നടത്താവൂ എന്ന് എപ്പോഴും പറയും. ആരോടും അച്ഛൻ ചിരിച്ചിരുന്നത് മനസ്സും ഹൃദയവും കൊണ്ടാണ്. ഒരിക്കൽ പരിചയപ്പെടുന്ന ഒരാളെ നാളുകൾക്കുശേഷം കണ്ടാലും പേരും സംസാരിച്ച വിഷയവും അച്ഛൻ ഓർക്കുമായിരുന്നു. 
 എന്നും കൂട്ടത്തിലൊരാളായിരുന്നു അച്ഛൻ. ഒരു രാഷ്ട്രീയ നേതാവായോ പാർട്ടി സെക്രട്ടറിയായോ ഒന്നുമായിട്ടായിരുന്നില്ല ഇടപെടൽ. സാധാരണ പല നേതാക്കൾക്കും ഒരോ സ്ഥലത്തെയും എല്ലാവരോടും ബന്ധം ഉണ്ടാകണമെന്നില്ല. എന്നാൽ അതിലും വ്യത്യസ്തനായിരുന്നു അച്ഛൻ. കഴിഞ്ഞ ഒരു വർഷത്തിനിടെ എത്രയോ പേരാണ് തനിക്ക് കോടിയേരിയുമായുളള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്.
 പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കലുഷിതമായ രാഷ്ട്രീയ പ്രശ്‌നങ്ങളെയും വളരെ സമചിത്തതയോടെയാണ് അച്ഛൻ നേരിട്ടിരുന്നത്. ഇത്തരം വിഷയങ്ങൾ പറയുമ്പോൾ ഇന്നും കോടിയേരി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. മറ്റു പലതിനുമെന്നപോലെ, പ്രതിസന്ധികളുടെ നാളുകളിലെ വിഷയ ലഘൂകരണവും കോടിയേരി സ്‌കൂളിലെ പ്രധാന പഠനോപാധിയായിരുന്നു. പ്രായോഗിക രാഷ്ട്രീയം ഇത്ര കൃത്യതയോടെ ആധുനിക കാല സി പി എംന്റെ കേരള രാഷ്ട്രീയത്തിൽ ഉപയോഗിച്ച മറ്റൊരാൾ ഉണ്ടാവില്ല. കോടിയേരി പ്രായോഗിക രാഷ്ട്രീയത്തിന്റെ സ്‌കൂൾ ആണ് എന്നാണ് അച്ചനോട് ഇടപെട്ടവർ പറഞ്ഞത്.
സംഘടനാ മികവും സംഘടനയെ ഒരുമിച്ചു നിർത്താനുള്ള കോടിയേരിയുടെ അനിതരസാധാരണമായ കഴിവുമാണ് മറ്റു ചിലർ പറയാറ്. രക്തസാക്ഷി കുടുംബങ്ങളോടുള്ള സ്‌നേഹവും കരുതലും, വിവിധ കേസുകളിൽ പെട്ട് ജയിലിൽ കിടക്കുന്ന സഖാക്കളുടെ കുടുംബങ്ങളും അവരുടെ കേസും അവരുടെ പരോൾ തുടങ്ങിയവയിലെല്ലാം ഉള്ള കോടിയരിയുടെ ഇടപെടലും ജനകീയ ചിന്തകനായിരുന്ന കോടിയേരിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ ആണ് എഴുത്തുകാരും ചിന്തകരും പങ്കുവെച്ചത്.
നിരന്തരമായ വായനയും രാഷ്ട്രീയചരിത്രത്തെ കുറിച്ചുള്ള അഗാധമായ അറിവും, വർത്തമാന കാലഘട്ടത്തെ ചരിത്രവുമായി ചേർത്ത് അവതരിപ്പിക്കാനുള്ള പ്രത്യേക മിടുക്കും പലരും ചൂണ്ടിക്കാട്ടുന്നു. അച്ഛൻ ഇല്ലാതായ വർത്തമാന കാലഘട്ടത്തിൽ അച്ഛന്റെ അസാനിദ്ധ്യം എത്രത്തോളം ശ്രദ്ധേയമാവുന്നു എന്നാണ് കാണുന്നത്. ഇന്നത്തെ പാർട്ടിയിലെ യുവനിരയെ നേതൃനിരയിൽ കൊണ്ടുവരാൻ അച്ഛൻ വഹിച്ച പങ്ക്, അവർക്കൊക്കെ ഒരോ കോടിയേരി അനുഭവം എപ്പോഴും പറയാനുണ്ട്. ഓരോരുത്തരോടും വ്യക്തിപരമായും ഏറ്റവും അടുപ്പം ഉണ്ടായിരുന്നു. ഒരോ ആളെയും എവിടെ എപ്പോൾ ഉപയോഗിക്കണമെന്നതിൽ അച്ഛന് നല്ല ധാരണയുണ്ടായിരുന്നു. ഇന്ന് ഒരു ഇരുപത് വയസുള്ള എല്ലാവർക്കും അറിയുന്ന കേട്ടിട്ടുള്ള ഒരു മുഖമാണ് കോടിയേരി. അത് കൊണ്ട് തന്നെ വരാനിരിക്കുന്ന നാളുകളിലും കോടിയേരിയുടെ നേതൃപരമായ ഇടപെടലുകളും വാക്കുകളും നേരിട്ടറിഞ്ഞവർ നവ കേരളത്തിന്റെ സാരഥ്യമേറും.
 നമ്മൾ എന്തെങ്കിലും ആയോ എന്നത് മാത്രമല്ല ജീവിതം. മറ്റുള്ളവർക്ക് എന്തെങ്കിലുമാവാൻ നമ്മൾ ഒരു കാരണമാവുന്നതും ജീവിത വിജയമാണ് എന്ന് അച്ഛൻ പറയാറുള്ള ഒന്നാണ്. കോടിയേരിയുടെ ഓർമകൾ വരും കാലങ്ങളിലും കൂടുതൽ ഉയർന്നു നില്ക്കും.
ഭരണതലത്തിൽ അച്ഛൻ ചുമതല വഹിച്ചിരുന്ന ആഭ്യന്തര ടൂറിസം വകുപ്പുകളിലെ പദ്ധതികളിൽ പലതും അച്ഛന്റെ കാലത്ത് നടപ്പായതാണെന്ന് മറ്റുള്ളവർ പറയുമ്പോഴാണ് അറിയുന്നതു പോലും. അച്ഛൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഒരോ ദിവസവും സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരോ പദ്ധതികൾ അവതരിപ്പിക്കപ്പെട്ടിരുന്നു എന്ന് അന്നത്തെ പോലീസ് മേധാവികൾഅഭിപ്രായപ്പെട്ടു. ടൂറിസം മേഖലയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്നു. ഏതെല്ലാം കാര്യം ചെയ്തിട്ടും ഒരിക്കലും ഒരു അവകാശവാദവും അദ്ദേഹം ഉന്നയിച്ചിരുന്നില്ല. പാർട്ടി ഏൽപ്പിച്ച ചുമതലകൾ നിർവഹിക്കുക എന്നതിലപ്പുറം തന്റെ മികവായി ഒന്നും കണ്ടതുമില്ല. ചെയ്തത് പറയുക എന്നത് ഒരിക്കലും കോടിയേരി ശൈലിയിൽ വരുന്നതായിരുന്നില്ല. അച്ഛന് എല്ലാം പാർട്ടിയായിരുന്നു. പാർട്ടിയ്ക്കപ്പുറത്തേക്ക് ഒന്നും ഒരിക്കലും ആഗ്രഹിച്ചില്ല. പാർട്ടിക്ക് ലഭിക്കാത്തത് ഒന്നും തനിക്കും ആവശ്യമില്ല എന്നും അദ്ദേഹം ഉറപ്പിച്ചിരുന്നു. സംഘടനയിലും പാർട്ടിയിലും എങ്ങനെ പെരുമാറണം എന്നതിനൊക്കെയും അച്ഛനിൽ മാത്യകയുണ്ടായിരുന്നു. അച്ഛന് എന്നും ഏറ്റവും വലുത് പാർട്ടിയായിരുന്നു. പാർട്ടി നമുക്കു വേണ്ടിയല്ല, നമ്മൾ പാർട്ടിക്കു വേണ്ടിയാണ് എന്നതായിരുന്നു അച്ഛന്റെ കാഴ്ചപ്പാടും ഞങ്ങൾക്ക് പകർന്നു നല്കിയതും. പാർട്ടി സഖാക്കളോട് ഒരു പാർട്ടിക്കാരൻ എങ്ങനെ പെരുമാറണം എന്നതിൽ ഒരു പാഠപുസ്തകം തന്നെയായിരുന്നു അച്ഛൻ. ഞങ്ങളെക്കാളും സ്‌നേഹിച്ചതും ഇഷ്ടപ്പെട്ടതും പാർട്ടിയെയാണ്. പ്രസ്ഥാനമാണ് വലുത്, എന്ത് പ്രതിസന്ധികളും താല്ക്കാലികമാണ് ഇതെല്ലാം പാർട്ടി അതിജീവിക്കും എന്ന് പറയും.
അടിമുടി ഒരു പാര്ട്ടിക്കാരനായിരുന്ന അച്ഛന് ജീവനും ജീവിതവും പാർട്ടി മാത്രമായിരുന്നു. പാർട്ടി എല്ലാക്കാലവും ബലവത്തായി തുടരണമെന്ന് അച്ഛൻ ചിന്തിച്ചിരുന്നു. അൻപതു ശതമാനത്തിലധികം ജനങ്ങളുടെ പിന്തുണയുള്ള പാർട്ടിയായി സി.പി.ഐ.എംനെ മാറ്റണം എന്നും ഇനിയും പാലിയേറ്റീവ് മേഖലയിലടക്കം ജനങ്ങളുമായി അടുത്തിടപഴകുന്ന മേഖലകളിൽ പാർട്ടി കൂടുതൽ ഇടപെടൽ നടത്തണമെന്നും നീരുറവകളും ജലാശയങ്ങളും വീണ്ടെടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതല് ജനകീയമാക്കണം എന്നും സി.പി.എം പ്രവർത്തകരും അനുഭാവികളും വരുമാനത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിന് നീക്കി വെക്കണം, ദേശാഭിമാനി പത്രത്തെ കൂടുതൽ വാർഷിക വരിക്കാറുള്ള പത്രമാക്കി മാറ്റണം അദ്ദേഹത്തെ ചിന്തയായിരുന്നു. വർത്തമാനകാലം എന്നത് ഏറെ അപകടം നിറഞ്ഞ ഒരു കാലഘട്ടമാണ്. സംഘപരിവാർ രാഷ്ട്രീയവും ഇടതുവിരുദ്ധ രാഷ്ട്രീയവും പാർട്ടിയെ അതിരൂക്ഷമായി കടന്നാക്രമിക്കുന്ന ഒരു കാലഘട്ടം. നേതാക്കളെയും നേതാക്കളുടെ കുടുംബങ്ങളെയും ടാർജറ്റ് ചെയ്തു പ്രവർത്തിക്കുന്നു. ഈ സമയത്ത് ദേശാഭിമാനി പോലൊരു പത്രത്തിന്റെ സാധ്യത എന്നത് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് വളരെ വലുതാണ്. സാങ്കേതികമായി ദേശാഭിമാനിയെ കൂടുതൽ ഉയർത്തണം. ശാസ്ത്രത്തെയും സ്‌പോര്ട്‌സിനെയും കൂടുതൽ ഉപയോഗപ്പെടുത്തണം, ഇതൊക്കെ രാഷ്ട്രീയം സംസാരിക്കുമ്പോൾ എപ്പോഴും പറയാറുള്ള കാര്യങ്ങളായിരുന്നു.
അപ്പോളോ ആശുപത്രിയിലെ ചികിത്സയിൽ ഒരു ഘട്ടത്തിൽ നല്ല മാറ്റം വന്നിരുന്നു. അവിടെ അച്ഛൻ കഴിഞ്ഞ 32 ദിവസവും ഞാൻ ഒപ്പമുണ്ടായിരുന്നു. പാർട്ടി കാര്യങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് അച്ഛന് ആശ്വാസവും അത് ആഗ്രഹിക്കുന്നതായും മനസ്സിലായതിനാൽ്, എല്ലാ ദിവസവും ഞാൻ വാർത്തകൾ കാണിച്ചു കൊടുക്കുമായിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട പത്രസമ്മേളനങ്ങൾ, അച്ഛന്റെ പഴയ പ്രസംഗങ്ങൾ, വിജയേട്ടനുമായുള്ള വിഡിയോകൾ ഒക്കെ കാണുമ്പോൾ നല്ല ഉത്സാഹവും കാണാമായിരുന്നു. ഡോക്ടർമാരും ഇതൊക്കെ കാണിക്കാൻ പറഞ്ഞിരുന്നു. അവസാന ശ്വാസം വരെയും അച്ഛന് പാർട്ടിയായിരുന്നു മുഖ്യം. കൊച്ചുമക്കളുടെ വീഡിയോ കാണുമ്പോൾ പഴയ വിടർന്ന ചിരിയില്ലെങ്കിലും ചിരിക്കുമായിരുന്നു. മരണപ്പെടുന്നതിന്റെ തലേ ദിവസവും നല്ല പുരോഗതിയുണ്ടായിരുന്നു. അന്നും വാർത്തകൾ കാണിച്ചിട്ടാണ് ഞാൻ പോയത്. എന്നാൽ, അപ്രതീക്ഷിതമായി വന്ന ഒരു ഇൻഫക്ഷൻ പ്രതീക്ഷകളെയെല്ലാം തകർക്കുകയായിരുന്നു. 
 അച്ഛന്റെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. എന്തേ, ഡോക്ടർ.. .ഇങ്ങനെയെന്ന് ചോദിച്ചപ്പോൾ ഈ രോഗത്തിന്റെ പ്രത്യേകത ഇങ്ങനെയാണെന്നായിരുന്നു മറുപടി. സാധാരണ ഗതിയിൽ പാൻക്രിയാററിക് കാൻസർ വന്നവർക്ക് ആറുമാസത്തിലധികം അതിജീവനം അത്ര എളുപ്പമല്ലത്രെ. എന്നാൽ, മൂന്നുവർഷം അച്ഛൻ അച്ഛന്റെ ഇച്ഛാശക്തികൊണ്ട് അതിനെ അതിജീവിച്ചു എന്നെ പറയാനാകൂ, കീമോ ഒക്കെ കഴിഞ്ഞ് വരുമ്പോൾ പോലും വേദനയുണ്ടോ എന്ന് ചോദിച്ചാൽ ചെറുതായിട്ടേ ഉള്ളു എന്നായിരുന്നു മറുപടി.
എന്റെ, ഞങ്ങളുടെ ഏറ്റവും വലിയ വേദനകളിലൊന്നാണിത്. രോഗത്തിന്റെ മൂർധന്യാവസ്ഥയിലും ഞങ്ങളോടൊന്നും പ്രകടിപ്പിക്കാതെ, ഞങ്ങളെ വേദനിപ്പിക്കാതിരിക്കാൻ അദ്ദേഹം എല്ലാം സഹിച്ചു. ആശുപത്രിയിൽ സന്ദർശിച്ച ആരേയും വിഷമിപ്പിക്കാതെയേ അച്ഛൻ കാര്യങ്ങൾ സംസാരിക്കുമായിരിന്നുള്ളു. എന്തിനെയും ചിരിച്ചുകൊണ്ട് നേരിടാനുള്ള അസാമാന്യമായ ഒരു കരുത്തും അച്ഛന് ഉണ്ടായിരുന്നു. ഒരു രോഗി എന്ന നിലയിൽ അച്ഛന്റെ സമീപനം മറ്റു രോഗികൾക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ഒരു വർഷമാവുമ്പോഴും അച്ഛന്റെ വിയോഗത്തിന്റെ വേദനയിൽ നിന്ന് പാർട്ടി പ്രവർത്തകരെപ്പോലെ ഞങ്ങളും വിമുക്തരായിട്ടില്ല. അമ്മ പ്രത്യേകിച്ചും. ചില പാർട്ടി സമ്മേളനങ്ങളിൽ അമ്മ പോയപ്പോൾ കാണുന്നവർക്കെല്ലാം പറയാനുള്ളത് അവരുടെ സഖാവ് കോടിയേരിയെക്കുറിച്ചാണ്. അച്ഛന്റെ വിയോഗം ഇനിയും ഉൾക്കൊള്ളനാവാതെ കഴിയുന്ന അമ്മ അവരുടെയൊക്കെ സ്‌നേഹവാക്കുകൾക്കു മുമ്പിൽ, അച്ഛന്റെ ഓർമകളിൽ വീണ്ടും പതറിപ്പോവുകയായിരുന്നു.
സത്യത്തിൽ അച്ഛനൊപ്പമില്ല എന്നത് എന്റെ രണ്ടാമത്തെ അനുഭവമാണ്. ഒരു വർഷം ഞാൻ ജയിലറക്കുള്ളിലായിരുന്നു. അപ്പോൾ ഞാൻ അച്ഛനോടൊപ്പവും അച്ഛൻ എന്നോടൊപ്പവും ഇല്ലായിരുന്നു. എന്നിറങ്ങുമെന്നോ, എന്ന് കാണാൻ പറ്റുമെന്നോ ഞങ്ങൾക്ക് രണ്ടാൾക്കും അറിയില്ലായിരുന്നു. അതിന്റെ അനിശ്ചിതത്വം ഉണ്ടായിരുന്നുവെങ്കിലും നിരപരാധിത്വം തെളിയുമെന്നും വീണ്ടും ഒന്നാവാമെന്നുമുള്ള പ്രതീക്ഷയും ഞങ്ങൾക്കുണ്ടായിരുന്നു, എന്നാൽ ഇന്നതില്ല. അച്ഛൻ എന്നൊടൊപ്പമില്ല ആ സ്‌നേഹവും സാന്ത്വനവും ഇനി ഒരിക്കലും അനുഭവിക്കാനാവില്ല എന്ന യാഥാർഥ്യം ഞാൻ തിരിച്ചറിയുന്നു.
സാഹചര്യങ്ങളോട് പൊരുത്തപ്പെടുക എന്നതാണ് ഏറ്റവും വലിയ പ്രതിഭ എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്ന ഒരു വാക്കാണ്, മറ്റെന്തിനോടു പൊരുത്തപ്പെട്ടാലും അച്ഛനില്ലാത്തതിനോടു പെരുത്തപ്പെടാൻ അത്ര എളുപ്പമല്ല.
ജയിലിൽ ആയിരുന്നപ്പോഴും ആഴ്ചയിലൊരിക്കൽ വിളിക്കുമ്പോൾ അച്ഛൻ പറഞ്ഞിരുന്നത് 'ജയിലിലെ സാഹചര്യത്തോട് പൊരുത്തപ്പെടണമെന്നാണ്. ഇത് ജീവിതത്തിലെ ഒരു പരീക്ഷണമാണ് ഇതിനെ അതിജീവിക്കുന്നിടത്താണ് മൂന്നോട്ട് പോകുവാനുള്ള കരുത്തു എത്രത്തോളം ഉണ്ട് എന്ന് ബോധ്യപ്പെടുന്നത്. നീ തളർന്നാൽ, നീ കുറ്റവാളിയാണന്നാവും ആളുകൾ കരുതുക, കൂടുതൽ വായിക്കാൻ ശ്രമിക്കണം'.
ഞാൻ ജയിലിലെ ആ സാഹചര്യത്തോട് ചേർന്നു ജീവിച്ചു നിരവധി പുസ്‌കങ്ങൾ വായിച്ചു എന്റെ ദുരനുഭവത്തെ ഞാൻ കരുത്തോടെ തന്നെ അതിജീവിച്ചു. ഒടുവിൽ എന്റെ ഭാഗം കോടതി അംഗീകരിക്കുന്ന വിധി വന്നപ്പോൾ എനിക്ക് ഒരു തരത്തിലുമുള്ള സന്തോഷമല്ല തികഞ്ഞ നിസ്സംഗതയാണ് ഉണ്ടായത്. എന്റെ പേരിൽ, അതിന്റെ എല്ലാ ദോഷങ്ങളും അനുഭവിച്ച എന്റെ അച്ഛൻ പോയി.. പിന്നെ എനിക്ക് എന്തു സംഭവിച്ചാൽ എന്ത് എന്ന ചിന്തയായിരുന്നു.
എന്റെ കേസുവന്നപ്പോൾ വിജയേട്ടൻ പൂർണ്ണമായും ഞങ്ങളോടൊപ്പം നിന്നു. നിയമസഭയിലും അദ്ദേഹം ഉറച്ച നിലപാടാണ് എടുത്തത്. ഇത് നല്കിയ ശക്തി വലുതായിരുന്നു. പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണൻ ആരായിരുന്നു എന്ന് അച്ഛൻ മരണപ്പെട്ട അവസരത്തിൽ ഈ നാട് കണ്ടതാണ്. സഖാവ് പിണറായി വിജയന്റെ കണ്ണുനിറഞ്ഞ മറ്റൊരു അവസരം എന്റെ അറിവിൽ വേറെയില്ല.
എന്നാൽ, ഇടതുപക്ഷ സഹയാത്രികർ എന്നു പറയുന്ന ചിലരുടെ പ്രതികരണങ്ങൾ എന്നെ സംശയത്തിൽ നിർത്തുന്നതായിരുന്നു. എന്റെ അപചയം എന്ന രീതിയിലും അവർ പ്രതികരിച്ചു. അത് എന്നെ ഏറെ വേദനിപ്പിച്ചു. ഒരേ ആശയധാരകൾ പിന്തുടരുന്നവരായിട്ടും ഒരു ഇല്ലാക്കേസായിട്ടും എന്തേ എന്നോട് ഇങ്ങനെ എന്ന സംശയം എന്നെ മഥിച്ചിരുന്നു. ഇത്തരത്തിൽ, ഒരു പാർട്ടി നേതാവിന്റെ മകനെ ഇല്ലാത്ത കേസിന്റെ പേരിൽ ഒരു വർഷം മറ്റൊരു സംസ്ഥാനത്ത് കൊണ്ടുപോയി ജയിലിട്ട് പീഡിപ്പിച്ച സംഭവം ചരിത്രത്തിൽ വേറെ ഉണ്ടോ എന്നറിയില്ല, അത് പൂർണമായും രാഷ്ട്രീയ പക പോക്കലായിരുന്നു എന്ന് ചിന്തിക്കുവാനുള്ള ശേഷി അവർക്കില്ലാതെ പോയല്ലോ എന്ന് ഞാൻ ദുഖിച്ചിരുന്നു. ഒരു ഘട്ടത്തിൽ ദേഷ്യവും സങ്കടവും എല്ലാം കലർന്ന ഒരു വികാരമായിരുന്നു.
എന്നാൽ, ഈ പ്രസ്ഥാനത്തോടൊപ്പം നീ സഞ്ചരിച്ചത് കൊണ്ടാണ് എല്ലാം അതിജീവിക്കാനായുള്ള കരുത്ത് നിനക്കുണ്ടായത്, വികാരം ഒരിക്കലും വിചാരത്തെ മറികടക്കരുത്' - എന്നായിരുന്നു അച്ഛന്റെ ഓർമ്മപ്പെടുത്തൽ. ഇതിന്റെ പേരിൽ, ഒരിക്കലും ആരോടും വിരോധം തോന്നരുത്, പതറരുത്, ഭാവി ജീവിതത്തിൽ ഈ അനുഭവം നിനക്കു ഏറ്റവും വലിയ കരുത്തായി മാറും എന്നും പറഞ്ഞു. ഈ ഒറ്റ പറച്ചിൽകൊണ്ട് അച്ഛൻ മായ്ച്ചുകളഞ്ഞത് എന്റെ പരിഭവമായിരുന്നു. പാർട്ടിയോട് കൂടുതൽ ചേർന്ന് നില്ക്കണമെന്ന ബോധമാണ് പകർന്നത്.
കോടിയേരിയെ കുറിച്ച് ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല എന്നത്‌കൊണ്ട് കൂടിയാണത്. എങ്കിൽ ഞങ്ങളിലൂടെ അദ്ദേഹത്തെ ആക്രമിക്കാം എന്നതായിരുന്നു രീതി. കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി നേതാവിന്റെ കുടുംബാംഗങ്ങളായതുകൊണ്ടു മാത്രം ഞങ്ങൾക്ക് ധാരാളം ആരോപണങ്ങളെ നേരിടേണ്ടി വന്നു എന്നതാണ് സത്യം. കുടുംബത്തിനെതിരെ നിരന്തരമായി ആരോപണങ്ങൾ വരികയും ആക്രമിക്കപ്പെടുകയും ചെയ്തപ്പോഴും മറ്റു പാർട്ടിയിലെ ആരെയും അച്ഛന് വ്യക്തിപരമായി ഒന്നും പറയുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായിട്ടാണ് നേരിടേണ്ടതെന്നും വ്യക്തിഹത്യ പാടില്ലെന്നുമായിരുന്നു അച്ഛൻ സ്വീകരിച്ച നിലപാട്.
ഇനി കേരളത്തെ ശ്വാസംമുട്ടിക്കാൻ സാദ്ധ്യതയുള്ളത് സഹകരണമേഖല, യൂണിവേഴ്‌സിറ്റികൾ, വികസന പ്രവര്ത്തനങ്ങൾക്കുള്ള വിഹിതം തരാതിരിക്കുക, വികസന പ്രവര്ത്തങ്ങൾക്കുള്ള കടത്തിന്റെ പരിധി വെട്ടി ചുരുക്കുക തുടങ്ങിയവയിലൂടെയാവും എന്ന് അച്ഛൻ പറഞ്ഞിരുന്നു. ഇന്ന് അവയെല്ലാം യാഥാർഥ്യമായി മാറുമ്പോൾ ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ എത്രമാത്രം ദീർഘ വീക്ഷണത്തോടെയാണ് അച്ഛൻ കാര്യങ്ങളെ കണ്ടിരുന്നതെന്ന് ബോധ്യമാവുകയാണ്. ഇത്തരത്തിൽ അച്ഛനില്ലാത്ത കാലത്ത് അദ്ദേഹം എത്രമാത്രം പ്രസക്തനാവുന്നു എന്നും വ്യക്തമാവുന്നു.
ഞങ്ങളെയും കൊച്ചുമക്കളെയും അദ്ദേഹം അഗാധമായി സ്‌നേഹിച്ചിരുന്നു. എന്റെ മൂത്തമകൾ ഇപ്പോഴും അതിന്റെ ആഗാതത്തിൽനിന്നും മാറിയിട്ടില്ല. അവൾക്ക് എല്ലാം പറയാനുള്ള ആൾ നഷ്ടപ്പട്ടു എന്നാണ് പറഞ്ഞത്. കാരണം കുട്ടികൾക്ക് പോലും അവരുടെ കാര്യങ്ങൾ അത്രയും തുറന്നുപറയുവാൻ പറ്റിയ ആളായിരുന്നു അവരുടെ അച്ഛാച്ചൻ.. ഇപ്പോഴും എന്റെ ചെറിയ മോളെ ഞങ്ങൾ വഴക്കു പറഞ്ഞാൽ, അച്ഛന്റെ ഫോട്ടോക്കടുത്തേക്ക് ഓടിയെത്തി ഞാൻ അച്ചാച്ചനോട് പറയും എന്നവൾ പറയും. അച്ഛന് പാർട്ടിയോടും പ്രവർത്തകരോടും ഉണ്ടായിരുന്ന സ്‌നേഹവും കരുതലും കുടുംബത്തോടും ഉണ്ടായിരുന്നു
'ഞാൻ അച്ചാച്ചനോട് പറയും'എന്ന് എന്റെ മോൾ പറയുമ്പോഴും എവിടെച്ചെന്നാലും എന്നെ കാണുമ്പോൾ് കൈപിടിച്ച്, തോളിൽ തട്ടി, കെട്ടിപ്പിടിക്കുന്ന മനുഷ്യരെ കാണുമ്പോഴും ഞാൻ തിരിച്ചറിയുന്നത് എന്റെ മകളുടെ അച്ചാച്ചനെ, എന്റെ അച്ഛനെ, എന്നെ കെട്ടിപ്പിടിക്കുന്നവരുടെ സഖാവിനെയാണ്. അവരുടെ തഴുകൽ ബിനീഷ് കോടിയേരിയെയല്ല, സഖാവ് കോടിയേരിയെ ആണ് എന്ന് ഞാൻ തിരിച്ചറിയുന്നു.
അച്ഛൻ പാര്ട്ടിയെ എപ്പോഴും ചേര്ത്തുപിടിക്കുകയാണ് ചെയ്തത് , വ്യകതിപരമായ ഒന്നും പാര്ട്ടിയെ ഉലക്കരുതെന്ന ഉറച്ച തീരുമാനം എപ്പോഴും കൈകൊണ്ടു , എന്റെ വിഷയം വന്നപ്പോഴും പരസ്യമായി പറഞ്ഞത് തെറ്റ് ചെയ്‌തെങ്കില് അതിന്റെ ഉത്തരവാദിത്തം പൂര്ണമായും അവനാണ് , പാര്ട്ടി എന്ന രീതിയിലുള്ള ഒരു സംരക്ഷണവും അവനുണ്ടാവില്ല എന്നാണ് …
അത് പാര്ട്ടിക് എതിരെ വരുന്ന ഒന്നും തന്റെ ഭാഗമായി ഉണ്ടാവരുത് എന്ന ദൃഡ നിശ്ചയത്തിന്റെ ഭാഗമായി കൂടിയാണ്.
പാർട്ടിക്കതീതമായ ഒരു വ്യക്തിത്വം സഖാവ് കോടിയേരി ബാലകൃഷ്ണന് ഉണ്ടായിരുന്നില്ല. ഒരിക്കലും അദ്ദേഹം അത് ആഗ്രഹിച്ചിരുന്നുമില്ല.
'എന്തല്ലാടാ, എപ്പോ വന്നൂ, വാ എന്ന് ചിരിച്ചുകൊണ്ടിരുന്ന് പറയുന്ന അച്ഛന്റെ ശബ്ദം എന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുമ്പോൾ, വലതു കൈ ചെറുതായി പുറകോട്ട് വച്ച് അച്ഛൻ ഇരിക്കുന്നത് ഇപ്പോഴും കാണുമ്പോൾ അച്ഛൻ എത്രയധികം എന്റെ ഒരോ അണുവിലും നിറഞ്ഞുനിന്നിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. കരളു പിടയുന്ന വേദനയിൽ ഇതെല്ലാം എഴുതുമ്പോഴും മുന്നോട്ടുള്ള യാത്രയിൽ അച്ഛനില്ലലോ എന്ന ദുഃഖം അത്, അത് മാറില്ല.
എന്ത് പ്രശ്‌നമുണ്ടെങ്കിലും 'നമുക്ക് നോക്കാട' എന്ന് പറഞ്ഞു ആത്മവിശ്വാസം തന്ന എന്റെ സഖാവ് എന്റെ അച്ഛൻ എന്റെ സുഹൃത്.... എല്ലാം പറയാൻ പറ്റുന്ന ഒരു സുഹൃത് കൂടിയായിരുന്നു എനിക്ക് അച്ഛൻ... അച്ഛനോട് പറയാത്ത ഒന്നും എനിക്ക് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ആ നഷ്ടമാണ് ഏറ്റവും വലിയ ജീവിത നഷ്ട്ടം...എത്ര കാലം ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിച്ചിരുന്നു എന്നതിലാണ് കാര്യം..
ഓർമ്മകൾ ജനങ്ങളുടെ മനസ്സിൽ നല്ല അടയാളങ്ങളായി മായാതെ നിലനിൽക്കുന്നുണ്ടോ എന്നതിലാണ് സമൂഹം ഒരാളെ ഏറ്റെടുത്തിട്ടുണ്ടായിരുന്നോ എന്ന് മനസ്സിലാക്കുന്നത്. അതിൽ സഖാവ് കോടിയേരി എന്നും ജനങ്ങളുടെ മനസ്സിൽ കെടാതെ കത്തിനില്ക്കുന്ന മുൻപോട്ടുള്ള പാതയിലെ വിളക്കായി നിൽക്കും എന്നതിൽ സംശയമില്ല.
ഒരു വിപ്ലവകാരി മരണപ്പെടുന്നതോടു കൂടി അയാൾ മറക്കപ്പെടുന്നില്ല... അയാൾ കൂടുതൽ ഊർജ്ജമായി നമുക്ക് മുമ്പിൽ ഉയർന്ന് നില്ക്കും.
- കോടിയേരി

Latest News