Sorry, you need to enable JavaScript to visit this website.

സി.കെ.മേനോൻ വിടപറഞ്ഞ് നാലു വർഷം; മനുഷ്യ സ്നേഹത്തിന്റെ മായാത്ത മുദ്രകള്‍

ഇന്ന് പത്മശ്രീ അഡ്വ.സി.കെ. മേനോന്റെ നാലാം ചരമ വാര്‍ഷിക ദിനം

മനുഷ്യ സ്നേഹത്തിന്റേയും മാനവിക ഐക്യത്തിന്റേയും മായാത്ത മുദ്രകള്‍ അവശേഷിപ്പിച്ച് പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 4 വര്‍ഷം തികയുന്നു. മലയാളികളും അല്ലാത്തവരുമായ നിരവധിയാളുകള്‍ മനസില്‍ ഒരായുസ്സിന്റെ കടപ്പാട് സൂക്ഷിക്കുന്ന സ്നേഹ സമ്പന്നനും വിനയാന്വിതനുമായിരുന്ന സി.കെ. മേനോന്‍ സ്നേഹ സൗഹൃദങ്ങളുടെ മാലാഖയായിരുന്നു.അതുകൊണ്ട് തന്നെ മേനോന്റെ വേര്‍പാട് ആ കുടുംബത്തിന്റെ മാത്രമല്ല അദ്ദേഹത്തെ അറിയുന്ന മുഴുവനാളുകളുടേയും ദുഃഖമായി മാറുകയായിരുന്നു.

പ്രവാസ ലോകത്തും നാട്ടിലും പതിനായിരങ്ങളുടെ മനസ്സില്‍ ഇന്നും മേനോന്‍ ജീവിക്കുന്നത് അദ്ദേഹം ചെയ്ത എണ്ണമറ്റ സുകൃതങ്ങളുടെ പിൻബലത്തിലാണ്. മതജാതി ഭാഷ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യനെ സ്നേഹിക്കുവാനും സഹായിക്കുവാനും ഉദ്ഘോഷിച്ച മേനോന്റെ ജീവിതം കാലദേശാതിര്‍ത്തികള്‍ ഭേദിച്ച് എന്നും സജീവമായി നിലനില്‍ക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പ്രശസ്ത മോട്ടിവേഷണല്‍ ട്രെയിനറും ഗ്രന്ഥകാരനുമായ റോബിന്‍ ശര്‍മയുടെ ശ്രദ്ധേയമായൊരു കൃതിയാണ് നിങ്ങള്‍ മരിക്കുമ്പോള്‍ ആരാണ് കരയുക എന്നത്. മലയാളമടക്കം നിരവധി ഭാഷകളിലേക്ക് പ്രസ്തുത കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചെറിയ ജീവിതകാലത്ത് വലിയ സേവനങ്ങള്‍ ചെയ്ത് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയും സാര്‍ഥകമായ ജീവിതം അടയാളപ്പെടുത്തുകയും ചെയ്യണമെന്നാണ് പ്രസ്തുത കൃതി അടിവരയിടുന്നത്. സഹജീവികളെ സ്നേഹിക്കുവാനും സേവനം ചെയ്യുവാനും ജീവിതത്തില്‍ വീണുകിട്ടുന്ന ഒരവസരവും പാഴാക്കാതെയാണ് ജീവിതം ധന്യമാക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. സി.കെ. മേനോന്റെ ജീവിതം അക്ഷരാര്‍ഥത്തില്‍ മാനവ സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും പ്രായോഗിക ഭാഷ്യമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ വിതുമ്പിയത് മാനവികതയുടെ വിശാലമായ അര്‍ഥത്തിലുള്ള കുടുംബവും സമൂഹവുമായിരുന്നു.

സി.കെ. മേനോന്‍ വിട പറഞ്ഞ് 4വര്‍ഷമാകുമ്പോഴും പ്രവാസലോകത്ത് അദ്ദേഹത്തിന്റെ ഓര്‍മകള്‍ കൂടുതല്‍ ശക്തമായി നിലനില്‍ക്കുകയാണ്. പ്രവാസിസമൂഹത്തിന്റെ എല്ലാ കുതിപ്പിലും കിതപ്പിലും താങ്ങും തണലുമായി എന്നും അദ്ദേഹമുണ്ടായിരുന്നു. കൊറോണയുടെ കെടുതികളില്‍ പൊറുതി മുട്ടിയ ആയിരക്കണക്കിന് മനുഷ്യരുടെ മനസുകളില്‍ ആശ്രയത്തിനായി ആദ്യം വന്ന പേരുകളുടെ മുന്‍നിരയില്‍ ആ തണല്‍ മരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭാവം പ്രവാസികളെ വല്ലാതെ നൊമ്പരപ്പെടുത്തിയെങ്കിലും പിതാവിന്റെ പാതയില്‍ അഭിമാനത്തോടെ മകന്‍ ജെ.കെ. മേനോന്‍ സേവന രംഗത്ത് സജീവമാകുമ്പോള്‍ നല്ലവനായ പിതാവിന്റെ നല്ലവനായ മകനെയോര്‍ത്തും പ്രവാസി സമൂഹം അഭിമാനിക്കുന്നു

അടുത്തറിയുന്നവരേയും അറിയാത്തവരേയും പുഞ്ചിരിയോടെ അഭിമുഖീകരിച്ചും ആവശ്യമായ എല്ലാ സഹായങ്ങള്‍ ചെയ്തുമാണ് സി.കെ. മേനോന്‍ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചത്. പ്രമുഖ വ്യവസായിയും നേതാവുമൊക്കെയായപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരുമായും നേരിട്ട് ബന്ധം നിലനിര്‍ത്തിയ മേനോന്‍ പൊതുപ്രവര്‍ത്തകര്‍ക്കും വലിയ സംരംഭകര്‍ക്കും വേറിട്ട മാതൃകയാണ് സമ്മാനിച്ചത്. തനിക്ക് വരുന്ന മിക്കവാറും എല്ലാ സന്ദേശങ്ങള്‍ക്കും സ്വന്തമായി പ്രതികരിച്ചും നടപടി സ്വീകരിച്ചും ജീവിതത്തില്‍ സന്തോഷം കണ്ടെത്തിയ ആ മനുഷ്യ സ്നേഹി സമ്പത്ത് ദൈവത്തിന്റെ ദാനമാണെന്നും അത് മറ്റുള്ളവര്‍ക്കു കൂടി അവകാശപ്പെട്ടതാണെന്നും ഉറച്ച് വിശ്വസിച്ചു. സേവന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും സമ്പത്ത് ചിലവഴിക്കും തോറും വര്‍ദ്ധിക്കുമെന്നാണ് സി.കെ. മേനോന്‍ ജീവിതകാലം മുഴുവന്‍ ഉദ്ഘോഷിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സഹകരണം ലഭിക്കാത്ത സംഘടനകള്‍ നാട്ടിലും ഗള്‍ഫിലും കുറവാകും.

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സഹജീവികളുടെ വൈകാരിക വായ്പുകള്‍ക്ക് വിലകല്‍പിക്കുകയും അവരുടെ മുഖത്ത് പുഞ്ചിരി വിരിയുവാന്‍ കാരണമാവുകയും ചെയ്യുന്നതിലും വലിയ പുണ്യമില്ലെന്നാണ് അദ്ദേഹം വിശ്വസിച്ചത്. അതിനാല്‍ തന്നെ തൃശൂരിലെ ചേരി നിവാസികള്‍ക്ക് താമസമൊരുക്കുവാനും കേരള സര്‍ക്കാറിന്റെ ലക്ഷം വീട് പദ്ധതി വിജയിപ്പിക്കാനുമൊക്കെ അദ്ദേഹം മുന്നില്‍ നിന്നു. സമൂഹത്തിലെ പാവപ്പെട്ടവരുടെ പെന്‍ഷന്‍ പദ്ധതിയില്‍ മാത്രമല്ല നിരവധി ജനക്ഷേമ പദ്ധതികളില്‍ സി.കെ. മേനോന്‍ എന്ന മനുഷ്യ സ്നേഹിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ജീവിതകാലത്ത് ചെയ്യുന്ന മാതൃകാപരമായ കര്‍മങ്ങളാണ് മനുഷ്യനെ അനശ്വരനാക്കുക എന്ന യാഥാര്‍ഥ്യമാണ് സി.കെ. മേനോന്റെ വിഷയത്തില്‍ ഇവിടെ തിരിച്ചറിയുന്നത്. സ്നേഹത്തിലും കാരുണ്യത്തിലും കെട്ടിപ്പടുത്ത മഹാസാമ്രാജ്യമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. മാനവിക മൂല്യങ്ങള്‍ അന്യം നില്‍ക്കുകയോ പരിമിതമാവുകയോ ചെയ്യുന്ന സമകാലിക സമൂഹത്തില്‍ വിസ്മയകരമായ പ്രവര്‍ത്തനങ്ങളാലാണ് അദ്ദേഹം ജനഹൃദയങ്ങള്‍ കീഴടക്കിയത്. ജീവകാരുണ്യം, മതസൗഹാര്‍ദ്ധം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മേഖലകളില്‍ വേറിട്ട മാതൃകയും പാരമ്പര്യവും അവശേഷിപ്പിച്ചാണ് മേനോന്‍ ഈ ലോകത്തോട് വിടപറഞ്ഞത്.

ജീവിതവുമായി മല്ലിട്ട് മരണക്കിടക്കയില്‍ ചികില്‍സയിലായിരുന്നപ്പോള്‍പോലും സമൂഹത്തിലെ അവശവിഭാഗങ്ങളെ സഹായിക്കുന്നതിനെക്കുറിച്ചും പെന്‍ഷന്‍ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ചുമൊക്കെയായിരുന്നു അദ്ദേഹം ചിന്തിച്ചത് എന്നാണ് അവസാന നാളുകളിലെ അദ്ദേഹത്തിന്റെ വാട്സ് അപ്പ് സന്ദേശങ്ങള്‍ നമ്മോട് പറയുന്നത്. ഈ ലോകത്ത് ജനിക്കുന്നവരൊക്കെ ഒരു നാള്‍ കളം വിട്ടൊഴിയേണണ്ടിവരുമെന്നത് പ്രകൃതിയുടെ അലംഘനീയമായ തീരുമാനമാണ്. വിടപറയും മുമ്പേ നല്ല മനസോടെ സുകൃതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാണ് ജനമനസുകളില്‍ ജീവിക്കുകയെന്ന ലളിതമായ പാഠമാണ് സി.കെ. മേനോന്റെ ജീവിതം നമുക്ക് പകര്‍ന്നു നല്‍കുന്ന ഏറ്റവും മഹത്തായ സന്ദേശം.

Latest News