Sorry, you need to enable JavaScript to visit this website.

'ഇത് ഓൺ-റോഡ് ബലാത്സംഗം'; പ്രിയങ്ക ഗാന്ധി നിലപാട് എടുത്തില്ലെങ്കിൽ തകർന്നുപോകുമെന്ന് നടി അർച്ചന ഗൗതം

മുംബൈ / ന്യൂഡൽഹി - എ.ഐ.സി.സി ഓഫീസിന് പുറത്തുവെച്ചുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് നടിയും കോൺഗ്രസ് നേതാവുമായ അർച്ചന ഗൗതം. അക്രമികൾ തന്റെ തലമുടി പിടിച്ചുവലിച്ചുവെന്നും ഇത് ഓൺ-റോഡ് ബലാത്സംഗത്തേക്കാൾ കുറവല്ലെന്നും പിതാവിനെയും ഡ്രൈവറെയും മർദ്ദിച്ചതായും നടി ബിഗ് ബോസ് പരിപാടിക്കിടെ വെളിപ്പെടുത്തി.
 വനിതാ സംവരണ ബിൽ പാസാക്കിയതിന് പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയെയും അഭിനന്ദിക്കാനാണ് താൻ എ.ഐ.സി.സി ഓഫീസിലേക്ക് പോയത്. എന്നാൽ ഗേറ്റ് അടച്ച് പ്രവർത്തകർ എന്നെ തടയുകയും ആക്രോശിച്ച് മർദ്ദിക്കുകയുമായിരുന്നു. 
 സംഭവത്തിൽ പിതാവിനും ഡ്രൈവർക്കും പരുക്കേറ്റതായും അവർ പറഞ്ഞു. ഡ്രൈവർക്ക് തലയ്ക്കാണ് അടിയേറ്റതെന്നും അവർ പറഞ്ഞു. എനിക്ക് പരുക്കൊന്നുമില്ല. ഇത് ശരിയല്ല. ബിഗ് ബോസ് അവസാനിച്ചപ്പോൾ പാർട്ടി ഓഫീസിൽ നേതാക്കളെ സന്ദർശിക്കാൻ പോയതാണ്. അവിടെ എന്നെ സ്വാഗതം ചെയ്യുമെന്നാണ് കരുതിയത്. പക്ഷേ, ഒട്ടും കരുണയുണ്ടായില്ല. മോശമായ, ഞെട്ടിക്കുന്ന പെരുമാറ്റമാണുണ്ടായത്. അതിൽ സ്ത്രീകളും ഉണ്ടായിരുന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തി. അവർ എന്റെ തലമുടി പിടിച്ചു വലിച്ചു. അച്ഛൻ വല്ലാതെ പേടിച്ചുപോയി. ഞങ്ങളെ അവിടെ കയറ്റാൻ ചിലർ സമ്മതിച്ചില്ല. പിന്നീട്, അച്ഛൻ എന്നെ രക്ഷപ്പെടുത്തി കാറിൽ കയറ്റി വിടുകയായിരുന്നു. 
 പക്ഷേ, ഞാൻ വെറുതെ ഇരിക്കാൻ പോകുന്നില്ല. എന്നെപ്പോലുള്ള ഒരു നടിയോട് കോൺഗ്രസ് പ്രവർത്തകർ ഇങ്ങനെ പെരുമാറിയാൽ മറ്റുള്ളവരുടെ കാര്യമോ? ഞങ്ങൾ പോരാട്ടം തുടരും. ഇത് ഞെട്ടിപ്പിക്കുന്നതാണ്- അവർ വ്യക്തമാക്കി. 
  രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഇതേക്കുറിച്ച് അറിയില്ലെന്ന് എനിക്കുറപ്പുണ്ട്. അവരിൽ നിന്ന് ഒരു വിളി ഞാൻ പ്രതീക്ഷിക്കുന്നു. ദീദി (പ്രിയങ്ക ഗാന്ധി) ഇപ്പോൾ എനിക്കായി ഒരു നിലപാടെടുത്തില്ലെങ്കിൽ ഞാൻ തകർന്നുപോകും. ഞാൻ എപ്പോഴും അവരെ പിന്തുണച്ചിട്ടുണ്ട്. അവൾ എന്നെ വിളിച്ചില്ലെങ്കിൽ ഞാൻ തകർന്നുപോകുമെന്നും നടി സങ്കടത്തോടെ പറഞ്ഞു.
 സംഭവത്തിൽ പിതാവ് ഗൗതം ബുദ്ധ് മീററ്റിൽ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 മാർച്ചിൽ, നടി അർച്ചന ഗൗതമിന് നേരെയുണ്ടായ വധഭീഷണിയും ജാതി അധിക്ഷേപവും ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് സന്ദീപ് കുമാറിനെതിരെ ഗൗതം ബുദ്ധ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാവും നടിക്കെതിരെയുള്ള ആക്രോശങ്ങളെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങളുണ്ട്. 2021-ൽ കോൺഗ്രസിലെത്തിയ നടി, 2022-ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ഹസ്തിനപൂർ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News