ഖത്തറിൽനിന്ന് ഹജിന് ആരും എത്തിയിട്ടില്ല - ഖാലിദ് അൽഫൈസൽ

ജിദ്ദയിൽ മക്ക ഗവർണറേറ്റ് ആസ്ഥാനത്ത് ഹജ് ബോധവൽക്കരണ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് ഖാലിദ് അൽഫൈസൽ രാജകുമാരൻ സംസാരിക്കുന്നു. 

ഹജ് ബോധവൽക്കരണ കാമ്പയിന് തുടക്കം

ജിദ്ദ - ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തീർഥാടകരെ ഉണർത്തുന്നതിന് ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ കാമ്പയിന് തുടക്കം. 'ഹജ്:  ആരാധനയും പരിഷ്‌കൃത പെരുമാറ്റവും' എന്ന പ്രമേയത്തിൽ മക്ക ഗവർണറേറ്റ് എല്ലാ വർഷവും സംഘടിപ്പിക്കുന്ന കാമ്പയിൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ജിദ്ദയിൽ മക്ക ഗവർണറേറ്റ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. 'ഹജ്: സമാധാന സന്ദേശം' എന്നതാണ് ഈ വർഷത്തെ കാമ്പയിൻ ശീർഷകം. തുടർച്ചയായി പതിനൊന്നാം വർഷമാണ് മക്ക ഗവർണറേറ്റ് ഹജ് ബോധവൽക്കരണ കാമ്പയിൻ നടത്തുന്നത്. 
വിദേശ രാജ്യങ്ങളിൽ നിന്ന് ഇതുവരെ അഞ്ചര ലക്ഷത്തിലേറെ തീർഥാടകർ എത്തിയതായി ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. ഹജിനുള്ള ഒരുക്കങ്ങളെല്ലാം ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഖത്തറിൽ നിന്ന് ഇതുവരെ തീർഥാടകർ ആരും എത്തിയിട്ടില്ല. ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഇന്തോനേഷ്യയിൽ നിന്നാണ്, 1,03,000 പേർ. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 93,000 പേരും പാക്കിസ്ഥാനിൽ നിന്ന് 82,000 പേരും ബംഗ്ലാദേശിൽ നിന്ന് 74,000 തീർഥാടകരും തുർക്കിയിൽ നിന്ന് 45,000 പേരും ഇറാഖിൽ നിന്ന് 12,000 പേരും ഇതിനകം പുണ്യഭൂമികളിൽ എത്തിയിട്ടുണ്ട്. സൗദി അറേബ്യയുടെ ചിത്രം വികൃതമാക്കുന്നതിന് ശക്തമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഹജ്, ഉംറ തീർഥാടകർക്ക് സൗദി അറേബ്യ നൽകുന്ന സേവനങ്ങളാണ് ഇത്തരം പ്രചാരണങ്ങൾക്കുള്ള മറുപടിയെന്നും മക്ക ഗവർണർ പറഞ്ഞു. 
ഖത്തരികൾ ഹജിന് പോകുന്നത് ഖത്തർ ഭരണകൂടം വിലക്കിയിട്ടുണ്ട്. സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഹജിനെ രാഷ്ട്രീയവൽക്കരിക്കുന്നതിനാണ് ഖത്തർ ശ്രമിക്കുന്നത്. ഖത്തരികൾക്ക് ഹജിന് രജിസ്റ്റർ ചെയ്യുന്നതിന് സൗദി ഹജ്, ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ ലിങ്ക് നേരത്തെ ഖത്തർ ബ്ലോക്ക് ചെയ്തിരുന്നു. തുടർന്ന് ഹജ്, ഉംറ മന്ത്രാലയം പുതിയ ലിങ്ക് ഏർപ്പെടുത്തിയെങ്കിലും ഹജിന് രജിസ്റ്റർ ചെയ്യാതെ ഖത്തരികൾ വിട്ടുനിൽക്കുകയാണ്. ഹജിന് പോകുന്നതിനെതിരെ ഖത്തരികളെ ഭരണകൂടം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഹജ് നിർവഹിച്ച് രാജ്യത്ത് തിരിച്ചെത്തിയ ഏതാനും ഖത്തരികളെ ഖത്തർ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. 
അതേസമയം, ജൂലൈ 14 മുതൽ ഇന്നലെ രാവിലെ എട്ടു വരെ വിദേശങ്ങളിൽനിന്ന് 5,67,459 തീർഥാടകർ എത്തിയതായി ജവാസാത്ത് അറിയിച്ചു. ഇതിൽ 5,58,505 പേർ വിമാന മാർഗവും 4,696 പേർ കര മാർഗവും 4,258 പേർ കപ്പൽ മാർഗവുമാണ് രാജ്യത്തെത്തിയതെന്നും ജവാസാത്ത് അറിയിച്ചു. 

 

Latest News