ദോഹ- ഇൻഷുറൻസ് സ്‌കീം പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.സി.ബി.എഫ് ദോഹയിൽ സംഘടനാ സംഗമം സംഘടിപ്പിച്ചു.
ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) നടപ്പിലാക്കി വരുന്ന ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് അവബോധം വളർത്തുന്നതിനും, ഇന്ത്യൻ കമ്യൂണിറ്റിയിലെ സംഘടനകളെ അതിന്റെ ഭാഗഭാക്കാക്കുന്നതിന്റെയും ഭാഗമായാണ് സംഘടനാ സംഗമം സംഘടിപ്പിച്ചത്.
ഐ.ഐ.സി.സി കാഞ്ഞാണി ഹാളിൽ നടന്ന ചടങ്ങിൽ ഏതാണ്ട് 150 ഓളം സംഘടനാ പ്രതിനിധികൾ പങ്കെടുക്കുകയും, ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്‌കീം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷനായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ സംഘടന നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ഇൻഷുറൻസ് ദാതാക്കളായ ബീമയുമായി ചർച്ച നടത്തി ഇൻഷുറൻസ് സ്‌കീമിനായി ഓൺലൈൻ സംവിധാനം നടപ്പിലാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് ഇൻഷുറൻസിന്റെ ചാർജുള്ള എം.സി. മെംബർ അബ്ദുൽ റഊഫ് കൊണ്ടോട്ടി ഇൻഷുറൻസ് സ്‌കീമിനെക്കുറിച്ചുള്ള വിശദമായ അവതരണം നടത്തി. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി
ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ സാം ബഷീർ, മുൻ ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എൻ. ബാബുരാജൻ, സീനിയർ കമ്യൂണിറ്റി നേതാക്കളായ കെ.എസ്.പ്രസാദ്, വി.എം. നാരായണൻ തുടങ്ങിയവർ ഐ.സി.ബി.എഫ് ഇൻഷുറൻസിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിനായി ഐ.സി.ബി.എഫ് നടത്തുന്ന ക്രിയാത്മക ഇടപെടലുകളെക്കുറിച്ചും സംസാരിച്ചു.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതവും വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് ഇ.ടി.സി ഗ്രൂപ്പിലെ 35 ജീവനക്കാരുടെ ഇൻഷുറൻസ് ഫോമുകൾ എം.ഡി കെ.കെ അൻവറും, തമിഴ് സംഘടനയായ വെളിനാട് വാൽ തമിഴർ നള സംഘം (വി.വി.ടി.എൻ.എസ്) തങ്ങളുടെ 30 അംഗങ്ങളുടെ ഫോമുകളും കൈമാറി. ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ട്രഷറർ കുൽദീപ് കൗർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീർ അഹമ്മദ്, സെറീന അഹദ്, ശങ്കർ ഗൗഡ്, ഹമീദ് റാസ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.