ബാങ്ക് ലോക്കറില്‍നിന്ന് കാണാതായ സ്വര്‍ണം ബന്ധുവിന്റെ വീട്ടില്‍

തൃശൂര്‍  - കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിലെ സേഫ് ലോക്കറില്‍നിന്നു കാണാതായ സ്വര്‍ണം പരാതിക്കാരിയുടെ ബന്ധുവീട്ടില്‍നിന്നു കണ്ടെത്തി. 49 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കണ്ടത്തിയത്. സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷിക്കുന്നതിനിടെയാണ് സ്വര്‍ണം വലപ്പാട് ഉള്ള ബന്ധുവീട്ടില്‍നിന്നു കണ്ടെത്തിയെന്നു പരാതിക്കാരി പോലീസിനെ അറിയിച്ചത്. ഇതോടെ ആഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചെന്നു ഡിവൈ.എസ്പി അറിയിച്ചു.
അഴീക്കോട് സ്വദേശിനിയായ പോണത്ത് സുനിതയാണ് ലോക്കറില്‍വച്ച സ്വര്‍ണം കാണാനില്ലെന്നു കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്. സുനിതയുടേയും അമ്മ സാവിത്രിയുടെയും ജോയിന്റ് അക്കൗണ്ടിലുള്ള സേഫ് ഡെപ്പോസിറ്റ് ലോക്കറിലാണു സ്വര്‍ണം സൂക്ഷിച്ചത്. ഫെബ്രുവരിയില്‍ സാവിത്രി ബാങ്കിലെത്തി ഇടപാട് നടത്തിയിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതിയുണ്ടായതോടെ അഴീക്കോട് ശാഖ മാനേജരും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയതായി പരാതിക്കാരി അറിയിച്ചതെന്ന് ഡിവൈ.എസ്.പി സലീഷ് ശങ്കര്‍ പറഞ്ഞു.
കരുവന്നൂരില്‍ പിന്നാലെ മറ്റൊരു ബാങ്കിലും തട്ടിപ്പ് എന്ന രീതിയില്‍ പ്രചരണങ്ങള്‍ മുന്നോട്ടു പോകുന്നതിനിടെയാണ് സ്വര്‍ണം കണ്ടു കിട്ടിയിരിക്കുന്നത്.

 

Latest News