Sorry, you need to enable JavaScript to visit this website.

പന്തുകൾ കറങ്ങുന്നത് മീററ്റിലാണ്…

ഇന്ത്യയുടെ ഏറ്റവും ജനപ്രിയ ഗെയിമിന് പന്തുകൾ നിർമിക്കുന്നത് മീററ്റിലാണ്. തുകലുകൾ ശ്രമകരമായി കൂട്ടിക്കെട്ടി പന്ത് നിർമിക്കുന്നത് പൊതുവെ തൊട്ടുകൂടാത്തവരായി അകറ്റിനിർത്തപ്പെട്ട ദളിതുകളാണ്. അതിനായി ഉപയോഗിക്കുന്നത് ഇന്ത്യയിലെ ഒരു വിഭാഗം ആളുകൾ പവിത്രമായി കരുതുന്ന ഗോമാതാവിന്റെ ചർമമാണ്. ക്രിക്കറ്റിൽ കോടികളുടെ മണികിലുക്കമുണ്ടാവും. പക്ഷെ ദീർഘ സമയമെടുത്ത്, ശ്രമകരമായി പന്തുകൾ നിർമിക്കുന്ന ഈ തൊഴിലാളികൾക്ക് കിട്ടുന്നത് തുച്ഛവേതനമാണ്. ഇന്ത്യക്കാർ ക്രിക്കറ്റിനെ നെഞ്ചിലേറ്റുമ്പോഴും, പ്രധാനമന്ത്രിയുടെ പേരിലുള്ള സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങിന് ഒരുക്കങ്ങൾ പുരോഗമിക്കുമ്പോഴും പന്ത് നിർമാണം ഇന്ത്യയിൽ പ്രതിസന്ധി നേരിടുകയാണ്. അതിന് പ്രധാന കാരണം പ്രധാനമന്ത്രിയുടെ പാർട്ടി ഗോഹത്യക്കെതിരെ നടത്തുന്ന വർധിച്ചുവരുന്ന ആക്രമണങ്ങളാണ്. 
തന്റെ ജോലി മറ്റുള്ളവരുടേതിനെക്കാൾ മോശമാണെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്ന് മീററ്റിൽ പന്ത് നിർമാണ ജോലിക്കാരനായ 32 വയസ്സുള്ള ബണ്ടി സാഗർ പറയുന്നു. കുടുസ്സായ മുറിയിൽ മറ്റു പത്തോളം പേർക്കൊപ്പമിരുന്നാണ് കോർക്ക് ബോളിൽ ബണ്ടി സാഗർ തുകൽ തുന്നിച്ചേർക്കുന്നത്. 
മറ്റ് ഇന്ത്യക്കാരെപ്പോലെ സാഗറും ക്രിക്കറ്റ് പ്രേമിയാണ്. പക്ഷെ താൻ നിർമിക്കുന്ന പന്തുകൾ ഉപയോഗിച്ച് കളിക്കാർ കോടികൾ സമ്പാദിക്കുന്നതൊന്നും കാണാൻ സാഗറിന് സമയമില്ല. അത്രമാത്രം ജോലി ചെയ്താലേ കുടുംബം നോക്കാനാവൂ. ഒരു ദിവസം പോലും അവധിയില്ലാതെ ജോലി ചെയ്താലേ അടുപ്പ് പുകയൂ എന്ന് സാഗർ പറയുന്നു. 
ഇന്ത്യയിൽ നിർമിക്കുന്ന ക്രിക്കറ്റ് പന്തുകളിൽ മഹാഭൂരിഭാഗവും മീററ്റിലെ ഫാക്ടറികളിൽ നിന്നാണ് പുറത്തുവരുന്നത്. ഇന്ത്യൻ ടീമിന്റെ ഹോം ടെസ്റ്റുകൾക്കുള്ള ചുവന്ന പന്തുകൾ നിർമിക്കുന്നത് സാൻസ്പറെയ്ൽസ് ഗ്രീൻലാന്റ്‌സാണ് (എസ്.ജി). സ്റ്റെയ്റ്റ് അസോസിയേഷനുകൾക്ക് പന്ത് നിർമിച്ചു നൽകുന്നത് മറ്റു കമ്പനികളും. മീററ്റിന്റെ സാമ്പത്തിക ഘടന പന്ത് നിർമാണത്തെ ആശ്രയിച്ചു നിൽക്കുന്നു. മുന്നൂറ്റമ്പതോളം കമ്പനികൾ അവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. കുറഞ്ഞ പ്രതിഫലമാണ് ഈ വ്യവസായത്തെ ലാഭകരമായി നിലനിർത്തുന്നത്. മറ്റു രാജ്യങ്ങളിൽ യന്ത്രം ഉപയോഗിച്ച് നിർമിക്കുന്ന പന്തുകൾക്ക് വില കൂടുതലാണ്. 
ഹിന്ദു ജാതിഘടനയുടെ അടിത്തട്ടിലുള്ള യാദവ സമുദായമാണ് പന്ത് നിർമാണ ജോലിയിൽ പ്രധാനമായും ഉള്ളത്. മീററ്റിലെ മിക്ക ഫാക്ടറി മുറികളും അയിത്തം നിയമം മൂലം നിരോധിക്കാൻ മുൻകൈയെടുത്ത ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറുടെ ചിത്രമുണ്ട്. ഇന്ന് യാദവ കുടുംബങ്ങൾ തങ്ങളുടെ മക്കളെ മറ്റു ജോലികളിലേക്ക് വിടാനാണ് താൽപര്യം കാണിക്കുന്നത്. തൊഴിലില്ലായ്മ പ്രശ്‌നം രൂക്ഷമായതോടെ ഉയർന്ന ജാതിക്കാരും മുൻകാലത്ത് മ്ലേഛമെന്നു കരുതിയ ഈ തൊഴിലിലേക്ക് യഥേഷ്ടം കടന്നുവരുന്നുണ്ട്. 
ഇന്ത്യാ വിഭജനത്തെത്തുടർന്ന് പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ നിന്ന് രക്ഷപ്പെട്ടു വന്നവരാണ് മീററ്റിലെ വിദഗ്ധ തൊഴിലാളികളുടെ മുൻഗാമികൾ. ഇന്ന് ഫാക്ടറി ഉടമകളിൽ വലിയ വിഭാഗം മുസ്ലിംകളാണ്. അതുകൊണ്ടു തന്നെ അവയ്‌ക്കെതിരെ സംഘപരിവാർ ശക്തികളിൽനിന്ന് വ്യാപകമായ ആക്രമണമുണ്ട്. ഉണക്കിയ തുകലിന് ഈയിടെയായി 50 ശതമാനത്തോളമാണ് വില വർധിച്ചതെന്ന് ഫാക്ടറി ഉടമ ഭൂപേന്ദർ സിംഗ് പറയുന്നു. തുകൽ പശുക്കളുടേതല്ലെന്ന് ആവർത്തിച്ച് ഉറപ്പിക്കാൻ ഫാക്ടറി ഉടമകൾ നിർബന്ധിതരാവുന്നു. 
ക്രിക്കറ്റ് ബോളുകൾ മാത്രമല്ല ഷൂവും ബെൽറ്റും പേഴ്‌സും ബാഗും നിർമിക്കുന്നത് തുകൽ കൊണ്ടല്ലേയെന്ന മറ്റൊരു ഫാക്ടറി ഉടമ ആശിഷ് മട്ട ചോദിക്കുന്നു. 
 

Latest News