Sorry, you need to enable JavaScript to visit this website.

ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്; കെ.ജി. ജോര്‍ജിന്റെ ഭാര്യയെ കുറിച്ച് പറയുന്നത് ശരിയല്ല

കൊച്ചി- സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ അവസാന നാളുകളില്‍ കുടുംബം അദ്ദേഹത്തെ കൈവിട്ടിരുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ തള്ളി ജോര്‍ജ് അവസാന വര്‍ഷങ്ങള്‍ ചെലവഴിച്ചിരുന്ന
സിഗ്‌നേച്ചര്‍ ഏജ്ഡ് കെയറിന്റെ സ്ഥാപകന്‍ അലക്‌സ്.
വര്‍ഷങ്ങളായി കാക്കനാടുള്ള സിഗ്‌നേച്ചര്‍ ഏജ്ഡ് കെയര്‍ സ്ഥാപനത്തിലായിരുന്നു ജോര്‍ജിന്റെ ജീവിതം.  ടോക്‌സ് ലെറ്റ് മി ടോക് എന്ന ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ് ഇവിടെ എത്താനുള്ള സാഹചര്യം അലക്‌സ്  വെളിപ്പെടുത്തിയത്.

എന്റെ പേര് അലക്‌സ്.  ഞാന്‍ സിഗ്‌നേച്ചര്‍ ഏജ്ഡ് കെയര്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ്.  പ്രായമുള്ളവര്‍ കിടപ്പായവര്‍ മുഴുവന്‍ സമയം ശുശ്രൂഷ വേണ്ടവര്‍, മരണാസന്നരായവര്‍ തുടങ്ങിയ അവസ്ഥയിലുള്ളവരെ താമസിപ്പിച്ച് പ്രഫഷനല്‍ ആയി ശുശ്രൂഷ കൊടുക്കുന്ന സ്ഥാപനമാണിത്.  ഏകദേശം നൂറ്റി അന്‍പതോളം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.  പരസഹായം ആവശ്യമുള്ളവരെ താമസിപ്പിക്കുന്ന സ്ഥാപനമാണ് സിഗ്‌നേച്ചര്‍ ഏജ്ഡ് കെയര്‍ സെന്റര്‍.      

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

2018ലാണ് കെ.ജി. ജോര്‍ജ് ഞങ്ങളുടെ സ്ഥാപനത്തില്‍ എത്തുന്നത്.  അന്ന് സ്‌ട്രോക്ക് വന്ന് റീഹാബിലിറ്റേഷനു വേണ്ടി വന്നതാണ്.  ദിവസവും ഫിസിയോ തെറാപ്പി ഒക്കെ കൊടുക്കുന്നുണ്ടായിരുന്നു. മൂന്നു വര്‍ഷം വലിയ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ പോയി.  പിന്നെ പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളും മറവിയും കൂടി വന്നു.  കഴിഞ്ഞ ആറേഴ് മാസമായി പൂര്‍ണമായും കിടപ്പായിരുന്നു.  കഴിക്കാന്‍ ബുദ്ധിമുട്ടായി, ട്യൂബില്‍ കൂടി ആഹാരം കൊടുത്തു, ട്രക്കിയോസ്റ്റമി ചെയ്യേണ്ടി വന്നു. അങ്ങനെ കുറച്ചു ബുദ്ധിമുട്ടിലായിരുന്നു. സെപ്റ്റംബര്‍ 24 ന് രാവിലെ പത്തേകാലോടു കൂടി അദ്ദേഹം വിടപറഞ്ഞു. കുറെ നല്ല സിനിമകളൊക്കെ ചെയ്ത ആളാണ്, അങ്ങനെ ഒരു കാലഘട്ടം അവസാനിക്കുകയാണ്.  

ഇവിടെ ആരോഗ്യമായി ഇരിക്കുന്ന സമയത്തൊക്കെ സിനിമ കാണല്‍ ആയിരുന്നു പ്രധാന ഹോബി.  മുറിയില്‍ എപ്പോഴും ടിവി ഓണ്‍ ആയിരിക്കും.  പല പല സിനിമകള്‍ ഇങ്ങനെ കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുക എന്നതായിരുന്നു പ്രധാന വിനോദം.  അതില്‍ സ്വന്തം സിനിമകളും ചിലപ്പോള്‍ വരാറുണ്ട്. പഞ്ചവടി പാലം ഒക്കെ ഇരുന്നു കാണുന്നത് കണ്ടിട്ടുണ്ട്.  ചിലപ്പോഴൊക്കെ എന്നെയും വിളിച്ച് കൂടെ ഇരുത്തും. ഇടക്കിടെ മറവി ഉണ്ടായിരുന്നു.

ഒരു സ്‌റ്റേജ് കഴിഞ്ഞാല്‍ വീടുകളില്‍ രോഗികളെ നോക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ചു കാലിനു ബലക്കുറവ് ഉണ്ടായിരുന്നു. എഴുന്നേക്കാനും നടക്കാനും പറ്റില്ല. വാക്കറിന്റെ സഹായത്തോടെ കാല് വലിച്ചു വലിച്ചാണ് നടന്നിരുന്നത്.  അദ്ദേഹത്തിന്റെ ഭാര്യയും പ്രായമായതാണ് അവര്‍ക്ക് നോക്കാന്‍ ബുദ്ധിമുട്ടായിരുന്നു അതൊക്കെ കൊണ്ടായിരിക്കും ഇവിടെ കൊണ്ട് ആക്കിയത്.  അദ്ദേഹം ഇവിടെ സന്തോഷവാനായിട്ടാണ് കഴിഞ്ഞത്. എല്ലാറ്റിനോടും സഹകരിക്കുമായിരുന്നു. എല്ലാവരും കടന്നുപോകേണ്ട ഒരു സമയം വരും ഇപ്പോള്‍ അദ്ദേഹത്തിന്റെ സമയം ആയി.

ഭാര്യയും മക്കളുമൊക്കെ ഇടയ്ക്കിടെ വരുമായിരുന്നു. ഒരു കുഴപ്പവും ഇല്ലായിരുന്നു.  വൃദ്ധസദനത്തില്‍ കൊണ്ടാക്കി എന്ന് പറഞ്ഞു പുച്ഛിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു കുഴപ്പമാണ്. പണ്ടൊരിക്കല്‍ പ്രായമായവരുടെ ഒരു കൂട്ടായ്മ നടത്തിയപ്പോള്‍ ഞങ്ങള്‍ ഇവിടെ നിന്ന് അദ്ദേഹത്തെ ഉള്‍പ്പടെ കൊണ്ടുപോയിരുന്നു.  അന്നും അദ്ദേഹത്തെ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചു എന്നൊക്കെ ചിലര്‍ പടച്ചു വിട്ടിരുന്നു.  പ്രായമായവര്‍ക്ക് നല്ല ശുശ്രൂഷ കിട്ടണമെന്ന് ആഗ്രഹിച്ചാണ് ഇവിടെ കൊണ്ട് ആക്കുന്നത്.

ഡോക്ടര്‍മാര്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് സ്ഥിരമായി ചെക്കപ്പ് ചെയ്തു ചികിത്സ കൊടുക്കാറുണ്ട്. കെ.ജി. ജോര്‍ജ് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുള്ള അവസരമൊക്കെ കഴിഞ്ഞു പോയിരുന്നു. നടക്കാന്‍ കഴിയില്ല, ട്യൂബില്‍ കൂടി ആണ് ആഹാരമൊക്കെ കൊടുത്തിരുന്നത്.  ഫെഫ്കയിലെ പ്രവര്‍ത്തകര്‍, പിന്നെ രണ്‍ജി പണിക്കര്‍ സര്‍, സിനിമാ താരങ്ങളില്‍ ചിലര്‍ ഒക്കെ വിളിക്കുകയും കാണാന്‍ വരുകയും ചെയ്തിരുന്നു. അദ്ദേഹം മരിക്കുമ്പോള്‍ ദഹിപ്പിക്കുന്നതാണ് ഇഷ്ടം എന്ന് എന്നോട് പറഞ്ഞിരുന്നു.

നമ്മുടെ നാടിന്റെ അവസ്ഥ വച്ച് വീട്ടില്‍ ആളെ നിര്‍ത്തി നോക്കുന്നതിന് ബുദ്ധിമുട്ടുണ്ട്, നോക്കാന്‍ കിട്ടുന്നവര്‍ നല്ല ആളുകള്‍ ആണോ എന്ന് പറയാനും കഴിയില്ല.  ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന ചൊല്ല് പോലെ വല്ലവരുടെയും കാര്യത്തില്‍ അഭിപ്രായം പറയാന്‍ എളുപ്പമാണ്. സ്വന്തം കാര്യം വരുമ്പോഴേ അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസിലാകൂ.  ഇങ്ങനെ ഉള്ള സ്ഥാപനങ്ങള്‍ക്ക് രോഗിക്ക് എന്താണ് വേണ്ടതെന്ന് അറിഞ്ഞു ചെയ്യാന്‍ കഴിയും. വീട്ടിലാണെങ്കില്‍ വേണ്ട വൈദ്യ സഹായം കൊടുക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ നല്ല സൗഖ്യമായിട്ടാണ് ഇവിടെ പ്രായമായവര്‍ കഴിയുന്നത്- അലക്‌സ് പറയുന്നു.

 

 

Latest News