ഖത്തറിൽ പൂരം തീർത്ത് മലയാളി സമാജം ഓണാഘോഷം; മേളധ്വനി പഞ്ചാരിമേളം

ദോഹ- ഖത്തറിൽ പൂരം തീർത്ത് മേളധ്വനി മേജർ സെറ്റ് പഞ്ചാരിമേളം അരങ്ങേറി. ഖത്തറിലെ മലയാളി കൂട്ടായ്മയായ ഖത്തർ മലയാളി സമാജം പോഡാർ പേൾ സ്‌കൂളിൽ ഒരുക്കിയ ഓണാഘോഷത്തിന്റെ ഭാഗമായാണ് ഖത്തറിലെ മലയാളി കലാകാരന്മാർ മേളധ്വനി മേജർ സെറ്റ് പഞ്ചാരിമേളം കൊണ്ട് നാട്ടിലെ ആഘോഷങ്ങളുടെ പരിസരമൊരുക്കിയത്.
കഴിഞ്ഞ ഓണക്കാലത്ത് 3 പേരിൽ തുടങ്ങിയ മേളധ്വനി വാദ്യ സംഘം ഇപ്പോൾ 30 ൽപരം കലാകാരൻമാർ ചേർന്ന് വലിയ മേജർ സെറ്റ് ആയി വളർന്നിരിക്കുകയാണ്. കേരളത്തിന്റെ പല ഭാഗത്ത് നിന്നും പല ശൈലിയിൽ ചിട്ടയായി ചെണ്ട വാദ്യം അഭ്യസിച്ചവരും, ഖത്തർ കലാക്ഷേത്രയിൽ നിന്ന് ചെണ്ട പഠിച്ച് കൊണ്ടിരിക്കുന്നവരും ചേർന്നതാണ് ഈ മേളധ്വനി മേജർ സെറ്റ്. കലാക്ഷേത്രയിലെ ചെണ്ട അധ്യാപകനും ഫോട്ടോഗ്രഫിയിൽ അന്താരാഷ്ട്ര പുരസ്‌കാര ജേതാവുമായ അജീഷ് പുതിയടത്തും മേളത്തിന്റെ പ്രധാന പ്രമാണി ജിതേഷ് ആർ.നായരും ആണ് വാദ്യ സംഘം നയിച്ച് വരുന്നത്.
കൂടാതെ ഇടംതല വിനോദ് കെ.ആർ, വിഷ്ണു ആർ.വിജയൻ, കാർത്തിക് വേണുഗോപാൽ, പ്രണവ്, ശ്യാം ലാലു, സിബി, ശ്യാം വയനാട്, ശരത്ത് സച്ചു എന്നിവരും, വലം തല നിരഞ്ജൻ, ശരത്ത്, സുബിൻ, രാജേഷ് രജീഷ്, ഹിരൺ, റോയ് തോമസ്, അനൂപ് എന്നിവരും ഇലത്താളം ഗോപി കൃഷ്ണൻ, ജിതേഷ് തൃപ്രയാർ, അനൂപ് കെ.അപ്പു, അനൂപ്, ശരത്ത് കണ്ണൻ, കുറുകുഴൽ ശരഞ്ജിത്ത്, സുജീഷ്, കൊമ്പ് റിജോയ്, ഭാരത്ത് തുടങ്ങിയവരും ചേർന്നാണ് മേജർ സെറ്റ് പഞ്ചാരിമേളം ശ്രദ്ധേയമാക്കിയത്. ഖത്തറിൽ ആദ്യമായാണ് ഇത്രയും വലിയ മേജർ സെറ്റ് ചെണ്ട മേളം നടക്കുന്നത്.
കലാക്ഷേത്രയിൽ പുതിയ ചെണ്ട ബാച്ച് ഈ വരുന്ന വിജയ ദശമി നാളിൽ തുടങ്ങും. നിലവിൽ 8 പേർ അജീഷിന്റെ കീഴിൽ ചെണ്ട അഭ്യസിച്ച് വരുന്നുണ്ട്. ബിർള സ്‌കൂളിലെ 5-ാം ക്ലാസ് വിദ്യാർഥി നിരഞ്ജൻ ആയിരുന്നു മേളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരൻ.

Tags

Latest News