ജയിലില്‍ സുഹൃത്തുക്കളായി, വീട്ടിലെത്തി ഭാര്യയെ പീഡിപ്പിച്ചു; പ്രതിക്ക് 15 വര്‍ഷം തടവ്

മഞ്ചേരി-മോഷണക്കേസില്‍ ജയിലില്‍ കഴിയുന്ന സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത 47കാരനെ മഞ്ചേരി അതിവേഗ സ്പെഷല്‍ കോടതി (രണ്ട്) പതിനഞ്ചു വര്‍ഷം തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.   മഞ്ചേരി കരുവമ്പ്രം  ചാടിക്കല്ല് മങ്കരത്തൊടി മുഹമ്മദി(47)നെയാണ് ജഡ്ജി എസ്.രശ്മി ശിക്ഷിച്ചത്.  2022 സെപ്തംബര്‍ 14ന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം.  കൊലക്കേസില്‍ ജയിലില്‍ കഴിയവെയാണ് പരാതിക്കാരിയുടെ ഭര്‍ത്താവുമായി പ്രതി സൗഹൃദത്തിലാകുന്നത്.  ജാമ്യത്തിലിറങ്ങിയ പ്രതി സഹൃത്തിന്റെ ഭാര്യ താമസിക്കുന്ന സ്ഥലത്തെത്തി  സഹായം വാഗ്ദാനം ചെയ്തു.  തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം ബലാത്സംഗത്തിന് പത്തു വര്‍ഷം കഠിന തടവ്, പതിനായിരം രൂപ പിഴ, പിഴയടക്കാത്ത പക്ഷം നാലുമാസത്തെ അധിക തടവ്, 506 വകുപ്പ് പ്രകാരം ഭീഷണിപ്പെടുത്തിയതിന് ഒരു വര്‍ഷം കഠിന തടവ്, 450 വകുപ്പ് പ്രകാരം വീട്ടില്‍ അതിക്രമിച്ചു കയറിയതിന് മൂന്നു വര്‍ഷം കഠിന തടവ്, 5000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസത്തെ അധിക തടവ്, 342 പ്രകാരം തടഞ്ഞുവച്ചതിന് ഒരു വര്‍ഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ.  തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും പ്രതി പിഴയക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസിന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നു വിടുന്നപക്ഷം പ്രതി, അതിജീവിതയെ അപകടപ്പെടുത്താനും സ്വാധീനിക്കുവാനും സാധ്യതയുള്ളതിനാല്‍ പോലീസിന്റെ അപേക്ഷ പ്രകാരം നാളിതുവരെ ജാമ്യം അനുവദിച്ചിരുന്നില്ല.  പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍ മനോജ് 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.   സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയിഷ കിണറ്റങ്ങല്‍ ആയിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്‌സണ്‍ ഓഫീസര്‍.  പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

 

Latest News