ചെറുവത്തൂരില്‍ വിവാഹത്തിനു വിസമ്മതിച്ച കാമുകിയെ കൊന്ന് കുഴിച്ചു മൂടി, രണ്ട് പ്രതികള്‍ കുറ്റക്കാര്‍

കാസര്‍കോട്-ചെറുവത്തൂരില്‍ ഹോം നഴ്‌സിങ് സ്ഥാപനം നടത്തി വന്ന തൃക്കരിപ്പൂര്‍ ഒളവറയിലെ  രജനിയെ (35) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി വാഹനത്തില്‍ കയറ്റി കൊണ്ടു പോയി  കുഴിച്ചുമൂടിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി  കണ്ടെത്തി. മുഖ്യപ്രതി നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സതീശന്‍ (41) രണ്ടാംപ്രതി ചെറുവത്തൂര്‍ മദര്‍ തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ മാഹിയിലെ ബെന്നി വരെയാണ് കാസര്‍കോട്  ജില്ലാ സെഷന്‍സ് കോടതി ഒന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഇവര്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. 2014 സെപ്റ്റംബര്‍ 12 ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ രജനിയെ ദിവസങ്ങള്‍ കഴിഞ്ഞാണ് പറമ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. രജനിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവന്നത്. പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്നത്തെ നീലേശ്വരം സി.ഐ ആയിരുന്ന യു. പ്രേമന്‍ അന്വേഷണം ഏറ്റെടുത്ത് രജനിയുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സതീശനും രജനിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. സംഭവ ദിവസം ചെറുവത്തൂരിലെ ഹോം നഴ്‌സിംഗ് സ്ഥാപനത്തില്‍ വച്ച് സതീശനുമായി രജനി വിവാഹ കാര്യം സംസാരിച്ചു. എന്നാല്‍ വിവാഹബന്ധം സതീശന്‍ അംഗീകരിച്ചില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. നവമ്പര്‍ 12 ന് പുലര്‍ച്ചെ മൂന്നുമണിയോടെ രജനിയെ സതീശന്‍ അടിക്കുകയും അടികൊണ്ട് രജനി വാതിലില്‍ തലയിടിച്ച് വീഴുകയും ചെയ്തു. അടിയേറ്റു വീണ രജനിയെ സതീശന്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. പിന്നീട് ബെന്നിയെ വിളിച്ചുവരുത്തി മൃതദേഹം വാഹനത്തില്‍ കയറ്റി നീലേശ്വരം കണിചിറയില്‍ ഉള്ള സതീശന്‍ മുമ്പ് താമസിച്ചിരുന്ന വീട്ടിനു സമീപമുള്ള കാടുപിടിച്ച പറമ്പില്‍ എത്തിച്ചു. അന്നു രാത്രി തന്നെ സതീശന്‍ തന്റെ സുഹൃത്തുക്കളില്‍ നിന്നും മണ്‍വെട്ടി വാങ്ങി മൃതദേഹം കുഴിച്ചുമൂടിയെന്നും പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ഒക്ടോബര്‍ 20 ന് ആണ് പൊലീസ്  മൃതദേഹം പുറത്തെടുത്തത്. ഡിസംബര്‍ 23 ന് 400 പേജ് ഉള്ള കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ  വേളയില്‍ 47 സാക്ഷികളെ കോടതി വിസ്തരിക്കുകയും 92 രേഖകള്‍ തെളിവായി സ്വീകരിക്കുകയും ചെയ്തു. അന്നത്തെ കാസര്‍കോട് എസ്. പി  തോംസണ്‍ ജോസിന്റെ  മേല്‍നോട്ടത്തില്‍ സി.ഐ പ്രേമനും സംഘവുമാണ് കേസ് തെളിയിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. ചന്തേര എസ്‌ഐ. ആയിരുന്ന പി. ആര്‍ മനോജ്  ഗ്രേഡ് എസ്. ഐ . മോഹനന്‍, ദിവാകരന്‍  കുമാരന്‍ ദിനേശ് രാജ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി  ജില്ല അഡീഷണല്‍ പ്രോസിക്യൂട്ടര്‍  ലോഹിതാക്ഷനും രാഘവനും ഹാജരായി.

 

Latest News