പാട്ടിന്റെ 'പട്ടുറുമാൽ', ജീവിതത്തിന്റെ ജുഗൽബന്ദി

ആലാപനവഴിയിൽ സർഗസഞ്ചാരം തുടരുന്ന കണ്ണൂർ മമ്മാലി - ഹസീനാ ബീഗം ദമ്പതികൾ ഉംറയുടെ നിർവൃതിയിൽ ജിദ്ദയിൽ കേരള മാപ്പിള കലാ അക്കാദമിയുടെ സ്വീകരണം

മാപ്പിളപ്പാട്ട് ഗാനശാഖയിൽ ആനന്ദമകരന്ദം ചൊരിയുന്ന രണ്ടു പ്രശസ്ത സംഗീതജ്ഞരാണ് കണ്ണൂർ മമ്മാലിയും ഹസീനാ ബീഗവും. ഇരുവരും പരിചയത്തിലായതും പ്രണയബദ്ധരായതും കൈരളി ടി.വിയുടെ പ്രസിദ്ധമായ പട്ടുറുമാൽ മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ. 2009 - ലെ പട്ടുറുമാൽ സെക്കന്റ് സീസണിലാണ് കണ്ണൂർ കമ്പിൽ പാട്ടയം സ്വദേശി മുഹമ്മദാലി എന്ന മമ്മാലിയും കായംകുളം ആദിക്കാട്ടുകുളങ്ങരയിലെ ഹസീനാ ബീഗവും കണ്ടുമുട്ടിയതും പാട്ടിന്റെ ഇടവേളകളിൽ പ്രണയത്തിന്റെ ഈരടികൾ മൂളിയതും. പട്ടുറുമാൽ സെമിഫൈനൽ വരെയെത്തിയ ഇരുവരും പിന്നീട് വിവാഹിതരായി. ഹസീന കണ്ണൂരിലേക്ക് താമസം മാറ്റുകയും ഇരുവരും പിന്നീട് ഗാനമേളകളിൽ ഒരുമിച്ചുപാടുകയും ചെയ്തു. ഗവ. ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിക്കുന്ന ഹസീനാബീഗം പാടിയ പ്രസിദ്ധമായ നിരവധി പാട്ടുകൾ ഇന്നും ആസ്വാദകരുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല.
- ഹർബ് നരർ അമരസുരർ.. എന്ന ചടുലവേഗതയിലുള്ള ബദർ പടപ്പാട്ട് അതിമനോഹരമായാണ് ഹസീന ആലപിക്കാറുള്ളത്. ഈ പാട്ട് തന്നെയായിരുന്നു കൈരളി പട്ടുറുമാലിലേക്കുള്ള അവരുടെ എൻട്രിക്ക് വഴിതെളിച്ചത്. 


മൂന്നു പതിറ്റാണ്ടായി സംഗീതരംഗത്ത് സജീവമാണ് മമ്മാലി. കഥാപ്രസംഗത്തിലൂടെയാണ് തുടക്കം. ഇസ്‌ലാമിക ചരിത്രകഥകൾ പാടിയും പറഞ്ഞും ജനങ്ങളെ കൈയിലെടുക്കാനുള്ള മമ്മാലിയുടെ കഴിവ് കണ്ടെത്തിയത് തന്റെ സ്‌കൂളിലെ അറബിക് അധ്യാപകനായ ഒ.എ.കെ എന്ന ഒ. അബ്ദുൽഖാദർ മാഷാണ്. കഥാപ്രസംഗവേദികളിൽ നിറഞ്ഞുനിന്ന മമ്മാലി കണ്ണൂർ ജില്ലയ്ക്ക് പുറത്തും നിരവധി പരിപാടികൾ അവതരിപ്പിച്ചു. സുബൈർ തോട്ടിക്കലും നല്ല പിന്തുണ നൽകി. പിന്നീടാണ് ഗാനാലാപനരംഗത്തേക്ക് എത്തുന്നത്. മാപ്പിളപ്പാട്ടിന്റെ സ്വരസുകൃതവുമായി കേരളത്തിനകത്തും പുറത്തും മമ്മാലിയും ഹസീനയും സഞ്ചരിച്ചു. ഇതിനകം എല്ലാ ജി.സി.സി രാജ്യങ്ങളിലും പരിപാടികൾ അവതരിപ്പിച്ചു. ഇന്ന് (വെള്ളി) ദമാമിലും നാളെ അബുദാബിയിലും സഹൃദയ സദസ്സുകളിൽ മമ്മാലിയും ഹസീനയും പാടും. 
വി.എം. കുട്ടി, വിളയിൽ ഫസീല, എരഞ്ഞോളി മൂസ, പീർ മുഹമ്മദ്, കഴിഞ്ഞ ദിവസം അന്തരിച്ച ആലപ്പുഴ റംലാ ബീഗം തുടങ്ങിയവരോടൊപ്പമെല്ലാം മമ്മാലി പാടി. എല്ലാം ഗുരുഭൂതന്മാരുടെ പുണ്യം എന്നാണ് വിനയാന്വിതനായ ഈ ഗായകൻ പറയുന്നത്. നാലായിരത്തോളം വേദികളിൽ കഥാപ്രസംഗവും ആയിരത്തിലധികം വേദികളിൽ ഗാനമേളകളും അവതരിപ്പിച്ചു. നിരവധി ആൽബങ്ങൾ പുറത്തിറക്കി. യുട്യൂബിൽ തരംഗം സൃഷ്ടിച്ച ഗായകനാണ് മമ്മാലി. ആലാപനത്തോടൊപ്പം ഗാനരചനയിലും മമ്മാലി മിടുക്ക് തെളിയിച്ചു. എഴുത്തിനോട് ബാല്യം തൊട്ടേ കമ്പമുണ്ടായിരുന്നു.
ഇതിനകം ഇരുന്നൂറോളം പാട്ടുകളെഴുതി. സുജാത, വിധുപ്രതാപ്, അഫ്‌സൽ, രഹ്ന, സിബെല്ല എന്നിവരെല്ലാം മമ്മാലി എഴുതിയ പാട്ടുകൾക്ക് ഗാനാവിഷ്‌കാരം നൽകിയിട്ടുണ്ട്. പിറന്ന മണ്ണിലെ ഇരുളകറ്റാൻ എന്നു തുടങ്ങുന്ന മതസൗഹാർദ്ദഗാനം മമ്മാലിയുടേയും ഹസീനയുടേയും മാസ്റ്റർപീസാണ്. 
ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് 'ഇനി വിശ്രമിക്കുക, പ്രിയ നേതാ, ഇനി വിശ്രമിക്കുക, ഇനിയൊന്നുറങ്ങുക, ആ കണ്ണിലെ ക്ഷീണമകറ്റാൻ.. ' എന്നു തുടങ്ങുന്ന ഗാനം മമ്മാലി എഴുതുകയും പാടുകയും ചെയ്തു. കവിതയുടെയും കൽപനകളുടേയും പൂമ്പൊടി നിറഞ്ഞ വരികളാണ് മമ്മാലിയുടെ മിക്ക രചനകളും. മെഹന്തി, സുഗന്ധി, സ്വർണത്തേര് തുടങ്ങിയ ബിംബങ്ങൾ ചില ഗാനങ്ങളിൽ തെളിഞ്ഞുവരുന്നുണ്ട്. മമ്മാലിയെഴുതിയ നൂറ്റമ്പത് ഗാനങ്ങളുൾപ്പെടുത്തി കോഴിക്കോട് ലിപി ബുക്‌സ് പുറത്തിറക്കുന്ന കാവ്യസമാഹാരം ഷാർജാ ബുക് ഫെയറിൽ ഉടനെ പ്രസാധനം ചെയ്യും. മലബാർ സൗഹൃദവേദിയുടെ സോഷ്യൽ യൂത്ത് സെന്റർ അവാർഡ് (ഗായകൻ പീർമുഹമ്മദിന്റെ പേരിലുള്ള പീർ കോ പ്യാർ പുരസ്‌കാരങ്ങളുടെ ഭാഗം), ഇശൽ മലയാളി, എ. ഉമർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഇതിനകം മമ്മാലിക്ക് ലഭിച്ചു. മമ്മാലിക്കും ഹസീനാ ബീഗത്തിനും മൂന്ന് മക്കൾ: ദുൽഖിഫ്‌ലി, അലൂഫ് അലി, ഡാല അലി. 

Latest News