കൊച്ചി- പ്രശസ്ത കന്നഡ താരം രാജ് ബി. ഷെട്ടി നായകനായെത്തിയ ടോബി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന് രണ്ടാം വാരത്തിലേക്കു കടക്കുന്നു. പ്രേക്ഷക പ്രശംസയും നിരൂപക പ്രീതിയും കേരളത്തിലും കരസ്ഥമാക്കിയ ടോബിയുടെ സംവിധായകന്‍ ബാസില്‍ എ. എല്‍. ചാലക്കല്‍ ആണ്.
സിനിമയുടെ ആദ്യ വാര വിജയാഘോഷം തിരുവനന്തപുരത്തു കഴിഞ്ഞ ദിവസമാണ് നടന്നത്. വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ രാജ് ബി. ഷെട്ടിക്കും സംവിധായകനും നല്‍കിയത്. മലയാളം നന്നായി സംസാരിക്കുന്ന കേരളത്തെ ഇഷ്ടപ്പെടുന്ന രാജ് ബി. ഷെട്ടി ടോബിയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിക്കഴിഞ്ഞു. രണ്ടാം വാരത്തിലും മുപ്പതിലധികം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നു.
കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈമുതലുള്ള ടോബിയില്‍ മലയാളിയായ മിഥുന്‍ മുകുന്ദന്റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രന്‍ സംഗീതവും പ്രേക്ഷകരെ തിയേറ്ററില്‍ ആകര്‍ഷിക്കുന്ന ഘടകമാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാര്‍ന്ന പ്രകടനമാണ് ചിത്രത്തില്‍ സമ്മാനിക്കുന്നത്. രാജ് ബി. ഷെട്ടി, ചൈത്ര ജെ ആചാര്‍, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.






