ശിക്ഷ വിധിക്കാന്‍ എടുത്തത് 40 വര്‍ഷം; ഒടുവില്‍ 75 കാരനായ അഭിഭാഷകന് സുപ്രീം കോടതി ജാമ്യവും

ന്യൂദല്‍ഹി- 1983 ല്‍ നടന്ന ബലാത്സംഗ, കൊലപാതകക്കേസില്‍ 40 വര്‍ഷത്തിനുംശേഷം ശിക്ഷിക്കപ്പെട്ട 75കാരന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
വിചാരണയിലുണ്ടായ 40 വര്‍ഷത്തെ കാലതാമസവും കേസിന്റെ സവിശേഷതയും പരിഗണിച്ചാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക്കയും പങ്കജ് മിത്തലും അടങ്ങുന്ന ബെഞ്ച് വയോധികന് ജാമ്യം അനുവദിച്ചത്.
സംഭവം 1983 ലാണ് നടന്നതെന്നതിനു പുറമെ അപ്പീല്‍ നല്‍കിയ പ്രതിയുടെ ഇപ്പോഴത്തെ പ്രായം കണക്കിലെടുത്തുമാണ്  ഹൈക്കോടതിക്ക് മുമ്പാകെയുള്ള അപ്പീലില്‍ ഉചിതമായ തീര്‍പ്പാകന്നതുവരെ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതെന്ന് ബെഞ്ച് പറഞ്ഞു.
സാധാരണഗതിയില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് സമയം നിശ്ചയിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കാറില്ലെങ്കിലും വിചാരണയിലെ 40 വര്‍ഷത്തെ കാലതാമസം കണക്കിലെടുത്ത് നിയമാനുസൃതമായി അപ്പീല്‍ തീര്‍പ്പാക്കുന്നതിന് ഹൈക്കോടതി മുന്‍ഗണന നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.
കേസ് മാറ്റിവെക്കാന്‍ ഹരജിക്കാരന്‍ അനാവശ്യമായി ശ്രമിക്കരുതെന്നും  അപ്പീല്‍ നേരത്തേ തീര്‍പ്പാക്കുന്നതിന് ഹൈക്കോടതിയുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അപ്പീലില്‍ വാദം കേള്‍ക്കുന്നത് പ്രതി വൈകിക്കുകയാണെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ പോലീസിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാമെന്നും ജഡ്ജിമാര്‍ പറഞ്ഞു.

അഭിഭാഷകനായ പ്രതിയാണ് 40 വര്‍ഷത്തെ കാലതാമസത്തിന് ശേഷം കഴിഞ്ഞ ഏപ്രിലില്‍ ശിക്ഷിക്കപ്പെട്ടത്. വിചാരണ കാലയളവില്‍ മുഴുവന്‍ ഇയാള്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. വിധി തെറ്റാണെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കി ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണമെന്ന ഹരജി കല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ മേയില്‍ തള്ളിയിരുന്നു.

 

 

Latest News